.....എന്താണ് അടുത്ത സമരമുറ? .......


.....എന്താണ് അടുത്ത  സമരമുറ? .......


ഉള്ളിൽനിന്നുള്ളതല്ലെങ്കിൽ
സമരത്തിന്റേയും
ജീവിതത്തിന്റേയും
ജീവിതസമരത്തിന്റേയും പ്രത്യയശാസ്ത്രം
സ്കൂൾ ക്കുട്ടികളെപോലെ  
തോളിൽ കയ്യിട്ടു
നടന്നു പോകില്ല.

മഴത്തുള്ളികൾ കെട്ടിപ്പിടിച്ച്
താഴ്ച യിലേക്കു കുതിക്കുമ്പോലെ
അവ
ഇളകിയിറങ്ങില്ല

ഓരോന്നും
ഓരോ ഇടി മിന്നലായ്
ഓരോ കാലത്തു  തെളിയും;
അസ്തമിക്കും

അതുകൊണ്ട്
എന്തിനു സമരം നിർത്തി?
എന്നു ചോദിക്കരുത്.

എന്താണ് അടുത്ത  സമരമുറ
എന്നു ചോദിക്കുക
ആദർശത്തിന്റെ ശവം മൂടിയ
വെളുത്ത  തുണി
അതിന്നുത്തരമായ് ലഭിച്ചെന്നിരിക്കും

ഞെട്ടരുത് .
കാരണം  
ഇനിയും സമരങ്ങൾ വരും;
മാഷമ്മാർ വരുമ്പോലെ
സ്കൂൾ മുറ്റത്തേക്ക്

മുത്തേയെന്നു വിളിച്ചു വീട്ടിലേക്കും
അടുക്കളയിലേക്കും

പൂച്ചയെപ്പോലെ
എലിയെപിടിച്ചുംകട്ടുതിന്നും തിന്നാതെയും
അവ  
വീടിനു മുന്നിൽ കുത്തിയിരിക്കാം

സമരമുള്ളിൽ നിന്നുണ്ടാകണം
ഉള്ളിൽ നിന്നുണ്ടാകാൻ
ഉള്ളിലെന്തെങ്കിലും
ഉണ്ടാവണം

No comments:

Post a Comment