കുതിര

 കുതിര

.............
ഏഴിലകളുള്ള കുതിരയെ
സ്വപ്നം കണ്ടു.
എല്ലാ മരങ്ങൾക്കും വേണ്ടി
അത് കുതിച്ചു പാഞ്ഞു.
മൗനത്തിന്റെ താഴ് വരയിലൂടെ
കാറ്റു പോലെ കുതിച്ചു
കുന്നിറങ്ങുന്ന അരുവിയുടെ
തൊട്ടടുത്ത് അതു നിന്നു
കുതിരയുടെ
ഏതോ ഒരിലയിലേക്ക്
ഒരു കിളി
പെട്ടെന്ന് പറന്നു വന്നു
ചുവന്ന ചിറകുകൾ ഒതുക്കിയിരിക്കുന്ന
അതിന്റെ പേരെനിക്കറിയില്ല
ഞാനതിനെ പൂവെന്നു വിളിച്ചു
നിങ്ങൾക്കതിനെ
സിന്ദൂരപ്പൊട്ടെന്നോ
മഞ്ചാടിയെന്നോ
രക്തബിന്ദുവെന്നോ വിളിക്കാം
അതിനു പരാതിയുണ്ടാവില്ല
കുതിര ഇപ്പോൾ കുതിക്കും
അതിനു മുമ്പ് വിളിക്കൂ
- മുനീർ അഗ്രഗാമി

Like
Comment
Share

ബധിരനായ മുക്കുവൻ

 ബധിരനായ മുക്കുവൻ

...................................................

ശംഖിനുള്ളിൽ നിന്നും

കടൽ പുറത്തെടുത്ത്
ഇതെന്റേതല്ലെന്നു പറഞ്ഞ്
എനിക്കു തന്നു ,
ബധിരനായ മുക്കുവൻ
- മുനീർ അഗ്രഗാമി

ദീർഘാപാംഗൻ

 ദീർഘാപാംഗൻ

............................................

മാലിനിനദിക്കരയിൽ

മാലകന്നു
നിൽക്കുകയാണീ
ദീർഘാപാംഗൻ
പഴയ പോലെ
നദിയുടെ കണ്ണിൽ
തെളിയുന്നില്ലെന്റെ
പ്രതിബിംബമിപ്പോൾ
ജലം
കണ്ണു കലങ്ങിയേതോ
ഓർമ്മയുടെ
വേദനയായൊഴുകുന്നതു
മാത്രമറിയുന്നു
- മുനീർ അഗ്രഗാമി

ജലത്തിൽ നിന്നല്ലാതെ

 ജലത്തിൽ നിന്നല്ലാതെ

.................................................

കവിത മറ്റൊരു കടലാണ്

മഴത്തുള്ളിയിൽ നിന്ന്
കണ്ണീർത്തുള്ളിയിൽ നിന്ന്
അത് തുടങ്ങും
ജലത്തിൽ നിന്നല്ലാതെ
അതിന് തുടങ്ങാനാവില്ല.
-മുനീർ അഗ്രഗാമി

അദ്വൈതം

 ദ്വൈതം

രണ്ടല്ല ഒന്നു തന്നെ

ചിന്തിക്കിൽ

രണ്ടു ചുണ്ടുകൾ
ചേർന്നുണ്ടാകുമദ്വൈതം
- മുനീർ അഗ്രഗാമി

 നാം രണ്ടു പ്രവാഹങ്ങൾ

ഒരേ കടൽ.
_മുനീർ അഗ്രഗാമി

സുഹൃത്ത്

 സുഹൃത്ത്

..................
അഞ്ച് രൂപയ്ക്ക്
ബിസ്ക്കറ്റ് വാങ്ങണോ വേണ്ടയോ എന്ന്
രണ്ടു വട്ടം ആലോചിക്കുന്നു സുഹൃത്ത്
അവൻ മാത്രമല്ല
രാജ്യം മുഴുവനും
അങ്ങനെ ആലോചിക്കുന്നു എന്ന്
പത്രത്തിലുണ്ട്
ലോണടച്ചതിന്റെ ബാക്കി കൊണ്ട്
എന്തൊക്കെ ചെയ്യുമെന്ന്
കണക്കുകൂട്ടിയിരിക്കുന്നു സുഹൃത്ത്
വടക്കുനിന്നും സഹായമൊന്നുമില്ല
തെക്കുനിന്നുമില്ല
കുഞ്ഞുനാളിൽ കിട്ടിയ സമ്മാനങ്ങൾ
സ്വന്തം വയറ്റിലിട്ട് കത്തിക്കുന്നു സുഹൃത്ത്
ഉള്ളിൽ കത്തുന്ന ആ തീയുടെ വെളിച്ചം
അവന്റെ മുഖത്തുണ്ട്
കുട്ടികൾ അതിനെ
അവരുടെ സുര്യനെന്ന് തെറ്റിദ്ധരിക്കുന്നു
കമ്പനിയിൽ നിന്നും
പിരിച്ചുവിട്ടതിൽ പിന്നെ
അവനെ കാണാൻ ചെന്നതിന്നാണ്
വരുന്നെന്നു പറഞ്ഞപ്പോൾ
അവൻ പറഞ്ഞു
ഒന്നും വാങ്ങിക്കൊണ്ടു വരരുത്
നീ തിരിച്ചു പോയാൽ
അതിന്റെ രുചി
താങ്ങി നിർത്തുവാനുള്ള ശേഷിയില്ല.
- മുനീർ അഗ്രഗാമി

കൊണ്ടു നടക്കുന്നുണ്ട്

 കൊണ്ടു നടക്കുന്നുണ്ട്

...............................................

എല്ലാ കിളികളും

പറക്കൽ ഒപ്പം കൊണ്ടു നടക്കുന്നു
കവിയും അത്
കൊണ്ടു നടക്കുന്നുണ്ട്
ചിറക് പുറത്തെടുക്കാനാകാത്തതിനാൽ
അയാൾ പറക്കലും പുറത്തെടുക്കുന്നില്ല
ചിറകുകൾ കരിഞ്ഞാണോ
കൊഴിഞ്ഞാണോ തീരുന്നത്
എന്ന അന്വേഷണമാണ്
അയാളുടെ എഴുത്ത്.
- മുനീർ അഗ്രഗാമി
You, Hasna Yahya, ഷെമീർ പട്ടരുമഠം and 54 others
9 comments
2 shares
Like
Comment
Share

സമയം കുടിക്കുന്ന യക്ഷൻ

 ഭാരതപ്പുഴ മണലിൽ

ഇരുട്ടു തൊട്ടുകൂട്ടി
സമയം കുടിക്കുന്നു
യക്ഷൻ
ചീവീടുകൾ
തവളകൾ
അവനോടു കലഹിക്കുന്നു
രാമഗിരി തിരഞ്ഞ്
കാണാതെ മടുത്തവൻ
നക്ഷത്രമെണ്ണി
സമതലത്തിലിരിക്കുന്നു
പറന്നു കഴിഞ്ഞ്
വിശ്രമിക്കുന്ന
നാലു ഹംസങ്ങൾ
അവനെ നോക്കിയേതോ
കഥയയവിറക്കുന്നു
നാലു ജെസിബികൾ
കുന്നിൻ ചോര തുടയ്ക്കാത്ത വിരലുകൾ
വിടർത്തി
അവനെക്കോരുവാൻ
കണ്ണു തുറക്കുന്നു.
-മുനീർ അഗ്രഗാമി

എന്തിനായിരിക്കും ?

 എന്തിനായിരിക്കും ?


..........................................


ഒരു കിളിയും വെറുതെ ഇരിക്കുന്നില്ല

കി ളി യി രു ന്ന കൊമ്പിലൂടെ
ഒരുറുമ്പ്
ധൃതിയിലെങ്ങോ പോകുന്നു
ഒരുറുമ്പും
വെറുതെ പോകുന്നില്ല
കാടു കണ്ടു തീരാതെ
ഞാനൊരു മരമായ് നിന്നു
എന്റെ ചില്ലയിൽ വന്നിരിരിക്കുമൊരു കിളി
എന്തിനായിരിക്കുമത് ?
എന്തിനായിരിക്കും ?
-മുനീർ അഗ്രഗാമി

ഉഭയജീവിതം

 ഉഭയജീവിതം

...............
എത്ര കുടകൾ നാം
മാറി മാറിച്ചൂടി!
എന്നിട്ടും മഴ ശമിച്ചില്ല
ശമനത്തിന്റെ താളം
എന്റെ നെഞ്ചിലോ
നിന്റെ നെഞ്ചിലോ
മിടിച്ചില്ല
ഒരുൾവിളിയാൽ
കുടകൾ മാറ്റി വെച്ച്
ഉടലളവുകളിൽ
പാകമായ നനവ്
നാം രണ്ടു പേരുമണിഞ്ഞു
ഉഭയജീവിതത്തിന്റെ
ആദ്യപടി കടന്നു
രണ്ടാം ഘട്ടത്തിൽ
പ്രണയം ചിറകുകൾ തന്നു
നമുക്കിപ്പോൾ
ആഴത്തിന്റേയും
ഉയരത്തിന്റേയും രഹസ്യങ്ങളിൽ
ഒരുമിച്ച് ചെവി ചേർക്കാം
ഇപ്പോൾ പെയ്യുന്നതൊക്കെയും
നമുക്കിടക്കൊരു ചാറ്റൽ മാത്രം
വെറും മഴച്ചാറ്റൽ മാത്രം.
- മുനീർ അഗ്രഗാമി

 നിങ്ങൾ (നീ) തൂവുന്ന

ഒരു കണ്ണീർത്തുള്ളിയും വെറുതെയാവില്ല
അത് കരുതലിന്റെ സൂര്യൻമാരാണ്
അതിന്റെ വെളിച്ചത്തെ
എനിക്കറിയാം
എന്റെ പുതു തളിരുകൾ
അത് വെളിപ്പെടുത്തുന്നു
- മുനീർ അഗ്രഗാമി

ഒറ്റയാവാതിരിക്കാനുള്ള വിളി

 മഴയുടെ മനസ്സിൽ

കയറിക്കിടന്നു
ഒറ്റയ്ക്ക്.
ഒരോർമ്മയുടെ
ഇറയത്ത് നിന്ന്
എറെ നേരമായ്
തണുക്കുകയായിരുന്നു
മഴ
ഓരോ തുള്ളിയുടെയും
വാതിൽ തുറന്ന്
രാത്രിയുടെ വെളിച്ചം
കാണിക്കുന്നു
കറുത്ത വെളിച്ചത്തിൽ
തണുത്ത ചൂട്
മഴയിന്ന്
മനസ്സടയ്ക്കില്ല
വരൂ,
ഈ സത്രത്തിൽ
ഇനിയുമിടമുണ്ട്.
ഒറ്റയാവാതിരിക്കാനുള്ള
വിളിയുണ്ട് .
- മുനീർ അഗ്രഗാമി

ഫോട്ടോഗ്രാഫറും പകലും

 വിശന്നു മരിച്ച കുട്ടിയുടെ

ഫോട്ടോയെടുത്തു
ഫോട്ടോഗ്രാഫറും പകലും
പടിഞ്ഞാറേക്ക് നടന്നു പോയി
അയാൾ
എത്തിച്ചേർന്ന ആഗ്രഹത്തിൽ വെച്ച്
അസ്വസ്ഥതകളെ കഴുകിക്കളയാൻ
തുടങ്ങവേ
ഈ രാത്രിയെ എന്തു ചെയ്യുമെന്നറിയാതെ
പിടഞ്ഞു ;
വിരിപ്പിൽ അയാൾ
മലർന്നു കിടക്കുന്ന ഒരു വണ്ട്.
പുലരുന്നതിനു തൊട്ടുമുമ്പ്
ഒന്നു മയങ്ങിയപ്പോൾ
ആ കുട്ടിയുടെ അമ്മ
എല്ലാ വാരിയെല്ലുകളും ഉയർത്തിപ്പിടിച്ച്
അയാൾക്കു മുന്നിൽ വന്നു നിന്നു
ഉപ്പ് മുളക് അരി
അപ്പം എന്നൊന്നും പറയാതെ
അമ്മ കൈ നീട്ടി
അയാൾ തന്റെ ഹൃദയം
ആതിൽ വെച്ചു കൊടുത്തു
അവർ കരഞ്ഞു
അയാൾ തന്റെ ക്യാമറ വെച്ചു കൊടുത്തു
അവർ കരഞ്ഞു
അയാൾ താൻ പാഴാക്കിക്കളഞ്ഞ
ഭക്ഷണ പദാർത്ഥമെല്ലാം വെച്ചു കൊടുത്തു
അവർ കരഞ്ഞു
ഇപ്പോൾ
ഈ രാത്രി
പ്രളയത്തിൽ അയാൾ
ആ കുട്ടിയുടെ ഫോട്ടോ ഉയർത്തിപ്പിടിച്ച്
നിൽക്കുന്നു
അമ്മ കരയുന്നു
ഓരോ കണ്ണീർത്തുള്ളിയും
അയാളെ ചുറ്റുന്നു.
- മുനീർ അഗ്രഗാമി

മതേതരം

 ഒരു മണി വറ്റിനെ നോക്കൂ

എത്ര മതേതരമാണത്
അതിന്റെ വെൺമ
അന്നജം ,ഊർജ്ജം
വിത്തിൽ നിന്നും
അരിയിലേക്കുള്ള വഴി
എത്ര മതേതരമാണത്!
ഒരു കൂട്ടം ഉറുമ്പുകൾ
നിലത്തു വീണിട്ടും
അതിനെ ഉപേക്ഷിക്കാതെ
ഉയിരിനോടു ചേർക്കുന്നു
അത്രയും സൂക്ഷ്മതയോടെ.
- മുനീർ അഗ്രഗാമി