പ്രണയകഥ

പ്രണയകഥ
......................
മരുഭൂമിയിലൂടെ
ഒരു നദിയൊഴുകി
പ്രണയമെന്നതിന്നു പേര് .
...
മുറിച്ചുകടക്കാനാവാത്ത
ഒഴുക്കുമായ്
രഹസ്യ ജലപ്രവാഹമതിൽ
നിറഞ്ഞു
മണൽത്തരി പോലെ
പൊള്ളി വറ്റിയ
രണ്ടു ജീവബിന്ദുക്കൾ അതിൽ
കുളിക്കാനിറങ്ങി
പരിണാമത്തിൻ്റെ ചുംബനം തുടങ്ങി
അവർ മീനുകളായി
ചിറകുകൾ വലുതായി
അവർ കിളികളായി
നദി നീലാകാശമായി
പെട്ടെന്ന് കുറേ ഒട്ടകങ്ങൾ വന്നു
ഒറ്റ വലിക്ക്
നദി കുടിച്ചു വറ്റിച്ചു
നടന്നു പോയി
കാലം കഴിഞ്ഞു
കള്ളിച്ചെടികൾ പൂത്തു
അകന്നു നിന്ന രണ്ടു ചെടികളിൽ നിന്ന്
രണ്ടു പൂവുകൾ
തമ്മിൽ നോക്കി നിന്നു.


- മുനീർ അഗ്രഗാമി

ഭാഷകൾ

ഭാഷകൾ
......... .....
മഴയുടെ ഭാഷയെവിടെ ?
പുഴയുടേത് ? കിണറിൻ്റേത് ?
...
വറ്റിപ്പോയ ഭാഷണം
ഞങ്ങളെ അപരിചിതരാക്കുന്നു.
തമ്മിലറിയുമായിരുന്ന
വാക്കുകളെവിടെ ?
കൈക്കുമ്പിളിൽ തുളുമ്പിയ താളമെവിടെ ?
പാളയിൽ തുള്ളിയ കളിമ്പമെവിടെ ?

കൈതക്കാട്ടിലൂടെ
ഇഴഞ്ഞു പോയ
രഹസ്യമൊഴിയെവിടെ ?
മഴയുമായി സംഭാഷണത്തിലേർപ്പെട്ട
അവസാനത്തെയാളുടെ മക്കൾ
ഇപ്പോൾ വേനലിൻ്റെ ഭാഷ പഠിക്കയാണ് .

ആദ്യത്തെ തുള്ളിയിൽ
അ എന്നെഴുതി
അമ്പത്തൊന്നാമത്തെ തുള്ളിയിലൂടെ കരഞ്ഞ്
ഒഴുകിയാലും
മഴയുടെ അക്ഷരങ്ങൾ
അവർ പഠിക്കുമോ ?

മൃതഭാഷയിൽ
മഴ സസ്യങ്ങളുടെ ,
പുല്ലു ക ളു ടെ പേരെഴുതുന്നു
അവ തിരിച്ചറിയാതെ
എൻ്റെ പുതിയ ഭാഷ
മഴയുടെ ഭാഷ മറക്കുന്നു .


-മുനീർ അഗ്രഗാമി

ഒറ്റപ്പെൺകുട്ടി

ഒറ്റപ്പെൺകുട്ടി
............... ..... ......
രഹസ്യങ്ങളുടെ വീടുകൾ
ഉണ്ടാകുന്നത്
കണ്ടു പിടിച്ചത് ഞാനാണ്
ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ് വാങ്ങുന്നതിനും മുമ്പ്.
അവിടെ വസിക്കുന്നവരെ
എന്നോളം ആർക്കുമറിയില്ല
അവർ എനിക്ക് പുറത്ത് നടക്കും
എന്നിട്ട്
എനിക്കുള്ളിൽ കയറി യുദ്ധം ചെയ്യും
രഹസ്യങ്ങളുടെ രണ്ടു വീടുകൾക്ക് നടുവിൽ
വെറുതെ കിടക്കുന്ന ഒരേയൊരു വഴിയാണ് ഞാൻ
ഓർമ്മ അതിലെ സൈക്കിളിൽ പോകും
സ്പ് ന ങ്ങൾ നൃത്തത്തിൻ്റെ കൈ പിടിച്ച്
അതിലെ നടക്കും
സ്നേഹം ജാലകങ്ങളിലൂടെ
അരിച്ചെത്തും .
ഒറ്റപ്പെട്ട് മലർന്നു കിടക്കുന്ന
അവരുടെ മാത്രം വഴിയിലൂടെ
അവർക്കൊരുമിച്ച് കൈകോർത്ത്
നടന്നാലെന്താണ് ?
എന്തു രസമായിരിക്കു മത്!
രഹസ്യങ്ങളും ഉളളിൽ നിറച്ച്
രണ്ടു വീടുകൾ കൈകോർത്ത്
എന്നിലൂടെ മാത്രം ഒഴുകി നീങ്ങുന്നത് .
- മുനീർ അഗ്രഗാമി

ചർക്ക

അറിയാത്തവനു മുന്നിൽ
ചർക്ക
വെറും ചക്രം മാത്രമാണ്
പിന്നിൽ ശൂന്യതയും.
തന്നെ അറിയുന്നവനു
മുന്നിൽ ചർക്ക
ഒരു പ്രതീക്ഷയാണ്
പിന്നിൽ ഒരു രാജ്യവും.
നൂറ്റ നൂലുകൾ പ്രതീകങ്ങളാണ് ;
അതുകൊണ്ടു മാത്രമേ
ഭാവി നെയ്യാനാകൂ .
- മുനീർ അഗ്രഗാമി
LikeShow More Reactions
Comme

രാത്രി മാത്രം വിടരുന്ന

രാത്രി മാത്രം വിടരുന്ന പൂവിനോട്
ചെടി സൂര്യനെ കുറിച്ചു പറഞ്ഞു .
കണ്ടതത്രയും
കണ്ടതിലും നന്നായി പറഞ്ഞു
എന്നിട്ടും അമ്പിളിയോളമേ
പൂവതു കണ്ടുള്ളൂ.
- മുനീർ അഗ്രഗാമി

സ്വപ്നവും വ്യാഖ്യാനവും

സ്വപ്നവും വ്യാഖ്യാനവും
.....................
ഒരു പർവ്വതം പറന്നു പോകുന്നത്
സ്വപ്നം കണ്ടു
മരുഭൂമിയിൽ അത് പറന്നിറങ്ങി
അതിലെ മരങ്ങൾ മഴ കൊണ്ടുവന്നു
ഒരു നദി ഇറങ്ങി വന്നു
മണൽത്തരികൾ അതു
കുടിച്ചു കളഞ്ഞു
അയാളുടെ കണ്ണുകൾ മാത്രം
നിറഞ്ഞു കവിഞ്ഞു
അയാൾ
മകനെ കുറിച്ച് ഓർത്തു
കിടന്നതായിരുന്നു
അവനു ചിറകു പണിയുവാൻ ഏൽപിച്ചവർ
അവനിലെ മരങ്ങൾ അറുത്തുമാറ്റും
ഒരു സ്വപ്നത്തിൻ്റെ സാദ്ധ്യത കുത്തിക്കെടുത്തും
മഴക്കോള് കാണുമ്പോഴേ അവനെ
കോട്ടണിയിക്കും
മരങ്ങളില്ലാത്ത ദേശം
ജീവിതം തരുമ്പോൾ
ഉള്ളിലെ മരങ്ങളിൽ
കിളിയായി ജീവിക്കുവാൻ ചിറകുമാത്രം പോരാ.
അയാൾ വീണ്ടും സ്വപനം കണ്ടു
പറന്നു പോകുന്ന ഒരു മരുഭൂമി
ആ സ്വപ്നം അയാൾ വ്യാഖ്യാനിച്ചില്ല
അത് തൻ്റെ മകനായിരിക്കരുതേ
എന്നു പ്രാർത്ഥിക്കുക മാത്രം ചെയ്തു .
- മുനീർ അഗ്രഗാമി

അദൃശ്യനായ ഒരു പടയാളി

അദൃശ്യനായ ഒരു പടയാളി
.....................
നാവിൽ നിന്നും കുതിരകൾ
ചിതറിയോടുന്നു
ചിലത് സമരമുഖത്തേക്ക്
ചിലത് തെരുവിലേക്ക്
ചിലത് സ്നേഹ രഹസ്യത്തിലേക്ക്
അപൂർവ്വമായി ഒന്ന്
ഫാഷിസത്തിൻ്റെ രാജധാനിയിലേക്ക് ഓടുന്നു
അതിനെ പിന്തുടരുക!
അദൃശ്യനായ ഒരു പടയാളി
അതിൻ്റെ പുറത്തിരിക്കുന്നുണ്ട്
അയച്ചവൻ്റെ അതേ ഛായയിൽ
അവനിലും കരുത്തനായി.
അവനെ പിന്തുടർന്ന്
ഒരു വലിയ സൈന്യം
മൂടൽ മഞ്ഞിൻ്റെ മറവിൽ ചലിക്കുന്നു
വെളിച്ചമുള്ളവരതു കണ്ടെന്നു വരില്ല;
വെളിച്ചത്തിനു ചൂടുള്ള വരേ
അതു കാണൂ .
പുറപ്പെട്ടു പോയ പടയോട്ടം
തിരിച്ചെടുക്കാനാവാതെ
അത് കുതിക്കും
നാവിൽ നിന്ന്
കുതിച്ചു പായുന്നത്
കതിരയാകണം
കഴുതയാകരുത്.
ഓരോ ഗ്രാമത്തിലും
അതിൻ്റെ കുളമ്പടി കേൾക്കുമ്പോൾ
രാജ്യം ഉണർന്ന്
ജീവനുണ്ടെന്ന് സ്വയം
ബോദ്ധ്യപ്പെടുത്തും .
- മുനീർ അഗ്രഗാമി

മാനുഷികം

മാനുഷികം
...................
വെളിച്ചം നടന്നു വന്ന
ഈ വഴിയിലൂടെ തന്നെയാണ്
ഇരുട്ടും നടന്നു വരുക
നാം പകലീ മരത്തണലിലിരുന്ന്
സംസാരിക്കുമ്പോൾ.
പേടിക്കേണ്ട;
നമുക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങൾ
ഇരുട്ടു താണ്ടാൻ
നമ്മെ സഹായിച്ചേക്കും
വാക്കുകളിൽ നിന്ന്
വെളിച്ചത്തിലേക്ക്
അവയുടെ ചൂര്
ഇപ്പോൾ തന്നെ എത്തിനോക്കുന്നുണ്ട്
-
- മുനീർ അഗ്രഗാമി

അക്ഷരങ്ങൾ

അക്ഷരങ്ങൾ
........................
പേന നടന്ന വഴികളാണ്
അക്ഷരങ്ങൾ
നേർവഴിയല്ല അത്
വളഞ്ഞും പുളഞ്ഞും അവ
അറിവിനെ വഹിക്കുന്നു
എങ്കിലും
ഒരു നേർ വരയുടെ
സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ
അവയെ വലത്തോട്ടോ
ഇടത്തോട്ടോ നയിക്കുന്നുണ്ട്
അക്ഷമയോടെ
അതിനു പിന്നാലെ
എത്ര കണ്ണുകൾ !
എത്ര മനസ്സുകൾ !
സന്ദേശത്തിൽ മനസ്സ്
കവിതയിൽ അനുഭവം...
അങ്ങനെ എത്രയെത്ര യാത്രക്കാർ
അവയെ പിന്തുടുന്നു ?
ഒരു മാഞ്ചോട്ടിലിരുന്ന്
ഞാൻ നോക്കുമ്പോൾ ,
എത്ര നടന്നിട്ടും
എത്താത്ത ദിക്കിലേക്ക്
വഴിയുണ്ടാക്കി നടക്കുന്നു,
ഒരു പേന.
- മുനീർ അഗ്രഗാമി

അടുക്കളയിൽ രാത്രി നിറയുന്നു

അടുക്കളയിൽ രാത്രി നിറയുന്നു
......................
പാത്രങ്ങൾ കലമ്പുകയും
കറണ്ട് പോകുകയും
അടുക്കളയിൽ രാത്രി നിറയുകയും ചെയ്തു
എവിടെയാണ് എൻ്റെ വെളിച്ചം ?
അവൾ ചോദിച്ചു
ഉത്തരത്തിൽ നിന്നും
ഒരു പല്ലി മാത്രം അവളെ നോക്കി
മേൽക്കൂരയിൽ എമർജൻസി എക്സിറ്റ് വേണം
നക്ഷത്ര വെളിച്ചത്തിലേക്ക്
അതിലെ ഇറങ്ങണം
അവളുടെവെളിച്ചം ഇപ്പോഴും
ഇരുട്ട് തന്നെയാണ്
പെട്ടെന്ന്
പാത്രങ്ങളുടെ നിലവിളി കവിഞ്ഞ്
ഒഴുകിയ ജലത്തിൽ ഒരു മത്സ്യ മായി
ഒഴുകി ഇരുൾക്കടലിൽ അവളലിഞ്ഞു.
കറണ്ടു വന്നിട്ടും
പാത്രം കഴുകാൻ അവൻ വന്നതേയില്ല
- മുനീർ അഗ്രഗാമി
രാത്രി സ്പർശം
.............,.............
പൂത്തുനിൽക്കുമീ കറുത്ത മരച്ചോട്ടിൽ
ഞാനും നീയും രണ്ടു മഞ്ഞു തുള്ളികൾ
സ്നേഹ നിലാവേറ്റു തിളങ്ങുന്നു
- മുനീർ അഗ്രഗാമി

വലിയ കവിത

ഇരുട്ട് എഴുതിക്കൊണ്ടിരിക്കുന്ന
വലിയ കവിതയാണ് രാത്രി.
പകൽ
ഖണ്ഡികകൾക്കിടയിലുള്ള
വെളുത്ത ഇടം മാത്രം
- മുനീർ അഗ്രഗാമി

മാനാഞ്ചിറ

മാനാഞ്ചിറ
...................
വൈകുന്നേരത്തിൻ്റെ മുറ്റമാണ്
മാനാഞ്ചിറ
പുൽപ്പരപ്പിൽ കുറെ ഉടലുകളെ
അതിൻ്റെ ആത്മാക്കൾ
ആറാനിട്ടിരിക്കുന്നു
നനവു മാറാതെ കുറെ മനസ്സുകൾ
കനം തുങ്ങി നിൽക്കുന്നു
സൂര്യൻ്റെ ചുവന്ന വെളിച്ചം
രണ്ടു സ്വപ്നങ്ങളെ ഒട്ടിച്ചു ചേർക്കുന്നു
നീർക്കാക്കകൾ കുളം കര കളിക്കുന്നു
വലയങ്ങളായ് ചിന്തകൾ ചെറിയ കാറ്റുകളായ്
ഇളക്കത്തിലൂടെ നൂണ്ടു കടക്കുന്നു
നിയോൺ ബൾബുകൾ വിരലുനീട്ടുന്നു
അവയുടെ ആലിംഗനത്തിലെ
രോമാഞ്ചമായി കുറേ മനുഷ്യർ
നഗരത്തിൽ നഗരത്തിലല്ലാതെ .
- മുനീർ അഗ്രഗാമി

പുതുവത്സര ചിന്തകൾ

പുതുവത്സര ചിന്തകൾ
I.
വില കയറിപ്പോകുന്ന വഴി
പുതുവർഷം നടന്നു
ഒപ്പമെത്താനാവാതെ
ലാച്ചിയമ്മൂമ്മ
അവസാനത്തെ അടി വെയ്ക്കുന്നു .
II
രാത്രി ഒരു വർഷത്തിൽ നിന്നും
മറ്റൊരു വർഷത്തിലേക്ക്
കാലെടുത്തു വെച്ചു
ഇരുൾ കുതിച്ചു പാഞ്ഞു
എത്ര പടക്കം പൊട്ടിച്ചിട്ടും
വന്ന വെളിച്ചം നിന്നില്ല
III
മകനെ തിരഞ്ഞ് വന്ന അമ്മ
പുതുവൽസരാശംസയിൽ കിടന്ന് കരഞ്ഞു
എൻ്റെ മോനെ കണ്ടോ എന്ന ചോദ്യം
പടക്കങ്ങൾ വിഴുങ്ങിക്കളഞ്ഞു
പൊട്ടിച്ചിതറാതിരുന്നാൽ
അവർ നാളെയും അതു തന്നെ ചോദിക്കും
ഉത്തരം തരാനാകാതെ പുതുവർഷം
അപ്പോഴും വരണ്ടു കിടക്കും .
IV
ദിവസങ്ങളുടെ നീണ്ട ക്യുവിൽ നിന്ന്
അസാധുവായി പ്പോയ നിമിഷങ്ങളെ
തിരിച്ചുപിടിക്കാൻ
ഒരു വിപ്ലവം പിറക്കുമെന്ന് മോഹിച്ച്
ഡിസംബറിലെ അവസാനത്തെ നിമിഷത്തിൽ നിന്ന്
ഒരു മഞ്ഞുതുള്ളി
ജനുവരിയിലെ ആദ്യത്തെ നിമിഷത്തിലേക്ക്
ഉതിർന്നു വീണു,
കണ്ണിൽ നിന്നെന്ന പോൽ.
- മുനീർ അഗ്രഗാമി

വയസ്സതു സമ്മതിച്ചു തരില്ല

വയസ്സതു സമ്മതിച്ചു തരില്ല

..............................................

\പോയ വർഷങ്ങളെ ഞാൻ പിടിച്ചു വെച്ചിട്ടുണ്ട്
എൻ്റെ വയസ്സിനുള്ളിൽ അവ
ജീവിക്കുന്നുണ്ട്
സങ്കടങ്ങളുടെ നരച്ച മുടിയിഴ
സന്തോഷങ്ങളുടെ കറുത്ത മുടിയിഴ
അവയെ തൊട്ടു നോക്കുന്നു
വർഷം പോകുന്നത് എൻ്റെ ഉള്ളിലേക്കാണ്
വരുന്നതും എൻ്റെ ഉള്ളിലേക്കാണ് .
പെയ്തും വെയിലറച്ചും തീർന്നു പോയതാണവയെന്ന്
ആരു പറഞ്ഞാലും വിശ്വസിക്കരുത്
വയസ്സതു സമ്മതിച്ചു തരില്ല.
- മുനീർ അഗ്രഗാമി

അത് സംസാരിക്കുന്നു

വീണുകിടുന്ന ഓർമ്മകളാണ്
കരിയിലകൾ
അതിനു മുകളിലൂടെ നടക്കുമ്പോൾ
കരച്ചിലുകളിലാണ് കാൽപാദങ്ങൾ
ഇപ്പോഴത്തെ വഴികൾ മൂടിവെച്ച്
അത് സംസാരിക്കുന്നു .
- മുനീർ അഗ്രഗാമി

നിൻ്റെ കണ്ണിലാ ണാ മഞ്ഞു കാലം

നിൻ്റെ കണ്ണിലാ ണാ മഞ്ഞു കാലം
....................
രാത്രി ഞൊറിഞ്ഞുടുത്ത
തണുപ്പുസാരിയിൽ
മഞ്ഞുപുള്ളികൾ.
നിലാവതു തൊട്ടു നോക്കവേ
ഗിൽറ്റു പോലെ മിന്നിപ്പൊഴിയുന്നു.
ഉറക്കമില്ലാതെ നാം നടക്കുന്ന
സങ്കടപ്പാതയിലതിൻ നനവ്.
നിൻ്റെ കണ്ണിലാ ണാ മഞ്ഞു കാലം
എൻ്റെ കണ്ണിലാ ണാ മഞ്ഞുകാലം.
നിലാവേറ്റു തെളിഞ്ഞ നെഞ്ചിൽ
പ്രണയത്തിൻ്റെ
ഇലപൊഴിഞ്ഞുകിടക്കുന്നു.
-മുനീർ അഗ്രഗാമി

സ്വപ്നത്തിൻ്റെ ചില്ലകളിലേക്ക്നോ ക്കൂ

സ്വപ്നത്തിൻ്റെ ചില്ലകളിലേക്ക്നോ ക്കൂ
അതിൽ ഇലകൾ കാണാതെ
കരഞ്ഞ്,
ഡിസംബർ
കണ്ണീർത്തുള്ളികളെ
തലകീഴായി തൂക്കിയിട്ടിരിക്കുന്നു.
കരിമ്പച്ചയായ് തുടിച്ചിളകിയ
പച്ചയോളങ്ങൾക്ക് പകരമാവില്ല അത്
കൊഴിയും മുമ്പ്
മഞ്ഞയിതളുകളായ് തന്ന 
പൂക്കളെന്ന തോന്നലിനും പകരമാവില്ല
എങ്കിലും ജീവനെ നനയ്ക്കുന്ന
ഒരു തുള്ളി അതിലുണ്ട്
ആത്മാവിനുള്ളിലെവിടെയോ
തണുത്തു വിറച്ചിരിക്കുന്ന
 ഒരു മഞ്ഞുകാലവും.
- മുനീർ അഗ്രഗാമി

ഹൈക്കു



ഹൈക്കു 

...................

തണുപ്പു മേയുന്നു 
കറുത്ത പുൽപ്പരപ്പിൽ
സൂര്യൻ വിടരുന്നു

സഖാവിനെ മുന്നിൽ നടത്തി

ചങ്ങല പൊട്ടിച്ച് ഞങ്ങൾ ഒരുമിച്ചു നടന്നു
കയ്യൂക്കുള്ളതിനാൽ ഞങ്ങൾ സഖാവിനെ മുന്നിൽ നടത്തി
ഞങ്ങൾ ബഹുദൂരം പിന്നിലായി
ഇരുന്നിടത്തെല്ലാം 
പ്രോട്ടോക്കോൾ നോക്കിയ
എൻ്റെ സഖാവിൽ നിന്ന്
സോഷ്യലിസം ഇറങ്ങിപ്പോയി
സർ ,സർ എന്നു വിളിച്ച്
മുതലാളിത്തം അകത്തു കയറി
ഞങ്ങൾ നോക്കുമ്പോൾ
തോക്കു കൊണ്ടും വിലങ്ങു കൊണ്ടും
അവർ കളിക്കുകയാണ്.
ആ കളി
വയറു നിറഞ്ഞവൻ്റെ
വിനോദമാണ്
- മുനീർ അഗ്രഗാമി

എൻ്റെ സൂര്യനേ

സ്നേഹമാണീ പുൽക്കൊടി
അതിൻ തുമ്പിലൊരു തുള്ളി ഞാൻ
എൻ്റെ സൂര്യനേ, നീ
ദാഹം തീരുവോളമെന്നെ കുടിക്കുക.
- മുനീർ അഗ്രഗാമി

പടക്കശാല

പടക്കശാല
......................
അപ്പോൾ ഞാൻ
പൂവുള്ള ഒരു മരമായിരുന്നു
നിൻ്റെ വിരലുകൾ കാറ്റും .
എ ടി എമ്മിനെ കുറിച്ചോ
പേട്ടി എമ്മിനെ കുറിച്ചോ ഓർക്കാതെ
ഒരു വസന്തം പെയ്യുകയായിരുന്നു
സിനിമാ ഹാളിൽ പോകാൻ
പണമില്ലാത്തതിനാൽ
ദേശീയ ഗാനം നാം കേട്ടു പഠിച്ചിരുന്നില്ല
സ്കൂളിൽ ചേരാതെ
ജോലി ചെയ്യേണ്ടി വന്നതിനാൽ
കോവപ്പടക്കങ്ങളുടെ
അച്ചടക്കമല്ലാതെ മറ്റൊന്നും
അറിയുമായിരുന്നില്ല
തിരിച്ചറിവുണ്ടായതു മുതൽ
നമ്മുടെ രാജ്യം
പടക്കനിർമ്മാണ ശാലയാണ്
എന്നിട്ടും
അപായത്തിൻ്റെ ആധികളിൽ
ഉണങ്ങിപ്പോകാതെ
നാം ആർദ്രത കാത്തു വെക്കുന്നു.
എല്ലാ വിസ്ഫോടനങ്ങളും തകർക്കുന്ന
ഒരു മഞ്ഞുതുള്ളിയായി.
- മുനീർ അഗ്രഗാമി

ഓർമ്മയുടെ ഒരറ്റം പിടിച്ച്

ഓർമ്മയുടെ ഒരറ്റം പിടിച്ച്
നീ കുലുക്കുന്നു
ഇലഞ്ഞിപ്പൂക്കൾ പൊഴിയുന്നു
എൻ്റെ സങ്കടങ്ങൾ 
അതു പെറുക്കിയെടുക്കാനാവാതെ
ചാറ്റൽ മഴ പോലെ
ഇതളുകളിൽ
ഉമ്മ വെയ്ക്കുന്നു
- മുനീർ അഗ്രഗാമി

ഭൂമി ഒന്ന് കുലുങ്ങിയിരുന്നു

ഉറങ്ങിക്കിടക്കുന്ന
 ഭൂകമ്പത്തിൻ്റെ മുകളിലൂടെ
ഉറുമ്പുകളെ പോലെ ഞങ്ങൾ നടന്നു
ഉണർന്നേക്കുമോ എന്ന പേടിയിൽ
അൽപമിരുന്നു
അന്നേരം ഞങ്ങൾ
ദേശാടനക്കിളികളായി .
ഭൂമി ഒന്ന് കുലുങ്ങിയിരുന്നു 
- മുനീർ അഗ്രഗാമി

പ്രദീപമേ

പ്രദീപമേ
.........................
അവൻ്റെ കാലടി
പിന്തുടരുക,
വഴിയിലവൻ വീണു
മാഞ്ഞു പോയെങ്കിലും
മനുഷ്യനിലേക്കുളള പാതയിൽ
അവൻ്റെ വെളിച്ചം
കെടാതെ വിളിക്കുന്നു
മലയാളത്തിലേ അത് വിളിക്കൂ
പ്രദീപമേ എന്നു്
എത്ര വട്ടം വിളി കേട്ടാലും
- മുനീർ അഗ്രഗാമി

പച്ച മരം (മനുഷ്യൻ )

പച്ച മരം (മനുഷ്യൻ )
..........................................
നോട്ടുകൾ എടുക്കാതായ അന്ന്
ഇല പൊഴിഞ്ഞ മരം
കോടാലി അടുത്തേക്ക് വരുന്നത്
പേടിച്ച്
മഞ്ഞുകാലത്തെ ഉരുക്കി
പൊള്ളി നിൽക്കുന്നു

പച്ച മരം (മനുഷ്യൻ )
- മുനീർ അഗ്രഗാമി 

ഒറ്റയ്ക്ക് അവൾ

ഒറ്റയ്ക്ക്
അവൾ 
....................

ഒറ്റയ്ക്ക്
അവൾ മഞ്ഞു വീണ വഴിയിൽ നിൽക്കെ,
ഉപേക്ഷിച്ചു പോയ ഇലകളെ ഓർക്കാതെ മരങ്ങൾ
മഞ്ഞു വാരി 
പുതച്ചു നിൽക്കുന്നു
ഓർമ്മയിൽ നിന്ന് ഓർമ്മയിലേക്ക്
പിടഞ്ഞു വീഴുന്ന അതിൻ്റെ മനസ്സ്
നനഞ്ഞിരിക്കുന്നു
കണ്ണുകളിൽ
ആ മരമുള്ളവരുടെ
ദേശാടനത്തിൽ
മഞ്ഞു കണങ്ങൾ പൂക്കുന്നു
ഹൃദയത്തിൻ്റെ നെരിപ്പോടിൽ
ചിറകുകൾ ചൂടാക്കിയിരിക്കുന്ന
പെൺ കുരുവി മാത്രം
അതറിയുന്നു.
നിന്ന നിൽപിൽ
അവൾക്കുള്ളിൽ നിന്നും
ആ കുരുവി പറന്ന്
തേൻ നുകർന്ന്
അവളിൽ തന്നെ വന്നിരുന്നു.
ആരും ഒന്നും
അറിഞ്ഞില്ല
- മുനീർ അഗ്രഗാമി

എൻ്റെ മനസ്സിൽ നിന്ന് നീയതു കേൾക്കുന്നു

മരവും മഞ്ഞും തമ്മിലുള്ള
നിശ്ശബ്ദതയിൽ ഒളിച്ചിരിക്കുന്ന
ഒരു
സംഗീതമുണ്ട്

ഒരേ മനസ്സുമായ് നടക്കുമ്പോൾ
തടാകക്കരയിൽ വെച്ച്
എൻ്റെ മനസ്സിൽ നിന്ന്
നീയതു കേൾക്കുന്നു
മഞ്ഞുകാലം കഴിയരുതേ എന്ന്
പ്രാർത്ഥിക്കുന്നു .
_ മുനീർ അഗ്രഗാമി

ധ്യാനം


ധ്യാനം 
................
ത ടാകം വിടർന്നത്
എന്നാണെന്നറിയില്ല
മഞ്ഞു പെയ്തു പെയ്ത്
അതിനെ  ഒരു വെളുത്ത പൂവാക്കുന്നുണ്ട്

കാറ്റ് മെല്ലെ അതിനെ
തൊട്ടു നോക്കുന്നു

ഇലകളിലൊന്നിൽ
ഒരുറുമ്പായ് ഞാനിരുന്നു
അതു കാണുന്നു
-മുനീർ അഗ്രഗാമി

ഓർമ്മയുടെ ചൂടു കൊണ്ട്

ഓർമ്മയുടെ ചൂടു കൊണ്ട്
...........................................
എ നിക്കും നിനക്കും
ഓർമ്മയുടെ ചൂടു കൊണ്ട്
ഈ മഞ്ഞുകാലം കടക്കണം
ഒന്നിച്ചു നടന്ന കാലത്ത്
വിരലുകൾക്കിടയിൽ വന്നിരുന്ന്
സാക്ഷി പറഞ്ഞ
അതേ ചൂടുകൊണ്ട് .
മഞ്ഞ്
ഓർമ്മകളുടെ തൂവലുകളാണ്.
ഓരോ ചിറകടിയിലും
അതിന്നൊച്ച പെയ്യും
അതിൻ്റെ ചിറകിനടിയിൽ
രണ്ടു വഴികളുണ്ട്
ഒന്ന് നീ ഉള്ളുരുകിയിരിക്കുന്നത്
രണ്ട് ഞാൻ തണുത്തു പൊളളുന്നത്
ഓർമ്മകൾ ഇങ്ങനെ
എന്നെയെടുത്ത്
മഞ്ഞുകാലം കടക്കുമ്പോൾ .
- മുനീർ അഗ്രഗാമി

ക്ഷേത്ര രഹസ്യം

ക്ഷേത്ര രഹസ്യം
.............................
വരൂ
ഇതെൻ്റെ ക്ഷേത്രം
ദുഃഖമുടുത്തു വരുന്നവരോട്
സന്തോഷമുടുത്തേ വരാവൂ
എന്നു കല്പിക്കില്ല
സ്നേഹമുടുത്ത് വരുന്നവരോട്
വേദനയുടുത്തേ വരാവൂ എന്ന്
വാശി പിടിക്കില്ല
ആണായും പെണ്ണായും വരൂ
അറിവായും അഴകായും വരൂ
സൗഹ്യദമാണ് പ്രതിഷ്ഠ
സാഹോദര്യമാണ് നിവേദ്യം
മനുഷ്യർ കയറിയാലശുദ്ധമാകില്ല
വരൂ
കാലിൽപ്പറ്റിയ
തൊടീലും തീണ്ടലും
കഴുകി വരൂ,
ഇതെൻ്റെ ക്ഷേത്രം.
- മുനീർ അഗ്രഗാമി

(മാവോ മാവോ) രണ്ടു മരങ്ങൾ

(മാവോ മാവോ) രണ്ടു മരങ്ങൾ
................................
മാവോ മാവോ
മാവോ പ്ലാവോ
പ്ലാവോ പ്ലാവോ
രണ്ടും വെട്ടിക്കളഞ്ഞല്ലോ
സഖാവേ നീ!
പൂക്കാനിരുന്നത്
കായ്ക്കാനിരുന്നത്
നാട്ടു മണമുള്ള വൃക്ഷം
വേരാഴമുള്ളത്
കാതലുള്ളത്
മാവോ മാവോ
പ്ലാവോ പ്ലാ വോ
മ്ഞ്ഞു തുള്ളികൾ വിതുമ്പുന്നു
നീയതു വെട്ടിക്കളഞ്ഞല്ലോ
സഖാവേ
പാർട്ടി ഓഫീസില്ലാത്ത നാട്ടിലെ
കുഞ്ഞുങ്ങളിനിയെന്തു കഴിക്കും ?
പട്ടിണി കിടന്നു ചത്തവൻ്റെ
ശവമാരു ദഹിപ്പിക്കും ?
നാട്ടുകാരനായ നീ നാട്ടുമരങ്ങളായിരുന്നവയെ
മനുഷ്യരല്ലെന്നോർത്തിരിക്കാം!
ഒന്നോർത്താൽ
മാമ്പഴം തന്ന് അമ്മയായവരവർ
തണൽ തന്ന്
അച്ഛനായവരവർ
എന്നാലും
നീയതു വെട്ടിക്കളഞ്ഞല്ലോ സഖാവേ !
- മുനീർ അഗ്രഗാമി

സൗഹൃദം

സങ്കടങ്ങൾക്ക്
ഒരു മരുന്നേയുള്ളൂ ;
സൗഹൃദം.
അത് 
കടം വാങ്ങാനാവില്ല
കടയിലും കിട്ടില്ല
ഭാഗ്യമാണതിൻ്റെ ഉടമ
സ്വപ്നമാണതിൻ്റെ വില
സ്നേഹമാണതിൻ്റെ ഘടകം

-
മുനീർ അഗ്രഗാമി 

ഇലകൾ


ഇലകൾ 
......................
കാറ്റിനോളം നല്ല
ഹംസമില്ല
പച്ചയായ് ജീവിച്ചപ്പോൾ
തമ്മിൽ തൊടാനാവാതെ നിന്ന
ഇലകളെ 
കരിയിലകളാവുമ്പോഴെങ്കിലും
അതു ചേർത്തുവെക്കുന്നല്ലോ!
- മുനീർ അഗ്രഗാമി

ഫിദൽ കാസ്ട്രോ

ഫിദൽ കാസ്ട്രോ
...............................
ഒരു ചരിത്ര പുസ്തകം കൂടി
എഴുതിത്തീർത്ത്,
ഏഴാം നാളിലെ പോലെ വിശ്രമിക്കാതെ, 
കാലംനടന്നു പോകുന്നു.
അത്
ഇനി വരുന്ന കുഞ്ഞു വിപ്ലവങ്ങൾക്കുള്ള പാഠപുസ്തകമാണെന്നറിയാതെ.
ഒന്നാമദ്ധ്യായത്തിൽ
അതിർത്തി രേഖകളില്ലാത്ത
ലോക ഭൂപടത്തിൻ്റെ
ചുവന്ന ഞരമ്പിലൂടെ
ഒരു പേരു മാത്രം ഒഴുന്നു
അത്
ഫിദൽ കാസ്ട്രോ എന്നു വായിക്കാം.
രണ്ടാം അദ്ധ്യായായത്തിൽ
അധിനിവേശത്തിനെതിരെ
വീശുന്ന കാറ്റിൻ്റെ നെഞ്ചിൽ
ഒരു പേര് പച്ചകുത്തിയിരിക്കുന്നു
അത്
ഫിദൽ കാസ്ട്രോ എന്നു വായിക്കാം.
മൂന്നാം അദ്ധ്യായത്തിൽ
പേടിയില്ലാതെ
സ്വാതന്ത്ര്യ മാഘോഷിക്കുന്ന
പെൺകുട്ടിയുടെ കണ്ണിൽ
സന്തോഷത്തിൻ്റ ഒരു തുള്ളിയുണ്ട്
അതിൽ
ഒരു പേരു മാത്രം ഉദിച്ചു നിൽക്കുന്നു
അവൻ ഉദിക്കുമെന്നു പറഞ്ഞ
സൂര്യൻ്റെ വെളിച്ചമാണത്.
തുടർന്നുള്ള അദ്ധ്യായങ്ങളിൽ
ഓരോ പ്രകാശരശ്മിയിലും
ഒരു വാക്കു തന്നെ
ഒരു പേരു തന്നെ
ഫിദൽ കാസ്ട്രോ .
വാക്കിൻ്റെ കൈകളിൽ
പൊട്ടിച്ചെറിഞ്ഞ
ചങ്ങലകളുടെ പാടു കാണാം
കണ്ണു കൊണ്ടു മാത്രം
വായിച്ചാൽ
അതു തീരില്ല
കണ്ണീരുകൊണ്ടും
സ്വപ്നം കൊണ്ടും വായിക്കണം
അവന ങ്ങനെയായിരുന്നു
കാലത്തെ വായിച്ചിരുന്നത് .
- മുനീർ അഗ്രഗാമി

അടിപൊളി

അടിപൊളി
...................
പട്ടി കൊല്ലപ്പെട്ടു.
മനുഷ്യൻ കൊല്ലപ്പെട്ടു.
മൃഗീയം,
മാനുഷികം
എന്നീ വാക്കുകൾ മാത്രം
കരഞ്ഞു.
പട്ടിയെ കൊന്നവന്
ജയിൽ;
മനുഷ്യനെ കൊന്നവന്
മെഡൽ.
സങ്കടം സഹിക്കാനാവാതെ
മൃഗീയം എന്ന വാക്ക്
തൻ്റെ അർത്ഥം ഉപേക്ഷിച്ച്
കാടുകയറി
മാനിനെ കൊന്ന്
തിന്നു തുടങ്ങി
മൃഗീയത്തിൻ്റെ അർത്ഥം
എടുത്തണിഞ്ഞ്
മാനുഷികം എന്ന വാക്ക്
കാട്ടിലും നാട്ടിലും
തോക്കുമേന്തി നടന്നു .
അടിച്ചു പൊളിച്ചു
- മുനീർ അഗ്രഗാമി

ഇലഞ്ഞിപ്പൂ പോലെ

ഇലഞ്ഞിപ്പൂ പോലെ 
 .....................................
ഇലഞ്ഞിപ്പൂ പോലെ തണുപ്പു പൊഴിയുന്നു
ഞാനും നീയുമതു പെറുക്കി
പൂത്തുനിൽക്കുന്നു
രാത്രി കറുത്ത ചിറകടിച്ച്
തേൻ നുകരുന്നു
നാം ചേർന്നിരുന്ന്
വസന്തത്തിൻ്റ അർത്ഥമുണ്ടാക്കുന്നു .


- മുനീർ അഗ്രഗാമി 

പള്ളിവേട്ട

പള്ളിവേട്ട
..................
നായാട്ട്
ഒരു വിനോദമാണ്
അന്നം തേടിയിറങ്ങിയ ജീവികളെ
അത് കൊല്ലും
അന്നത്തിനല്ലാതെ.
ഇരയുടെ
വെടിയേറ്റ പാടിൽ നിന്നും
രക്തമൊഴുകി
വറ്റിയ അരുവിയിലൂടെ
കാടിറങ്ങി
രാജാവ് അതിൽ കുളിച്ചു നിന്നു
കുളി ഒരു വിനോദമല്ല
രക്തം ജലവുമല്ല
- മുനീർ അഗ്രഗാമി

അസാധുവാക്കിയ നോട്ടുകൾ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും ?

അസാധുവാക്കിയ നോട്ടുകൾ
ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും ?
പുറത്തിറങ്ങാനാവാതെ
തീർത്തും
നിയമവിധേയമായ തടവറകളിൽ
അവ വീർപ്പുമുട്ടിയിരിക്കുകയാകുമോ ?
തടവറ ചാടി പുറത്തെത്തിയാൽ
പത്രങ്ങളിൽ വായിച്ചപോലെ
തടവുപുള്ളികളോടെന്ന പോലെ
അവയെ വെടിവെച്ചു കൊല്ലുമോ ?
സാധുക്കളെയെന്ന പോലെ
ചുട്ടെരിക്കുമോ ?
സാധുവിനോട്
സാധുവായ
കുട്ടി ചോദിച്ചു .
ആരാണ് അവയെ
അസാധുവാക്കിയത് ?
സാധു ഉത്തരം പറഞ്ഞു
കുട്ടി ഉത്തരം അസാധുവാക്കി,
കുടിലിൽ ചെന്ന്
പട്ടിണി കിടന്നു .
അന്നേരം വിശപ്പ് അവളോട്
മെല്ലെ ചോദിച്ചു , കുഞ്ഞേ
എത്ര എളുപ്പത്തിലാണ്
നീ അസാധുവായത്?
തികച്ചും മൂല്യ രഹിതമായത്?
നിന്നെ പോലെ
മൂല്യമില്ലാതാക്കപ്പെട്ട
മനുഷ്യരി പ്പോൾ
എന്തു ചെയ്യുകയായിരിക്കും ?
- മുനീർ അഗ്രഗാമി

വീണു ലയിച്ച ഇതളുകൾ

വീണു ലയിച്ച ഇതളുകൾ
.........................................
മരണത്തിൻ്റെ ഇതളുകൾ
അത്ര എളുപ്പം മണ്ണിൽ ലയിക്കില്ല
ഓർമ്മയുടെ തുള്ളികൾ പോലെ
അവ ഓരോന്നായി കൊഴിഞ്ഞു വീഴും
വിതുമ്പിയും വിങ്ങിയും
ഓരോ കാറ്റിലും വിറയ്ക്കും
ഉമ്മ(അമ്മ)
ഒരു തുമ്പപ്പൂവ്
അതിനെ ചുറ്റി
എൻ്റെ നിറങ്ങൾ;
ചുറ്റും
മറ്റാരും കാണാത്ത
ഏൻ്റെ പൂക്കളം
വാപ്പ (അച്ഛൻ )
ഒരരിപ്പൂവ്
മഞ്ഞയിൽ നിന്ന് ചുവപ്പിലേക്ക്
ആളുന്ന ജ്വാല
കാറ്റിളക്കുന്ന സായം സന്ധ്യ
സ്നേഹക്കടലല
അതിൻ്റെ തിരകൾക്കടിയിൽ
ഞാനെന്നും ധൈര്യമേറിയ പരൽമീൻ.
ഉമ്മാമ ( വല്യമ്മ), മഴവില്ലിൽ പൂത്തുനിൽക്കുന്ന ചെമ്പകം
തീരാത്ത കഥകളുടെ കണികകളാൽ
വെളിച്ചം ഇതളുപണിയുന്ന
വിസ്മയാരാമം
സുഗന്ധം നിറഞ്ഞ ആകാശം
കാല്പനികമായ മണം
മരണം അത്ര എളുപ്പത്തിൽ
മണ്ണിൽ ലയിക്കില്ല
ലയിക്കണമെങ്കിൽ
ഞാൻ മണ്ണാകണം
പെട്ടെന്ന് ഞാൻ മണ്ണാകുന്നു
സങ്കടങ്ങളുടെ മഹാശയ്യയിൽ
മലർന്നു കിടക്കുന്നു
മരിച്ചവരൂടെ ഇതളുകൾ
എന്നിൽ വീഴുന്നു
ലയിക്കുന്നു
അത് ഭുതം സംഭവിക്കുന്നു!
എൻ്റെ മണ്ണിൽ നിന്നും
ഞാനുണരുന്നു
ആദിമ മനുഷ്യനെ പോലെ
നിന്നെ തിരയുന്നു
എൻ്റെ വാക്കുകൾ
നിന്നെ തേടി പറക്കുന്നു
അതിനിരിക്കുവാൻ
പൂക്കൾ നിറഞ്ഞ
ഒരു ചില്ല വേണം
എന്നിൽ വീണു ലയിച്ച ഇതളുകളുടെ
ആർദ്രത വറ്റിയിട്ടില്ല
നിനക്കു വേണ്ടി
അതെൻ്റെ കണ്ണുകളിൽ
വീടുണ്ടാക്കുന്നു.
- മുനീർ അഗ്രഗാമി

ആദ്യത്തെ അന്നം

ആദ്യത്തെ അന്നം
................
കരയുവാൻ മഴയില്ല
കേഴുവാൻ മൗനമില്ല
വിലാപക്കൊടി കളില്ല
രോദനത്തുടികളില്ല
കുഞ്ഞേ നീയും ഞാനും മാത്രം
ചുറ്റിലും പുരുഷാരമെങ്കിലും
ആരും തുണയില്ലാതെ
മുറിഞ്ഞ പൊക്കിൾകൊടിതൻ
രണ്ടറ്റങ്ങളിൽ
രണ്ടു വിലാപ വിപഞ്ചികകളായ് പിടയ്ക്കുന്നു.
ആശുപത്രിക്കിടക്കയിൽ
അനാഥസ്വപ്നങ്ങൾ പോൽ
അവശരായ്
പിറവിയുടെ തടവുപുള്ളികളായ്
പീഡനമേറ്റു വാങ്ങുന്നു
അമ്മൂമ്മയെ പോൽ
എന്നെത്തലോടുവാനൊരു കാറ്റു വന്നുവോ
കണ്ണീർ തുടയ്ക്കു വാനതിൻ വിറയാർന്ന
ചുണ്ടു മുതിർന്നുവോ?
നനുത്ത വിരലുകളാലതെൻ
സങ്കടച്ചാലുകൾ തുടച്ചുവോ ?
കാറ്റേ, കനിവേറുമൊഴുക്കേയെൻ്റെ
കുഞ്ഞിൻ്റെ കണ്ണീർ തുടയ്ക്കുക
അമ്മയാണെങ്കിലും
മുല ചുരത്തുവാനശക്തയായ് ഞാൻ;
മുലക്കണ്ണു പോലുമ ദൃശ്യ ചങ്ങലകളാൽ
ബന്ധിതം.
പെറ്റെണീറ്റു നിന്നെ കാണുവാൻ കൺതുറക്കവെ,
മാറോടണയ്ക്കുവാൻ കൈതുനിയവെ
തൊടരുതെന്നൊരു ദുശ്ശാസനം കേട്ടു
കണ്ണീരിറ്റി
വിശന്നു വിറയാർന്ന നിന്നധരം പോൽ
ഗർഭപാത്രം വിറച്ചു
എൻ്റെ ആധികളൊരു വേള സംഗീതമാക്കിയ നിന്നാദ്യ രോദനമെന്നിൽ
ദീനമാംവേദനയായ് വീണ്ടുമൊലിച്ചിറങ്ങി
തളർന്നിരിക്കുന്നു.
നീ കരഞ്ഞു വാടിയൊരു
തെച്ചിപ്പൂവിതൾ പോലെ കിടക്കുന്നു.
മുലപ്പാലമൃതമാണെനിക്കും നിനക്കും
അമൃതമാമൊരു ബന്ധം
മരിക്കാതിരിക്കുവാൻ .
അമ്മയെന്ന രണ്ടക്ഷരം
മറക്കാതിരിക്കുവാൻ
തടഞ്ഞു നിർത്തുന്നു, നിനക്കന്ന മേകേണ്ടോൻ;
മുലയൂട്ടുവതെങ്ങനെ കുറ്റമാകു മോമനേ?
നിനക്കാദ്യാന്നമായ്
രുചിക്കുവാൻ ,
എന്നെ നിന്നമ്മയാക്കുവാൻ,
പിറവി തൻ വർഷാകാലത്തിൽ
എന്നിൽ പിറവിയെടുത്തതാണാ പാലരുവി!
ജനിച്ച നാൾ തൊട്ടു
നിനക്കു പീഡനം
മതാന്ധം കാലം ;
മുല ചുരത്തുവാനുവാദം
ചോദിച്ച്
കഴുത്തിലെ സ്വർണ്ണച്ചങ്ങലയ്ക്ക്
ഉറപ്പു കൂട്ടുവാൻ മാത്രമെനിക്കനുവാദം.
പരുഷമാണ് കുഞ്ഞേ
പുരുഷ വിധികൾ
അന്ധവിശ്വാസമവരുടെ കണ്ണുപൊത്ത വെ
ഞാനും നീയുമതിന്നിരകൾ
ഒരു നാൾ നീയും പുരുഷനായുയരും
അന്നു നീ മനുഷ്യനായ്
പൂത്തുലയുവാൻ മാത്രമെൻ്റെ പ്രാർത്ഥന! പ്രാർത്ഥന .

-മുനീർ അഗ്രഗാമി

ആദരാജ്ഞലികൾ

ആദരാജ്ഞലികൾ .....
....................................
മരണം വീണ മീട്ടി
അതിൻ്റെ നാദത്തിൽ
നീ ലയിച്ചു പോയി
നിന്നസാന്നിദ്ധ്യത്തിൽ
നീ പാടിയ പാട്ടുകൾ
എന്നിൽ വന്നിരുന്നു
നീയില്ലല്ലോ എന്ന സങ്കടം
കഴുകിക്കളഞ്ഞു
അതെൻ്റെ കണ്ണീരായി
പാട്ടുകൾ നനഞ്ഞു
ഹിന്ദോളം കുതിർന്നു
തില്ലാന കൺതടത്തിൽ പടർന്നു
ഇല്ല
കരയുകയല്ല
പാട്ടുകൾ ,
പാടിയവനെ ഓർത്ത്
ഒരു നിമിഷം വീണു പൊട്ടിപ്പോയതാണ് ,
ജീവിതം അതിൻ്റെ
വീണ മീട്ടുമ്പോൾ
അറിയാതെ .
- മുനീർ അഗ്രഗാമി

പിണക്കം

പിണക്കം
................
ഇപ്പോൾ
ഞാൻ രാത്രിയാണ്;
നക്ഷത്രങ്ങൾ തെളിയാതെ
ഒളിച്ചിരിക്കുന്നു
പിണക്കം മൂടൽമഞ്ഞായി
ആകെ മൂടുന്നു;
തമ്മിൽ കാണാതെ
ഇനി
നിൻ്റെ ചിരി
സൂര്യനായി ഉദിക്കണം
വെളിച്ചത്തിൽ
എൻ്റെ ഇരുട്ട്
കഴുകിക്കളയാൻ .
-മുനീർ അഗ്രഗാമി

ഒലീവലയും കൊണ്ട് ഒരു പരുന്ത്

ഒലീവലയും കൊണ്ട്
ഒരു പരുന്ത്
.........................
ആരും ഒന്നും മിണ്ടിയില്ല
മൗനം അവർക്കു മുകളിൽ
തണുത്തുറഞ്ഞു
മഞ്ഞുകാലമായി
ശവക്കച്ച പോലെ
മഞ്ഞു പെയ്തു കൊണ്ടിരുന്നു.
അതിർത്തിയിൽ നിന്ന്
ഒലീവലയും കൊണ്ട്
ഒരു പരുന്ത് പറന്നു വന്നു,
തലസ്ഥാനത്തിരുന്നു
സമാധാനത്തെ കുറിച്ച്
സംസാരിച്ചു
വെള്ള പുതച്ചു കിടക്കുന്ന രാജ്യം
ചരമഗാനം പോലെ അതു കേട്ടു
പക്ഷേ
പ്രതീക്ഷയുടെ ഒരില
മഞ്ഞിനുമുകളിൽ ഉയർന്ന്
സൂര്യനെ വിളിച്ചു പറഞ്ഞു ,
പ്രണയിക്കുന്നവരുടെ
നിശ്വാസത്തിൻ്റെ ചൂടിനാൽ
മഞ്ഞുരുകിയേക്കും;
ജീവിതം ചലിച്ചേക്കും
പണമല്ല അവരുടെ
കൈമാറ്റ വ്യവസ്ഥയുടെ ഏകകം
ചുംബനം കൊടുത്ത്
ചുംബനം വാങ്ങുന്ന
ആദിമ വിനിമയമാണത്
ആരും ഒന്നും മിണ്ടിയില്ല
ചുണ്ടുകൾ വിറച്ചു .
പ്രിയമുള്ളൊരു വാക്കിനാൽ
പൂത്തുലയുന്ന പ്രണയിനിയെ പോലെ
രാജ്യം
മാലാഖയുടെ വസ്ത്രമണിഞ്ഞ്
മഞ്ഞുകാലമാഘോഷിക്കുവാൻ
കാത്തിരുന്നു
അതിൻ്റെ കണ്ണിൽ നിന്നും
ഒരു മഞ്ഞുതുള്ളി
ജാതിയറിയാത്ത
മതേതരമായ പുൽക്കൊടിയിലേക്ക്
ഇറ്റി വീണു
അതിലാണ് നാളെ സൂര്യനുദിക്കുക
എല്ലാവരുമപ്പോൾ
പ്രകാശത്തെ കുറിച്ച്
സംസാരിച്ചു തുടങ്ങും
- മുനീർ അഗ്രഗാമി

പ്രശംസ

പ്രശംസ
(നഗ്ന കവിത )
..................
അവർ നല്ല കുട്ടികളാണ്
അവരൊന്നും മിണ്ടില്ല
നല്ല അച്ചടക്കത്തിലാണ്
വാ തുറന്നാൽ
ഇംഗ്ലീഷേ സംസാരിക്കൂ
ഷൂസും ടൈയും ധരിച്ച്
അസംബ്ലിയിൽ നിൽക്കുന്നത് കാണണം
മിലിട്ടറി പോലും തോറ്റു പോകും
എവിടെയും
എത്ര നേരം വേണമെങ്കിലും
അവരങ്ങനെ നിന്നോളും
രാജ്യത്തിൻ്റെ ഭാവി
അവരുടെ കൈകളിൽ ഭദ്രമാണ് .
-മുനീർ അഗ്രഗാമി
ജലകവിതകൾ
--------------
സൗഹൃദം
................
സുഹൃത്തായി അടുത്തുകൂടെ 
ഒഴുകിയിരുന്ന നദികൾ
വറ്റിയിട്ടും
 ഫേസ്ബുക്കിലും വാട്സാപ്പിലും വന്നു
പഴയ ഓർമ്മകൾ ഷെയർ ചെയ്യുന്നു .
ചേച്ചി
........
കുളിരിന്റെ തുള്ളികൾ തന്നു
ഓർമ്മയിലൂടെ ഒഴുകിപ്പോയ
ചേച്ചിയാണ് തുലാവർഷം
കണ്ണീരു തീർന്നുപോയിട്ടാവും
ഇക്കുറി കണ്ടതേയില്ല .
തമ്മിൽ
........
പ്രഭാതത്തിൽ രണ്ടു മഞ്ഞു തുള്ളികൾ
തമ്മിൽ സംസാരിച്ചു
ചുംബിച്ചു
ഒന്നിച്ചു ജീവിക്കാൻ വേണ്ടി ഇലയിറങ്ങി
മണ്ണിന്റെ രഹസ്യത്തിലെവിടെയോ
ഒളിച്ചിരുന്നു.
ദൈവം
.......
മഴത്തുകളിലൂടെ
ദൈവം ഭൂമിയിൽ വന്നു
എന്റെവേരുകളിലൂടെ
ഹൃദയത്തിലെത്തി
നിന്നെക്കുറിച്ചു
സംസാരിച്ചുകൊണ്ടിരുന്നു .
ഓളം
.......
കടലിനോളം പഴയ
ഒരോളം എന്നിൽ തിരയടിക്കുന്നു
നിന്നെ തിരഞ്ഞ് .
ഏതോ മരുഭൂമിയിൽ
........................
കുളപ്പടവിൽ
കുട്ടിക്കാലം വെച്ചുമറന്ന
ഒരു തുള്ളിയുടെ നഷ്ടം
നികത്താനാവാതെ
മുതിർന്നു പെയ്യുന്നു
ഞാനേതോ മരുഭൂമിയിൽ .
ഇരകൾ
.........
അണക്കെട്ടിൽ മുങ്ങിമരിച്ച
മരങ്ങൾ മീനുകളായി
ഇപ്പോഴും ഇരവിഴുങ്ങി ചൂണ്ടലിൽ കുടുങ്ങുന്നു
ഇരകൾക്ക് മരണമില്ല
ചേർത്ത്
...........
ഒരേമഴയിൽ നടക്കുമ്പോൾ
ഒരു കുളിരു നമ്മെ ചേർത്ത് പിടിക്കുന്നു
വേദനകൾ കഴുകിക്കളയുന്നു
പ്രണയപൂർവ്വം
.....................
കടൽ മലകളെ തൊട്ടുനോക്കുന്ന
കൈകളാണ് പുഴകൾ
ആ കൈകൾ വെട്ടിക്കളയല്ലേ
പ്രണയിക്കുമ്പോൾ
ഉപ്പോ ചവർപ്പോ
ആരും പുറത്തു കാണിക്കില്ല .
രഹസ്യം
...........
ഇലത്തുമ്പിൽ
ഒരു മുടിത്തുമ്പുണ്ട്
വേരുകളിലേക്ക്
ഇറങ്ങിപ്പോകുന്ന
ഒരുതുള്ളിയും

പൂവിടുന്ന...

പൂവിടുന്ന താഴ് വര
നീ ,

സ്വപ്നം
ഞാനൊരു ദേശാടനക്കിളി;

ഉറക്ക് ,
ഉണർന്നിരിക്കുന്ന വസന്തം.
- മുനീർ അഗ്രഗാമി

അസാധു

അസാധു
..................
ക്ഷമ
ഒരിഴജീവിയാണ്
'ക്യൂ'വിൽ
മനുഷ്യൻ്റെ കാലുകളിൽ
തേരട്ടയെ പോലെ
അതിഴയുന്നു ;
ബാങ്കിലേയ്ക്കും
എടിഎമ്മിലേക്കുമുള്ള
വരികളിലൂടെ അതിഴയുന്നു
അതിനു ചിറകും കൊക്കും നഖവും
മുളയ് ക്കേണ്ട സമയം കഴിഞ്ഞു
പരിണാമ ( സിദ്ധാന്ത)ത്തെ
ആരാണ് അസാധുവാക്കിയത് ?
- മുനീർ അഗ്രഗാമി

നിശബ്ദത പുതച്ച്

ആരും ആർക്കുവേണ്ടിയും
ശബ്ദിച്ചില്ല
നിശബ്ദത പുതച്ച്
അവർ 4 ജി ആസ്വദിച്ചു.
പേമാരിയും കൊടുങ്കാറ്റും
അവരെ കടന്നു പോയി
അവ കൊണ്ടുപോയ
നിശ്ശബ്ദത പോലും
അവരറിഞ്ഞില്ല
വെടിയൊച്ചകളും
സ്ഫോടനങ്ങളും നടന്നു
അവർ അവരുടെ മാത്രം നിശ്ശബ്ദതയിൽ
ആയതിനാൽ കേട്ടില്ല
എന്നോ ആരോ അവരെ
എഴുതിത്തള്ളിയിരുന്നു
അവരതറിഞ്ഞില്ല
അസാധുവായതെല്ലാം
കൂട്ടിയിട്ട്
പുതിയ
റോസാപ്പൂക്കളുടെ തോട്ടത്തിലിട്ട്
അവരെ ഉടനെ
കത്തിച്ചേക്കും.
നരകത്തീയുടെ ശബ്ദത്തിൽ
ഹിറ്റ്ലർ
ഹിംലറോട്
സംസാരിക്കുന്നത്
സാത്താൻ ഒളിഞ്ഞു നിന്നു കേട്ടു .
ഏതോ പീഡനത്തിൻ്റെ
വേദനയിലിരുന്ന്
ആൻ ഫ്രാങ്ക് എന്നു പേരുള്ള കുട്ടി
എല്ലാം കാണുന്നു
അദ്ധ്വാനിച്ചു നേടിയ സമ്പാദ്യം ലഭിക്കാൻ
തൻ്റെ ജനതയെ
ആരാണ്
അത്ര നിശ്ശബ്ദമായി
പൊരിവെയിലത്ത്
നിർത്തിയിരിക്കുന്നത് ?
ഡയറിയിൽ
20 16ലെ കറുത്ത തിയ്യതികൾ
അവളുടെ കണ്ണീർ വീണു തെളിഞ്ഞു.
അതിനു താഴെ
ആരോ വരച്ച
കറുത്ത വരകളിൽ
വരിവരിയായി
തീർത്തും നിശ്ശബ്ദമായി
അവളെഴുതുകയാണ്
അവളുടെ ജീവിതം.
- മുനീർ അഗ്രഗാമി

എഴുതി

എഴുതി ,
മനസ്സിലെ
കണക്കു പുസ്തകത്തിൽ.
തളളുവാനാവില്ലിനി
എത്ര കോടി ലഭിച്ചാലും
എത്ര കൊടി പിടിച്ചാലും.
- മുനീർ അഗ്രഗാമി

നവംബറിൻ്റെ നഷ്ടം

നവംബറിൻ്റെ നഷ്ടം
........................................
നവംബർ
തൻ്റെ നഷ്ടം തിരഞ്ഞിറങ്ങി
യാതൊരു വിലയുമില്ലാതെ
മക്കൾ അസാധുവാക്കിയ
അച്ഛനമ്മമാരെ കണ്ടുമുട്ടി
മൂല്യങ്ങൾ കൊഴിഞ്ഞ് ,
ഉണങ്ങിയ
വലിയ വൃക്ഷം കണ്ടു
അതിനെ സംസ്കാരമെന്നു വിളിച്ചു
അതിൽ
കടവാതിലുകളെ പോലെ
കുറേ പേർ തൂങ്ങിക്കിടക്കുന്നു
രാത്രിയിൽ ചിറകുവിരിച്ച് പറക്കുന്ന
മോഹങ്ങളാണവ
നടന്നു നടന്ന്
ഡിസംബറിലെത്തും മുമ്പ്,
നഷ്ടപ്പെട്ട മഴവെള്ളം
സ്വപ്നം കാണാനുറങ്ങ,ി
ഉണർന്നപ്പോൾ
പണം അസാധുവായിരിക്കുന്നു;
സ്നേഹം മാത്രം ബാക്കിയായി.
സ്വപനത്തിൻ്റെ വിരലുകൊണ്ട്
സ്നേഹമെടുത്ത്
മക്കൾക്ക് കൊടുക്കാനായ് നടന്നു
നഷ്ടങ്ങൾ മാത്രം കാലിൽ ചുറ്റി
വീണു
ഒരില പോലെ.
അതിനു മുകളിൽ ഡിസംബർ
രണ്ടു മഞ്ഞുതുള്ളിയുമായ് പൊള്ളിനിന്നു.
- മുനീർ അഗ്രഗാമി

ഗ്രാമദേവത

ഗ്രാമദേവത
......................
നഗരം കടിച്ചു മുറിച്ച
ചുണ്ടുമായ്
ഗ്രാമം
പുഴയിൽ ചാടി
വറ്റിപ്പോയി.
- മുനീർ അഗ്രഗാമി

രാജാവ് നഗ്നനാണെന്നു തന്നെയാണ്...

രാജാവ് നഗ്നനാണെന്നു തന്നെയാണ്...
///////////////////////////////////////////////////////
രാജാവ് നഗ്നനാണെന്നു തന്നെയാണ്
അവനിപ്പോഴും പറയുന്നത്
എടിഎം ക്യൂവിലോ
ബാങ്കിലെ വരിയിലോ
ബീവറേജിനു മുന്നിലും
സിനിമാശാലയിലും നോക്കി
സർ
അവിടെയൊന്നും അവനില്ല
ഇന്നിതിലെ കടന്നു പോയ
ശിശുദിന റാലിയിൽ
ചാച്ചാജിയുടെ വേഷം കെട്ടിയത്
അവനാണ്.
സ്കൂളിലെത്തിയാൽ
അവനിൽ നിന്നവരത്
അഴിച്ചെടുക്കും
സിലബസ്സ്
പഠിച്ചു തീരുംമുമ്പവിടെ ചെന്നാൽ
അവനെ തിരിച്ചറിയാം,
ഒരൊറ്റ രാത്രി കൊണ്ട്
അസാധുവായിപ്പോയ
വസ്ത്രം
അവൻ കാണില്ല
അറിവ്
പേടി പുറത്തു നിർത്തിയ
കുട്ടിയാണ്
സർ
അവനെ കിട്ടിയില്ല
അവൻ സ്വന്തം വാക്കുകളുടെ കുതിരപ്പുറത്ത്
പാഞ്ഞു പോയി
കാഴ്ചയും
ഉൾക്കാഴ്ച്ചയുമാണ്
അവൻ്റെ കുതിരയുടെ
കണ്ണുകൾ '
- മുനീർ അഗ്രഗാമി

ദി പൈഡ് പൈപ്പർ( The Pied Piper)

ദി പൈഡ് പൈപ്പർ( The Pied Piper)
................................
പണ്ട്
ജർമ്മനിയിൽ ഹാംലിനിൽ
കുഴലൂത്തുകാരൻ വന്നു,
എലികളേയും കുട്ടികളേയും
കൊണ്ടു പോയി
പുതിയ കാലത്ത്
മറ്റൊരു രാജ്യത്ത്
കുഴലൂത്തുകാരൻ വന്നു
കഥയറിഞ്ഞതിനാലാവാം
എലികളോ
കുട്ടികളോ
പിന്നാലെ പോയില്ല
പക്ഷേ മുതിർന്നവർ മുഴുവനും
വരിവരിയായി
അവനെ പിന്തുടർന്നു
അവൻ ഊതിക്കൊണ്ടിരുന്നു
അവരിൽ ഒരാൾ പോലും
കഴലൂത്തുകാരൻ്റെ കഥ
വായിച്ചിരുന്നില്ല
അന്ന്
അവൻ വന്നത്
പ്ലേഗ് പടർന്നു പിടിച്ചപ്പോഴായിരുന്നു
ഇന്നത്തെ പകർച്ചവ്യാധിയുടെ പേര്
ആർക്കുമറിയില്ല
തലച്ചോറിൽ നിന്ന്
തലച്ചോറിലേക്ക്
പ്ളേ ഗിനെകാൾ വേഗത്തിൽ
അതു പടരുന്നു.
മുതിർന്നവരെ
തിരിച്ചു കിട്ടണേ എന്ന്
കുഞ്ഞുങ്ങളും എലികളും
അവനോട് പ്രാർത്ഥിച്ചു കൊണ്ടി രുന്നു
- മുനീർ അഗ്രഗാമി

ക്യൂ

പണത്തിനു മീതേ
ഒരു പരുന്തു പറക്കുന്നു
അതിൻ്റെ കൊക്കിൽ
മനുഷ്യ ശരീരങ്ങൾ
താഴെ ബേങ്കിൽ
അവരുടെ ആത്മാക്കൾ
ഇപ്പോഴും ക്യൂ നിൽക്കുന്നു.
- മുനീർ അഗ്രഗാമി

എൻ്റെ നഗരം എൻ്റെ ഗ്രാമത്തെ ഓർക്കുന്നു

എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു
...........................................................
എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു.
എൻ്റെ സ്വർണ്ണപ്പല്ല്
എൻ്റെ പാൽപ്പല്ലിനെ
ഓർക്കുമ്പോലെ
എൻ്റെ മാളിക
എൻ്റെ കട്ടപ്പുരയെ ഓർക്കുമ്പോലെ
എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു
അക്രമാസക്തരായ നായ്ക്കൾ
സ്നേഹനിധികളായ നായ്ക്കളെ
സ്വപ്നം കാണുമ്പോലെ
തിരക്കേറിയ രാജ പാത
ഒറ്റയടിപ്പാതയെ കുറിച്ച്
വിചാരിക്കുമ്പോലെ
എൻ്റെ മുറ്റത്ത് പാകിയ കരിങ്കല്ല്
കൂർമ്പൻമലയെ ഓർത്ത്
കരയുമ്പോലെ
എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു
ഓർമ്മ മാത്രമാണ്
ഇപ്പോൾ
എൻ്റെ ഗ്രാമത്തിലേക്കുള്ള വഴി.
ഞാനത് മറന്നിരിക്കുന്നു
എൻ്റെ നഗരം
എനിക്കതു പറഞ്ഞു തരികയാണ്
സ്വർണ്ണം പൂശിയ വിഗ്രഹം
തൻ്റെ എണ്ണക്കറുപ്പ്
ഓർത്തെടുക്കുമ്പോലെ
പ്രയാസപ്പെട്ട്
ഞാൻ എൻ്റെ തൊലിയുരിക്കുന്നു
ഒരിഴജീവിയായെങ്കിലും
കുളപ്പടവിലൂടെ
ഒന്നു പോകണം
ഒരു കൊറ്റിയായി
വയൽ വരമ്പിൽ
നിന്നെ കാത്ത് നിൽക്കണം
ചെമ്മൺ പാതയുടെ തണുപ്പിൽ
ഒരു മുയൽ ക്കുഞ്ഞിനെ പോലെ
ഓടണം
സ്കൂൾ വരാന്തയിലൂടെ ഒരു വാലാട്ടി ക്കിളിയായി
നടക്കണം
എൻ്റെ വെളുത്ത മുടിയിഴകൾ
കറുത്ത മുടിയിഴകളെ ഓർക്കുന്നു
നഗരം ഗ്രാമത്തെ ഓർക്കുമ്പോലെ
എൻ്റെ കൺതടത്തിലെ ചുളിവുകൾ
നിൻ്റെ കൺതടത്തിൻ്റെ
മിനുസമോർക്കുമ്പോലെ
കിടന്ന കിടപ്പിൽ
മരുന്നിൻ്റെ മണം
കുതിച്ചോടിയ
ചെമ്പക സുഗന്ധത്തെ യെന്ന പോലെ
എൻ്റെ നഗരം
എൻ്റെ ഗ്രാമത്തെ ഓർക്കുന്നു
എന്നിലെ നഗരം
എന്നിലെ ഗ്രാമത്തിലെത്താൻ
ശ്രമിക്കുന്നു
ഓർമ്മ മാത്രമാണ്
ഇപ്പോൾ
എൻ്റെ ഗ്രാമത്തിലേക്കുള്ള വഴി.
-മുനീർ അഗ്രഗാമി

ഇന്നെനിക്ക് പൂക്കളെ കുറിച്ചെഴുതണം

ഇന്നെനിക്ക് പൂക്കളെ കുറിച്ചെഴുതണം
.............................
ഇന്നെനിക്ക് പൂക്കളെ കുറിച്ചെഴുതണം.
തോട്ടക്കാരനില്ലാതെ
അനാഥമായ ഒരു ചെടിയിലിരുന്ന്.
ചെടിയുടെ മനസ്സിലിരുന്ന്;
ചെടിയുടെ ഹൃദയത്തിലിരുന്ന്
ഞാനവിടെയിരിക്കട്ടെ
ഞെട്ടിലേക്ക് തിരിച്ചു പറക്കുന്ന
ഒരു പ.ൂവായി;
പൂമ്പാറ്റയായി
കൊഴിഞ്ഞു കരിഞ്ഞ്
കാറ്റിൽ പാറുന്ന
ഒരിതളായി;
ഒരു തേൻകുരുവിയായി.
വഴിതെറ്റിപ്പോയ
പരാഗങ്ങളെ തിരിച്ചെത്തിക്കാൻ
ശ്രമിക്കുന്ന ഒരുറുമ്പായി.
ഓരോ വാക്കും ഓരോ പൂവായി
വിടർന്നെങ്കിൽ!
ഓരോ വരിയും ഒരു പൂന്തോട്ടമായെങ്കിൽ!
കവിത
ഒരു പൂക്കാലമാകുമോ ?
അയ്യോ!
എനിക്കെന്തിനാണ് പൂക്കാലം
ഒറ്റപ്പെട്ട
ആ ചെടിയെ കുറിച്ച്
അന്നേരം ആരെഴുതും ?
ഒറ്റപ്പെട്ട പൂവിനെ കുറിച്ചാണല്ലോ
ഞാനെഴുതുന്നത് .
ഒറ്റപ്പെട്ട ചെടിയിൽ ഒരു പൂവുണ്ട്
ഒറ്റപ്പെട്ട പൂവിൽ
ഒരു സൂര്യനുണ്ട്
അതിൻ്റെ വെളിച്ചത്തിൽ
ഞാനെഴുതട്ടെ .
എഴുതുമ്പോൾ
ഞാനൊരു ഗ്രഹമാകുന്നു
പൂമ്പാറ്റയെ പോലെ
തേനീച്ചയെ പോലെ
ജീവൻ്റെ ഭ്രമണപഥത്തിൽ
ഒരു ചുറ്റൽ.
അക്ഷരങ്ങൾ എൻ്റെ ഉപഗ്രഹങ്ങൾ
തീർച്ചയായും വായനക്കാരൻ
പര്യവേഷകൻ തന്നെ
അവൻ ചന്ദ്രനിലെന്ന പോലെ
ഒരുപഗ്രഹത്തിലെങ്കിലും
കാലു കുത്തും .
അന്നേരം മാത്രം
ആ പൂവ് വിടരുന്നു,
...വി...ട...രു...ന്നു...
-മുനീർ അഗ്രഗാമി