ജലം
(വേനലിന് സമർപ്പിച്ച കവിത )
.......
ജലം കോശങ്ങളിൽ രഹസ്യമെഴുതുമ്പോൾ
ജീവനുണ്ടാകുന്നു
അമീബയിൽ, അരളിപ്പൂവിൽ,
മാൻ പേടയിൽ, മയിലിൽ
മണ്ണിൽ മനുഷ്യനിൽ
കവിത പോൽ ജലം
രഹസ്യമെഴുതുന്നു
ജലരസധ്വനിയായ്
അതിൽ ചലനമുണ്ടാകുന്നു
രസരഹസ്യമായ്
സൗന്ദര്യമുണ്ടാകുന്നു
ജലം മനസ്സു കവിഞ്ഞൊഴുകുമ്പോൾ
കവിയാകുന്നു
മേഘമതിൻ്റെ തല
മഴയതിൻ്റെ വിരലുകൾ
മഞ്ഞു തുള്ളിയതിൻ്റെ കണ്ണുകൾ
തടാകമതിൻ്റെ വായ
ജലം രഹസ്യമെഴുതുമ്പോൾ
ജീവികളക്ഷരമാ യിളകന്നു
കാറ്റും വെളിച്ചവുമതു വായിക്കുന്നു
ഒരോ വായനയും
ഒരോ ജീവിതമായ്
പരസ്യമാകുന്നു
---മുനീർ അഗ്രഗാമി

കാലം

കാലം
............
കാലം ,സാഹിത്യത്തിൽ
സിനിമയിൽ
ചിത്രത്തിൽ കിടന്നുറങ്ങുന്നു
നല്ല വായനക്കാരൻ
വന്നു വിളിക്കുമ്പോൾ
കാലമെഴുന്നേറ്റ്
അയാളോട് കഥ പറയുന്നു

വരികൾ പുതപ്പു കളാണ്
വാക്കുകൾ അതിലെ പുള്ളികളും
മാദ്ധ്യമം കിടക്ക .
അവ വകഞ്ഞു മാറ്റിക്കൊണ്ടാണ് കാലമെഴുന്നേൽക്കുക .
അന്നേരം
മനക്കട്ടിയില്ലാത്തവനേ
നീ
പേടിച്ചു പോകരുത്!
എന്നെ ആരാണ് ഉറക്കി ക്കിടത്തിയതെന്ന് അതു ചോദിക്കാം;
നിനക്കുണർത്താൻ വേണ്ടിയെന്ന്
നീ മറുപടി പറയണം
താരാട്ടുപാടിയവർ മരിച്ചു പോയിട്ടുണ്ടാകും
കൃതികളിൽ ശരിക്കു കിടക്കാൻ പോലും
കാലത്തിന് സാധിച്ചിട്ടുണ്ടാവില്ല
അത്രയ്ക്ക് അസ്വസ്ഥമായി
ദു:സ്വപ്നങ്ങൾ കണ്ട്
അതു ഞെട്ടിയിരിക്കാം
നീ പശുവിനെ മേച്ചു നടക്കുന്നവനോ
കുതിരപ്പുറത്തു പോകുന്നവനോ
മാട്ടിറച്ചി തിന്നവനോ ആകാം
ആരായാലും ഉണർന്നു കഴിഞ്ഞാൽ
കാലംനിനക്കൊപ്പം വരും
കിടത്തിയവരേയും
ഉറക്കിയവരേയും വിട്ട്.
വായനക്കാരാ
ആസ്വാദകാ
അതു കൊണ്ട്
നിൻ്റെ വായനകളാണിപ്പോൾ
കാലത്തിൻ്റെ വാഹനം
വായിക്കുക
വായിക്കുക
അത്
എത്ര ഭീതി ജനകമാണെങ്കിലും
നിൻ്റെ അതിജീവനം കൂടിയാണ്
---മുനീർ അഗ്രഗാമി

'പൂമരം'

'പൂമരം'
..............
നിൻ്റെ വേദനകൾ ഒപ്പിയെടുക്കുന്ന
ഒപ്പുകടലാസാണ്
എൻ്റെ ചുണ്ടുകൾ
പൂക്കളില്ലാതിരുന്ന ചെടി
വരംകിട്ടി പൂക്കുമ്പോലെ
ഓരോ ഒപ്പലിലും
നിൻ്റെ സന്തോഷത്തിൻ്റെ
മൊട്ടു വിടരുന്നു
ഞാനപ്പോൾ തേൻ കുരുവിയായി
പൂമരത്തെ അറിയുന്നു
പൂമരത്തണലിൽ നമ്മുടെ സമയം
കോഴിക്കുഞ്ഞിനെ പോലെ
ചിക്കിപ്പെറുക്കുന്നു
കാലം പരുന്തിനെ പോലെ
ആകാശത്ത്
വട്ടംചുറ്റിപ്പറക്കുന്നു
---മുനീർ അഗ്രഗാമി

മധുരം

മധുരം
............
രാത്രിയുടെ ചായക്കപ്പിൽ
വേനലുരുക്കിയൊഴിച്ച
ഏകാന്തത.
അതിൽ
കുട്ടിക്കാലത്തിൻ്റെ
മധുരം ചേർത്തിളക്കി
ഉറക്കം വരാതെ കിടക്കുമ്പോൾ,
അതു കുടിച്ചു തുടങ്ങുമ്പോൾ
ഒരു വിയർപ്പുതുള്ളി അതിൽ വീണു കാണാതായ്!
മധുരത്തിൻ്റെ മധുരവും
കാണാതെയായ്.
നിൻ്റെ കണ്ണീർ തുള്ളി
എന്നെ തിരയുന്ന പോലെ
അതു നിന്നെ തിരഞ്ഞ്
ചുഴികളിൽ
നീന്തുകയാവും
ഒരു വേനൽമഴയിൽ വെച്ച്
അവ രണ്ടും കണ്ടുമുട്ടും
അപ്പോഴേ അതു കുടിച്ചു തീരൂ
---മുനീർ അഗ്രഗാമി

കാട്ടുതീ

കാട്ടുതീ
................
ശ്രീ രാമനെ പോലെ
തീ
കാട്ടിൽ പോയതാണോ?
സീതയെ പോലെ
കാട്
തീയിൽ ചാടിയ താണോ ?
അവർ സംശയിച്ചു നിന്നു
തർക്കത്തിലായി
ഉത്തരം നൽകേണ്ടവർ
ചൂതുകളിക്കുകയായിരുന്നു
അഗ്നി എല്ലാം നക്കിത്തിന്ന്
അവർക്കു നേരെ നാവു നീട്ടി
പുകയായി അവർ
ഉയരങ്ങളിലേക്ക് പോയി
ഓടി രക്ഷപ്പെട്ട
മാനും മയിലുകളും
തമ്മിൽ ചോദിച്ചു,
നമ്മുടെ രാജ്യം
ആരുടെ സ്നേഹം കൊണ്ടാണ് രക്ഷപ്പെടുക ?
ഒരു മഴ മാത്രം
അതിനുത്തരം പറഞ്ഞു.
---മുനീർ അഗ്രഗാമി

കറുപ്പ്

കറുപ്പ്
.............
എല്ലാ നിറങ്ങളും ലയിപ്പിക്കുന്ന
വലിയ നിറമാണ് രാത്രി
എൻ്റെയും നിൻ്റെയും നിറങ്ങൾ
അതിനുള്ളിലെ വിടെയോ
ആരുമറിയാതെ
ചേർന്നിരിക്കുന്നു
-
--മുനീർ അഗ്രഗാമി

മൂന്ന് റസിഡൻഷ്യൽ സ്കൂൾ കവിതകൾ

മൂന്ന് റസിഡൻഷ്യൽ സ്കൂൾ കവിതകൾ
..................................
I. കൊലപാതകം
എവിടെ നിന്നോ ഒരു നാടൻപാട്ട്
ഇഴഞ്ഞു വന്നു ;
ഒറ്റയടിക്ക്
പ്രിൻസിപ്പാൾ അതിനെ
കൊന്നുകളഞ്ഞു .

II. വളർച്ച
മഴയിൽ കുളിച്ച്
പ്രാർത്ഥിക്കാനായി നിന്ന മരങ്ങൾ
അസംബ്ലിയിലെ പ്രാർത്ഥന മനസ്സിലാവാതെ
സ്കൂൾ നോക്കി നിൽകെ
വളർന്നു വലുതായി
III.നഷ്ടപ്പെടൽ
നാട്ടിൽ
മതിൽക്കെട്ടിനകത്തെ
മറുനാട്ടിലേക്ക്
കുട്ടികൾ 'പാസ്പോർട്ട് 'എടുത്ത്
കയറിപ്പോയി.
പിന്നെ അവരാരും തിരിച്ചു വന്നതേയില്ല

--മുനീർ അഗ്രഗാമി

രണ്ടു ജല ബിന്ദുക്കൾ

രണ്ടു ജല ബിന്ദുക്കൾ
..........................
കടപ്പുറത്തിരുന്ന്
വാക്കുകളുടെ കടൽ മുറിച്ചു കടന്നു
നിൻ്റെ ഉടൽ തുഴഞ്ഞ്
ഇക്കരയ്ക്ക്
എൻ്റെ ഉടൽ തുഴഞ്ഞ്‌
അക്കരയ്ക്ക് .

എൻ്റെ ഉടൽ അക്കരയ്ക്ക്...
നിൻ്റെ ഉടൽ ഇക്കരയ്ക്ക് .....
എന്ന് ആനന്ദം
കളിവഞ്ചി തുഴയുന്നു
തിരയുടെ കവിളിൽ
പഴുത്തു പാകമായ സന്ധ്യയെ
തഴുകി
വഴി തെറ്റിയ കാറ്റ്.
തൊട്ടു തൊട്ടു നിന്ന്
നക്ഷത്രങ്ങൾ കൊറിക്കുന്ന ആകാശം
നാം രണ്ടു ജലബിന്ദുക്കൾ
അടുത്തടുത്തിരുന്ന്
പൊടി മണലിൽ അറിയാതെ പരക്കുന്നു
പേരറിയാത്ത
ഒരു യുദ്ധവിമാനത്തിൻ്റെ ഇരമ്പലിനൊപ്പം
രാത്രിയാകുന്നു
----മുനീർ അഗ്രഗാമി

അമ്പേൽക്കുമ്പോൾ

അമ്പേൽക്കുമ്പോൾ
..................................
രാജ്യസ് നേഹത്തിൽ കുളിച്ച്
ചിറകു കുടയുമ്പോഴാണ്
പക്ഷികളിലൊന്നിന്
അമ്പേറ്റത്

ചുറ്റും വേടൻ മാരായതിനാൽ
ദുഃഖമോ
ആ ദുഃഖത്തിൽ നിന്ന്
അവസാനകാവ്യം പിറക്കുമെന്നോ
വ്യാമോഹമില്ല
എങ്കിലും
പക്ഷിയെ ഓർത്ത്
ഒരു വേദന
അമ്പിനു പിന്നാലെ പായുന്നു
അമ്പിനെ അതു തകർക്കുമോ?
അമ്പതി നെ തകർക്കമോ ?
കുട്ടികൾ തർക്കിക്കുകയാണ്
തർക്കത്തിൽ നിന്ന്
ഒരു കഞ്ഞുറുമ്പെങ്കിലും
ഇറങ്ങിച്ചെന്ന്
വേടൻ്റെ കാലിൽ
കടിച്ചിരുന്നെങ്കിലെന്ന്
ആദികവിയെന്നു പേരില്ലാത്തവൻ
ഒരു മാത്ര
ആഗ്രഹിച്ചു പോയി
... ..............................
മുനീർ അഗ്രഗാമി

മഴപ്പയ്യ്

മഴപ്പയ്യ്
....:.. .:...
മേഞ്ഞു നടന്നു
ചൂടു തിന്നുന്ന മഴ
ഈ വഴി വന്നാൽ
പകലുകളേ
രാത്രികളേ
നിങ്ങളതിനെ
വേനലിന്നാലയിൽ
ഒന്നു പിടിച്ചുകെട്ടണേ
കുളിരു ചുരത്തുമതിനെ
പാടത്തും പറമ്പിലും
അഴിച്ചു കെട്ടുവാൻ
അശക്തനെങ്കിലും
കുറച്ചു നേരം കണ്ടു
മനസ്സു നിറയ്ക്കട്ടെ ഞാൻ

( മുനീർ അഗ്രഗാമി )

ഏകാന്തത

ഏകാന്തത
.....................
രാത്രിയോളം വലിയ ചഷകത്തിൽ
ഏകാന്തത കുടിച്ച്
രാത്രിക്കും പകലിനുമിടയിൽ
സന്ധ്യ പോലെ മങ്ങിയിരിക്കുന്നു ഞാൻ

കാറ്റ് എവിടെയാണ് പോയൊളിച്ചത്
ഒരിലച്ചിറകുവിടർത്തി
അതു തകർക്കാതെ.
മിന്നാമിനുങ്ങുകളുമെവിടെ പോയി ?
കുഞ്ഞു സൂര്യനാവാൻ
മിനക്കെടാതെ.
ഒരു മഴത്തുള്ളി
ഒരു മഞ്ഞുകണം
ഓർമ്മയുടെ പാദസരച്ചിരി
ഒന്നുമില്ല
വേനൽ വീണ്ടും ചഷകം നിറയ്ക്കുന്നു
ഞാൻ കുടിക്കുന്നു
വീടും കുടിക്കുന്നു
ഞാനും വീടും
അന്നേരമുണ്ടായ ഒരു ഭാഷയിൽ സംസാരിച്ച്
അല്പനേരം ഗുൽമോഹർ പോലെ
പുഷ്പിച്ച് നിൽക്കുന്നു
വീടിൻ്റെ കണ്ണു നനഞ്ഞു
എൻ്റെ തൊണ്ടയിടറി
വീട്ടിലെ ശൂന്യതയിൽ
വേനൽ മാത്രം വന്നു നിറഞ്ഞു
- മുനീർ അഗ്രഗാമി

വനിത

വനിത
...........
പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ
അവൾക്കേ അറിയൂ;
പുഴു മനുഷ്യനാകുമ്പോൾ.
അതു കൊണ്ടാവും
വർണ്ണച്ചിറകുകളിലെല്ലാം
അവളുടെ ചിത്രങ്ങൾ!


- മുനീർ അഗ്രഗാമി

രണ്ടു പേർ കിണറുകുഴിക്കുന്നു

രണ്ടു പേർ കിണറുകുഴിക്കുന്നു
************************
രണ്ടു പേർ കിണറുകുഴിക്കുന്നു
പാറപോലുള്ളതും പാറയും
കുഴിച്ചു പരിചയമുള്ള വർ
പ ടവുകളുണ്ടാക്കി ഇറങ്ങുകയാണവർ
വിഷമമെന്നും സങ്കടമെന്നുമാണവരുടെ പേരുകൾ

പണത്തിന് ആർത്തിയുള്ള
ഓട്ടോ ഡ്രൈവറെ പോലെ
വേദനിപ്പിച്ച് അവർ കുഴിക്കുന്നു
മനുഷ്യനാണെന്നോ
മനസ്സുണ്ടെന്നോ
മണ്ണാണെന്നോ
അവർക്കറിയാത്ത പോലെ
പടവുകളിൽ പല അടരുകൾ
അടരുകളിൽ പല നിറങ്ങൾ
മണ്ണെന്നോ മനസ്സെ ന്നോ
തിരിച്ചറിയാനാവാത്ത പോലെ
പാതി വഴിയിൽ അവരെ നനച്ച്
ഒരുറവ
തേങ്ങലിൻ്റെ തുടക്കമെന്ന പോലെ
വീണ്ടുമവർ കുഴിക്കുന്നു
ആഴത്തിലേക്ക് പടവുകളിറങ്ങുന്നു
ഉറവകൾ അവരെ വന്നു നോക്കുന്നു
തിരിച്ചു കയറും മുമ്പ്
ജലവിരലുകളിൽ എടുത്ത് എലികളെയെന്ന പോലെ
ആഴം അവരെ കൊന്നു കളഞ്ഞു
അവർ കുഴിച്ച ഇടത്തെ
അവർ എന്തു പേരായിരിക്കും വിളിച്ചത് ?
അതവർക്കേ അറിയൂ
..........................................
മുനീർ അഗ്രഗാമി

ഒരു തുള്ളി ഓർമ്മ

ഒരു തുള്ളി
ഓർമ്മ
................
വറ്റിപ്പോയ മഞ്ഞുതുള്ളി
ബാക്കി വെച്ച ചിരിയിൽ കുളിച്ച്
മനസ്സ് ഇപ്പോഴും
പ്രകാശിക്കുന്നു

നാടൻ പാട്ടിൻ്റെ ഇതളിൽ
മിന്നാമിനുങ്ങിൻ്റെ വെട്ടത്തിൽ
പളുങ്കമണിയായ്
അതിപ്പോഴും മിന്നുന്നുണ്ട്
ഒരു മിന്നലിൽ
സൂര്യനോളം വലുതായ
അതിൻ്റെ ചെറുപ്പം
ചെറുതായതേയില്ല
മനസ്സുനിറഞ്ഞിട്ടാവണം
കണ്ണിലൂടെ ഒരു തുള്ളി
ഓർമ്മ
പുറത്തുചാടി
ചൂടുണ്ടതിന്
തണുത്തിരിക്കുവാൻ കൊതിച്ച്
ഉള്ളു തപിച്ച് പൊള്ളിപ്പോയ
മഞ്ഞു തുള്ളി പോലെ
വറ്റുമ്പോഴാണ്
നിറഞ്ഞിരുന്നതിൻ്റെ ആഴം കണ്ട്
കണ്ണു നിറുയുക
.............................
മുനീർ അഗ്രഗാമി

ഒച്ച്


ഒച്ച്
......
ആഗ്രഹങ്ങളുടെ കല്ലുകളെടുത്ത്
അട്ടിയട്ടിയായി വെച്ച്
അതിന്നിടയിൽ സൂക്ഷ്മതയോടെ
സ്വപ്നങ്ങൾ കുഴച്ചു വെച്ച്
പണി തീർത്തതിനെ
വീടെന്നെങ്ങനെ വിളിക്കും?
ജീവിതത്തിൻ്റെ പുറന്തോടെന്നല്ലാതെ !
.................................
മുനീർ അഗ്രഗാമി

അവനൊപ്പമേ ഞാനുള്ളൂ

അവനൊപ്പമേ ഞാനുള്ളൂ
.............. .............. .............
ദ്രോഹമെന്നു കുറ്റപ്പെടുത്തുമ്പോൾ
സ്നേഹമാകുന്നവനൊപ്പമേ
ഞാനുള്ളൂ
അവൻ്റെ വാക്കുകളിൽ
സ്വപ്നങ്ങൾ പീഡനമേൽക്കുന്ന
തടവറ തുറക്കുവാനൊരു സൂത്രമുണ്ട്
വിലങ്ങു വെച്ച നാക്കിന് ചലിക്കുവാനൊരു പഴുതുണ്ട്

ഏതു സ്മൃതിയിലെസ്വർഗ്ഗം തന്നാലും
പുതു സ്വർഗ്ഗ മുണ്ടാക്കുവാൻ
മണ്ണിലിറങ്ങുന്നവന്നൊപ്പമേ
ഞാനുള്ളൂ
ഉണ്ടെന്നു തോന്നുവാൻ
ഉണർന്നെന്നു കാണുവാൻ
അവൻ്റെ വാക്കിൽ കയറിയിരുന്ന്
ഭൂതത്തിലേക്കും ഭാവിയിലേക്കും
യാത്ര പോകുവാൻ
അവനൊപ്പമേ ഞാനുള്ളൂ
അവൻ നടന്നു വരുമ്പോൾ
ഉണർന്ന്
അടിമുടി കോരിത്തരിച്ച്
സ്നേഹരാജ്യമാകുന്നു കലാലയം
പണവും പദവിയുംതന്ന് നിങ്ങളെത്ര വിളിച്ചാലും
നിങ്ങൾക്കൊപ്പം ഞാനില്ല
ജീവനുണ്ടെന്നു തെളിയിക്കുന്നവനൊപ്പം
പട്ടിണി കിടക്കാനും
പട നയിക്കാനുമേഞാനുള്ളൂ
മരിച്ചു കിടക്കുന്ന കലാലയങ്ങളെ
അവനൊപ്പം നടന്ന്
വിളിച്ചുണർത്തുവാൻ
വർഷങ്ങൾക്കു മുമ്പെ പ്പോഴോ
ഉറങ്ങിപ്പോയ നിങ്ങൾ
എത്ര വിളിച്ചാലും സാധിക്കില്ല
അതുകൊണ്ട്
അവനൊപ്പമേ ഞാനുള്ളൂ
......................... .മുനീർ അഗ്രഗാമി

സെൻ്റ് ഓഫ്

സെൻ്റ് ഓഫ്
.....................
ഇലകൊഴിഞ്ഞു നിൽക്കുന്ന മരങ്ങളായ്
ഞങ്ങളൊരു ശിശിരമുണ്ടാക്കുന്നു,
വസന്തം കഴിഞ്ഞതിൻ സങ്കടങ്ങൾ വീണു കിടക്കുന്ന ക്ലാസ്സിൽ
മാർച്ചിൻ്റെ മഹാസമുദ്രത്തിൽ
വെയിൽത്തിരകളിൽ
ഉരുകിയൊഴുകുന്ന
ഉഷ്ണ സമുദ്രത്തിൽ
നങ്കൂരമിട്ട പുതിയ കപ്പൽ
ഞങ്ങളെ കാത്തിരിക്കുന്നു
ഓർമ്മകളേ
ഞങ്ങളെ യാത്രയാക്കാൻ
നിങ്ങൾ മരത്തണലിൽ
വിറച്ചു നിൽക്കുന്നു
ഇടനാഴിയിൽ വിതുമ്പി നിൽക്കുന്നു
ഞങ്ങളെ നോക്കി നോക്കി
ഞങ്ങളുണ്ടാക്കിയ സന്തോഷങ്ങൾ
തേങ്ങി നിൽക്കുന്നു
കലാലയത്തിൻ്റെആത്മാവേ
കെട്ടിടങ്ങളേ
കെട്ടിടങ്ങളിലെ ചലനങ്ങളേ
പല കൈകളാൽ വാരിയ
ചോറ്റു പൊതികളേ
ചിരിച്ചു തുള്ളിയ നടപ്പാതകളേ
ഉറഞ്ഞാടിയ മൈതാനമേ
കൊഴിഞ്ഞ ഇലകളിൽ
നിങ്ങളുടെ ചിത്രങ്ങൾ
വരയ്ക്കുകയാണ്
സെൻ്റോഫ്‌
കൊഴിഞ്ഞു വീണ പൂക്കളിൽ
വാടിയ പ്രണയലേഖനങ്ങൾ
മരത്തടിയിൽ പച്ചകുത്തിയ
സ്വപ്നങ്ങൾ
േവരുകളിൽ പിടയ്ക്കുന്ന
ജീവജല ബിന്ദുക്കളായ് പിണക്കങ്ങളിലൂടെ ഒലിച്ചിറങ്ങിയ
നമ്മൾ
ക്ലാസിൽ നിന്നും
വിയർപ്പിൻ്റെ ഉപ്പു നിറഞ്ഞ ഒരു കാറ്റ്
പുറത്തേക്ക് പിടിച്ചു വലിക്കുന്നു
കാറ്റു പോകുവോളം
അതിനൊപ്പമാണിനി
കപ്പലിൽ കയറാതെ
തരമില്ല
സമയമാണതിൻ്റെ നാവികൻ
ഞങ്ങളിപ്പോൾ കാലുള്ള മരങ്ങളാണ്
മണൽത്തരികൾ
ഓരോ ദിവസങ്ങളാണ്
അതിലൂടെ ഞങ്ങൾ നടന്നു പോകുകയാണ്
പുതിയ തെഴുപ്പുകൾ പെയ്യുന്ന
മഴയിലേക്ക്
കപ്പലേ ഞങ്ങളെ കൊണ്ടു പോകൂ പോകൂ
......................................
മുനീർ അഗ്രഗാമി

നാലു കാര്യങ്ങൾ


നാലു കാര്യങ്ങൾ
*****************
തടവ്
........
വിരഹത്തിൻ്റെ യും സഹനത്തിൻ്റേയും
അഴികളെണ്ണി
രണ്ടു ജയിലുകളിൽ
മൗനം ഭക്ഷിച്ച്
നമ്മുടെ ആഗ്ര ഹങ്ങൾക്ക്
ജീവപര്യന്തം
***
തടവിലെ ആഗ്രഹം
.................
നാമകപ്പെട്ട ജയിലുകൾക്കിടയിൽ
ജീവിക്കുന്ന സ്ഥലം
ചുരുങ്ങിയൊരു മതിലായാൽ
ഞാൻ ബഷീർ
നീ നാരായണി
വാക്കുകൾ നമ്മുടെ ഹംസങ്ങൾ
***
പക്ഷേ,സംഭവിച്ചത്
....................
സമയത്തിൻ്റെ ഇടയൻ
നിൻ്റെ മുടിയിലെ കറുപ്പും
എൻ്റെ തൊലിയിലെ
മിനുസവും കൊണ്ടുപോയി
അന്നേരം നിൻ്റെ സങ്കടം
എൻ്റെ സങ്കടം കാണാൻ കാത്തിരുന്ന്
ഉറങ്ങിപ്പോയി
***
അനന്തരം
................
ദൂരത്തിൻ്റെ രണ്ടു കൊമ്പുകളിൽ
വാടിപ്പോയ നമ്മുടെ പൂവുകൾ
കൊഴിയാൻ മടിച്ച്
ഉണങ്ങി നിൽക്കുന്നു
വിടർന്നതിൻ്റെ അടയാളമായി
വെറുതെ
..............................
മുനീർ അഗ്രഗാമി

ദൃശ്യ മഴു

ദൃശ്യ മഴു

മരത്തിൽ നിന്ന് ഞാനൊന്നും കേട്ടില്ല .
മരം എന്നോട് മിണ്ടാതായതാണ്
സിദ്ധാർത്ഥനായിരുന്നപ്പോൾ
നിശ്ശബ്ദമായ് മരം പാടിയ
പാട്ടുകേട്ടാണ് ബുദ്ധനായത്
കാക്കയായിരുന്നപ്പോൾ
കൂടുണ്ടാക്കാൻ പറഞ്ഞു
കൂടെ നിന്നതാണ്
തേനീച്ചയായിരുന്നപ്പോൾ
പൂവിൽ നിന്ന് പൂവിലേക്ക്
പ്രണയം കൊണ്ടു പോകാൻ
ഹംസമാകാൻ പറഞ്ഞതാണ്
വരരുചിയായിരുന്നപ്പോൾ
മരത്തിൽ നിന്നാണ് വിധി പറഞ്ഞത്
മരമായിരുന്നില്ല പറഞ്ഞത്
ഇപ്പോൾ മരം മിണ്ടുമെന്നു കരുതി
അടുത്തു ചെന്നതാണ്
ഒന്നും മിണ്ടിയില്ല
സങ്കടപ്പെട്ട് തിരിച്ചുപോരുമ്പോൾ
എന്റെ കയ്യിലിരുന്ന്
ഒരദൃശ്യമഴു ചിരിക്കുന്നു
വികസനത്തിൻ്റെ മൂർച്ചയുണ്ടതിന്.
....മുനീർ അഗ്രഗാമി

സ്നേഹിക്കുമ്പോൾ

സ്നേഹിക്കുമ്പോൾ
.....................
സ്നേഹിക്കുമ്പോൾ
പറഞ്ഞ് പറഞ്ഞ്
എല്ലാ വാക്കുകളും തീർന്നു പോയാൽ
ഒരർത്ഥം മാത്രം ബാക്കിയാകും
ഒറ്റപ്പെടുമ്പോൾ
അതു നിന്നോടു പറയാൻ ഒരു വാക്കുണ്ടാക്കും
നീ കേൾക്കുമ്പോൾ
അതൊരു ഭാഷയാകും
വാക്കുകൾ അതിൽ നിന്ന് മുളച്ച് വളർന്ന്
നാമതിൻ്റെ തണലിലിരിക്കും
മറക്കാതിരിക്കുവാൻ
ആ ഭാഷയ്ക്ക്
നാമറിയാതെ വ്യാകരണം വന്നു ചേരും
കാഴ്ചക്കാർ
സമരത്തിൻ്റേ യോ
അതിജീവനത്തിൻ്റേയോ
ജീവിതത്തിൻ്റേ യോ ഭാഷയായ്
അതുരേഖപ്പെടുത്തും

...................................
മുനീർ അഗ്രഗാമി