നഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ ..................................................


നഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ
..................................................
സ്പർശിച്ച ചിലർ
വസന്തം പോലെ
മറയുമ്പോൾ
നഷ്ടപ്പെട്ടവരുടെ
ഇഷ്ടങ്ങളിൽ നിന്ന്
സങ്കടം പറന്നു വരും
ചിടകടിച്ച് തളർന്ന്
കടൽത്തിരകളെ പോൽ
നമ്മെ നനയ്ക്കും
അനാഥമായ കിളി
മരം വീണതറിയാതെ
മരം തേടുമ്പോൽ
നഷ്ടപെട്ടവരുടെ
ഇഷ്ടങ്ങളിലേക്ക്
മനസ്സ്പറക്കും
അവർക്കിഷ്ടമാം പാട്ടുകൾ
കേൾക്കവെ അത്
നമുക്കവർ തൻ രോദനം
അവരുടെ ഇഷ്ട ഭക്ഷണം
കഴിക്കവേ
നമുക്കവർ തൻ രുചി
അവർക്കിഷ്ടമാം
വസ്ത്രം ധരിക്കവേ
നമ്മിലവർ തൻ കണ്ണുകൾ
അവർ ചലിച്ച ഇടങ്ങളിൽ
കാറ്റു വന്നു നോക്കവേ
നമുക്കതവർ തൻ നിശ്വാസം
ഇഷ്ടപ്പെട്ടവരുടെ നഷ്ടത്തിൽ ,
നഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ
നഷ്ടപ്പെടുന്നേയില്ല

താമസം


താമസം
..............
കുന്നിക്കുരുവിൽ
കുന്നോളം സ്വപ്നത്തിൽ
രണ്ടു നിറങ്ങൾ
പാർത്തിരുന്നു
അതിൽ
കൺപീലികളുടെ
കറുപ്പിൽ ഞാനും
ഹൃദയത്തിൻ്റെ ചുവപ്പിൽ നീയും
ഒളിച്ചു താമസിച്ചിരുന്നു
ആരുമറിയാതെ
ആരും കാണാതെ
എത്ര വലുതായിട്ടും
നമുക്കുള്ളിൽ നിന്നും
രണ്ടു കുട്ടികൾ
അതു കാണാൻ പോവുന്നു
സങ്കടങ്ങൾ ചാടിക്കടന്ന്
ദു:ഖം നീന്തിക്കടന്ന്
വേദന വലിച്ചെറിഞ്ഞ് .

പുറത്തായവളോട്


പുറത്തായവളോട്
...............
അടുക്കളയിൽ നിന്നും
പുറത്തായവളേ
നീ
വേദിയിലുണ്ടായിരുന്നില്ല
വേലിക്കൽ പോലും
ഉണ്ടായിരുന്നില്ല
എന്നിട്ടും നിന്നെ തേടി
ആരും വന്നില്ല
പണ്ടും അങ്ങനെയായിരുന്നു
നിന്നെ തേടിയാരും വന്നിരുന്നില്ല
നീയായിരുന്നു തേടിപ്പോയത്
രാധയായ്
ഗോപികയായ്
ഉത്തരയായ്
ശൂർപ്പണഖയായ്...
മീരയായ്
തേടിക്കൊണ്ടിരിക്കെ
നീ സമരം ചെയ്തു നേടിയ
ഇടത്തിൽ നിന്നും
പുറത്തായി
അകത്തായവരുടെ
അകത്ത് നീയില്ല,
പുറത്തായ നിൻ്റെ അകത്ത്
അവരുണ്ട്
അതുകൊണ്ട്
എളുപ്പം നിന്നെ
അവർ പറ്റിക്കുന്നു
നിന്നെ ഓർമ്മയിൽ കെട്ടിയിട്ട്
അവർ നിൻ്റെ സ്വത്വം
വിവർത്തനം ചെയ്ത് വിൽക്കുന്നു

ബുദ്ധനോടിക്കുന്ന വണ്ടി


ആഗ്രഹങ്ങളുടെ വണ്ടിയിൽ നിന്ന്
ഇറങ്ങിയോടുമ്പോൾ
ബുദ്ധൻ കൈ നീട്ടി
നിർത്തുന്നു
ബുദ്ധൻ കയറുന്നു
സ്വപ്നങ്ങൾ എടുത്തെറിയുന്നു
ബുദ്ധനോടിക്കുന്ന
വണ്ടിയാകുന്നു 
പിന്നെ നാം .

മാഷേ ... മാഷേ ...


മാഷേ ... മാഷേ ...
..............................
കണ്ണിൽ കടലുമായ് വന്ന
എൻ്റെ കുട്ടിയെ
നീ മരുഭൂമിയാക്കിക്കളഞ്ഞു.
മാഷേ
നീ സൂര്യൻ തന്നെ.
ഇനിയവൻ
ഈന്തപ്പനകളെയും
ഒട്ടകങ്ങളെയും തേടിപ്പോകും
ഞാൻ തളരുമ്പോളിനി
ആരുടെ കണ്ണിൽ നിന്നാണൊരു
തണുത്ത കാറ്റു വീശുക?
ആരുടെ തീരത്താണ്
ആശ്വാസത്തോടെ
ഒന്നു കിടക്കുക!

മിസ് കോൾ


മിസ് കോൾ
.....................
റിങ്ങ് ടോണുകൾ കള്ളം പറയില്ല
കാണാമറയത്തു നിന്നു നീ
എന്നിലേക്കു വെക്കുന്ന ചുവടുകൾ
സംഗീതമാക്കിയവ എനിക്കു തരുന്നു
താളം വറ്റിപ്പോയ കാലത്തിൻ
ചെറു ചില്ലയിലിരുന്നതു
കേൾക്കവേ
ഉത്തരമേകുവ തെങ്ങനെ
വാക്കുകൾ തീർന്നു പോയ പാട്ടുകാരൻ!
ശ്രുതിയോടെ മീട്ടുമൊരേകാന്ത വീണയിൽ
നിൻ്റെ വാക്കുകൾ
ചിറകടിക്കുമെങ്കിലും
തകർന്നു പോയ കൂട്ടിലേക്കതിനെ
വിളിക്കുവതെങ്ങനെ
റിങ്ങ് ടോണുകൾ
നിൻ്റെ പേരുമായ് സ്ക്രീനിൽ നൃത്തം ചെയ്യവേ
നോട്ടം മാത്രമതിൽ
വിലയം പ്രാപിക്കുന്നു
മഹാതപസ്സ് തുടങ്ങുന്നു ,
വിളികളാകുവാൻ
വാക്കുകൾ പൂക്കുന്ന
ഒരു മരമാവണം.
നിൻ്റെ കിളിമൊഴികൾക്ക്
ചേക്കേറുവാൻ
ഒരു പൂമരമാവണം

കാത്തിരിക്കുന്നു


കരൾ കൊത്തിപ്പറന്ന കിളി
 വരുമെന്നോർത്തൊരാൾ
കരൾ വെച്ച പാത്രം
കണ്ണീരുകൊണ്ടു കഴുകി
കാത്തിരിക്കുന്നു

സങ്കടത്തിൻ്റെ തുള്ളി


സങ്കടത്തിൻ്റെ ഒരു തുള്ളി മതി
ആഘോഷമതിൽ മുങ്ങും
പ്രളയത്തിലെന്നപോൽ
ആനന്ദമെങ്ങോ ഒഴുകി മരിക്കും

വാക്കുകൾ അഭയാർത്ഥികൾ


വാക്കുകൾ അഭയാർത്ഥികൾ
................................................
അവശരായെത്രപേർ
അനാഥരായെത്ര പേർ
വീടും കൂടുമില്ലാത്തോർ
അഭയം തേടിയലയുന്ന വാക്കുകൾ
അഭയാർത്ഥികൾ
അമ്മിയും ചമ്മന്തിയുമേതോ
വിലോഭ സ്മൃതികളിൽ
അമ്മയ് ക്കൊപ്പം
അടുക്കള കാണാതെ
പലായനം ചെയ്യുന്നു
പൈതലെന്നൊരു വാക്ക്
കടൽ കടക്കുവാൻ തുനിയവേ
കടലിൽ വീണു മരിക്കുന്നു
കരയിൽ
മച്ചും വെളിച്ചിലും
കൊലച്ചിലും
മുത്തിയെേപ്പാൽ
അനാഥരായ് പൊള്ളി നിൽക്കുന്നു
ഉറിയും ഉരലും
തറിയും പരണും
വീടു തകർന്ന ശരണരായ്
മലവെള്ളത്തിനൊപ്പം
മലദൈവത്തിനൊപ്പം
നാടുവിട്ടോടുന്നു
കൈതോലപ്പായ
തേൻവരിക്ക
കൊടിത്തുവ്വ
തഴുതാമ
വിളിപ്പേരു മറന്നു പോയ
മറ്റു പല പല വാക്കുകൾ
ജന്മനാട്ടു വിട്ടു പോകയായ്
അധിനിവേശത്തിൻ
ബൂട്ടിന്നടിയിൽ
ഞെരിഞ്ഞു നട്ടെല്ലു തകർന്നു പോയ്
ബാല്യമാഘോഷിച്ച വെള്ളത്തണ്ടുകൾ
ആങ്ങള,
പെങ്ങൾ,
മാമനും
മരുമക്കളും
വല്യമ്മയും
വയറ്റാട്ടിയും
വെടിയേൽക്കുവാൻ
നിരായുധരായ് വെറുംവാക്കുകളായ്
കാത്തു നിൽക്കുന്നു
ആരുപോകിലും
ആരു തകരിലും
പകരം വെയ്ക്കുവാൻ
വാക്കുകൾ വിതറുന്നൂ
നവയുദ്ധമുറകൾ
ഇടവഴിയെ തടവിലാക്കുന്നു റോഡുകൾ
കാക്കപ്പൂവിൻ ചിരിയെ
തൂക്കിലേറ്റുന്നു
യന്ത്രക്കഴുമരങ്ങൾ
പേടിയാണോരോവാക്കിനും
സഭയിലും ചന്തയിലും
ഉത്സവപ്പറമ്പിലും നിൽക്കുവാൻ
കാടുകത്തുന്ന പേടമാനിനെപോൽ
വിറയ്ക്കുന്നു
മലനാട്ടിൽ മലയാളമെന്ന
മഹാ വാക്ക്
കരഞ്ഞും ചിരിച്ചും
കൊലവിളിച്ചുംവന്ന
മഴയെ നാം വിളിച്ചപേരുകൾ
മഴയുടെ കൈ പിടിച്ചു നടന്ന
കാറ്റു നമുക്കു തന്ന
പദാവലികൾ
രാവിൻ നെടുവീർപ്പുകൾ
നമ്മിലെഴുതിയ ശബ്ദകോശങ്ങൾ
അകന്നു പോകുന്നു
അന്നമില്ലാതെ യെങ്ങോ
അഭയം തേടി.
ആരവരെയേറ്റെടുക്കും
ആരവരെ തിരിച്ചറിയും ?
അതിർത്തികളെന്നോ
കൊട്ടിയടച്ച ന്യവാക്കുകൾ
തോക്കുമായ് നിൽക്കും വഴി നടക്കുന്നതെങ്ങനെ ?
കരയിൽ പൂത്ത വാക്കുമായ്
കടൽ നീന്തുന്ന തെങ്ങനെ ?
മണ്ണിൽ വേരുകളായ്
പടർന്നവ
വിണ്ണിലുയരുന്നതെങ്ങനെ ?
ഹൃദയത്തിൽ
ഇളവെയിലേറ്റു കിടന്ന
വേലിപ്പടർപ്പും
കരിയിലക്കിളിയും
ഓലേ ഞ്ഞാലിയും
പോകുന്ന വേദനയാൽ
അമ്പും വില്ലുമുണ്ടാക്കി
പ്രതിരോധിക്കുവാൻ
ദുർബ്ബലൻ ബലവാനാകുന്നു
വന്നു വീഴുന്നവാക്കിൻ ഷെല്ലുകളാലവ
തകരുന്നുവല്ലോ
വാക്കുകൾക്കൊപ്പം
വാക്കു നെഞ്ചേറ്റിയവരും
അഭയാർത്ഥിയാകുന്നുവോ ?

രമണീയം


രമണീയം
................
നിനക്കൊപ്പം നടന്നു
നിലവിളി കടന്നു
നിലാവിൻ മടിയിലിരുന്നു
മഴത്തോർച്ചയറിഞ്ഞു
മധുര മന്ദാരങ്ങൾ പൂത്തു
പുഞ്ചിരി പൂക്കാലമായി
കൊക്കൂണുകൾ പൊട്ടി
ദിവസങ്ങൾ ചിറകടിച്ചു
മഴ വന്നു കാറ്റു വന്നു
മഞ്ഞു വന്നു എന്നും
നല്ലോണമായി

തിളക്കം


തിളക്കം
..............
സ്വയമറിയാതെ
ഉദിച്ചുയരുമെൻ
പുലരിയൊരു
മന്ദസ്മിതത്തിൻ
തുള്ളിയിൽതട്ടി
തിളങ്ങുമ്പോൾ
ഓരോ നിമിഷവും
ഓരോ പ്രണയ ലേഖനം.
ഓരോ നിശ്വാസവും
ഓരോ ഋതു.
ഓരോ ചലനവും
ഓരോ നൃത്തം.
ഓരോ രശ്മിയും
പുതു പകലിൻ
വിരലുകൾ.
അവ പിടിച്ചു നടക്കുക
നടക്കുക
നിമിഷങ്ങളെടുത്ത്
വായിക്കുക
വായിക്കുക

തിരകൾ


തിരകൾ
.............
ആഴമല്ല
പരപ്പാണ്
തിരകളെ
വളർത്തുന്നത്
കാറ്റ്
അവയുടെ പുറത്തു കയറി
കടലു കടക്കുമ്പോൾ
അവ കുതിരകൾ
ജലത്തിൽ നിന്നിറങ്ങി
കരയിൽ
അപ്രത്യക്ഷമായവ
എൻ്റെ മനസ്സിൽ താമസിക്കുന്നു
നിന്നെ കാണുമ്പോൾ അവ
നിന്നിലേക്ക് ചാടുന്നു
ചുഴികളുണ്ടാക്കുന്നു
നാം പച്ചപ്പാടത്ത്
ഒരു തത്തയെ
ഒരുമിച്ച് നോക്കിയിരിക്കുമ്പോൾ
മനസ്സിൽ നിന്നിറങ്ങി
അവ നെല്ലിൻ തുമ്പിലൂടെ നടക്കുന്നു
നാം വയലു കടക്കുമ്പോൾ
അവ കളിക്കുട്ടികൾ
വരമ്പിൻ്റെ വക്കിലോളം വന്ന്
നമ്മെ തൊട്ട് ചിതറുന്ന ചിരികൾ
ആഴമല്ല
പരപ്പാണ്
തിരകളെ കെട്ടഴിച്ചുവിടുന്നത്
സന്തോഷത്തിൻ്റേയും
സന്താപത്തിൻ്റേയും
സ്വാന്തനത്തിൻ്റേയും
പരപ്പ്
നമ്മിലുള്ള കാറ്റ്
നമ്മെ തിരയാക്കുമ്പോലെ
അനുഭവിക്കുന്ന തിരകൾ
നമ്മെ കാറ്റാക്കുമോ ?
കുതിരപ്പുറത്ത്
രാജാക്കളെ പോലെ
ഒരിക്കലെങ്കിലും
ഒന്നു മുന്നേറുവാൻ !

കാലം ...........



വറ്റിപ്പോയ
ഒരു കാലത്തിൻ്റെ വക്കത്ത്
അതിൻ്റെ ആഴം നോക്കി
ഇരിക്കുകയാണ്
എൻ്റെ ദാഹം.

പെയ്യുമ്പോൾ


പെയ്യുമ്പോൾ
...... ................
പെയ്യുമ്പോൾ
മഴയുടെ ഭാഷയിൽ
മഴ നിന്നോട് പറയുന്നത്
എനിക്ക് നിന്നോടു പറയാനുള്ളതാണ്
സംഗീതമെന്നാരതിനെ
തെറ്റിദ്ധരിച്ചാലും
നീയതറിയാതിരിക്കരുത്
ഓരോ തുള്ളിയിലും
നിനക്കുള്ള കുളിര്
ഞാൻ കൊടുത്തയച്ചിട്ടുണ്ട്
അതു വായിച്ച്
നീയെൻറ മഴകൊള്ളുക.
നീയടുത്തില്ലാത്തതിൻ
ശൂന്യത
കണ്ണീരിൽ കയറിയിരുന്നെന്നെ
പൊള്ളിക്കുമ്പോഴും.

മൈക്രോ കവിത -9 -നിലാവ് ............



അമ്പിളിപ്പൂവിൽ
നിന്നും പറക്കുന്നു
നിലാശലഭങ്ങൾ

എത്തിയില്ലല്ലോ


എത്തിയില്ലല്ലോ സഖീ
നാം രണ്ടാളുമിന്നോളം
രാവുകൾ നീന്തിയിട്ടും
പുലരിപ്പൂവാടിയിൽ!

കുഞ്ഞോളം


കുഞ്ഞോളം
....................
സമയസിന്ധുവിൽ
അവളൊരു കുഞ്ഞോളമായ്
കളിക്കുന്നു
തിരത്തള്ളൽ
തിരക്കിൻ്റെ
തിരയായവളറിയുന്നു
കുഞ്ഞലയിൽ
കാറ്റിനൊപ്പം
കുഞ്ഞിലകളും വന്നു
കളിയിലായവൾ
കളിവഞ്ചിയായവൾ
കുഞ്ഞോളമായവൾ
തുഴഞ്ഞെത്തി
അവളവളിലെ
കുഞ്ഞിനോളം

മൈക്രോ കവിത - 7


-
നയതന്ത്രം
.................
നിൻ്റെ
ചൂടിലെൻ
മഞ്ഞുരുകുന്നു
................

പായസം


പായസം
..............
അഞ്ചാം വയസ്സിൽ
അമ്മ തന്ന പായസം
ഇന്നലെയാണ്
കൂടുതൽ മധുരിച്ചത്
ഓരോ ആണ്ടിലും
അതിനു മധുരമേറുമ്പോൾ
ഓർമ്മകളിൽ നിന്ന്
അതെടുത്തു കുടിക്കും.
അമ്മയുടെ നിറമായിരുന്നു ആ രുചിയ്ക്ക്
അമ്മ മരിച്ചന്നു രാത്രി
മധുരമേറിയേറി വന്ന്
അതെന്നെ കരയിച്ചു;
നാക്കിലയിൽ നിന്ന്
നാക്കിലേക്ക് കൈപിടിച്ച് നടന്ന രുചി
അമ്മയുടെ കൈ പിടിച്ചായിരുന്നു
അന്നേരം നടന്നത്.
ഇന്നലെ വെറുതെയിരിക്കെ
അമ്മ അടുത്തുവന്നു
എങ്ങും നെയ് പായസത്തിൻ്റെ മണം
പരന്നു പകലൊഴുകുകയായ്
എന്നെ നോക്കുവാൻ മാത്രമന്നേരം
ഞാവൽ മരത്തിലൊരു കാക്ക വന്നു
അമ്മ എൻ്റടുത്തിരുന്നു;
ഞാനറിഞ്ഞ മഹാരുചിയായ്.

മൈക്രോ കവിത - 4-



യുദ്ധം
.................
വെളളപ്രാവിൻ
രക്തം
വെള്ളക്കൊടിയിൽ

മൈക്രോ കവിത - 3 -


ജീവിതം
.................
മഴയെഴുതിയ
പുഴയിൽ
നാം മീനുകൾ .
..................

മൈക്രോ കവിത - 2 -


രാധാമാധവം
.................
അവളിൽ
ആലിലയിൽ
ഞാൻ.

മൈക്രോ കവിത



വഞ്ചന
...........
മൊഞ്ചുളള
ഭൂതം
വഞ്ചന

തണൽ


തണൽ
..............
എൻ്റെ ഗ്രാമത്തിൽ
തണലുകൾ അടിച്ചു വാരുന്ന ചൂലുമായ്
വന്നവനാണ് വികസനം
തണലിൽ
എന്നെ കാണാൻ വന്നവർ
കൊഴിച്ചിട്ട തൂവൽ
തണലിൽ കേട്ട
കുളിർമ്മയുള്ള കൂവൽ .
തണലിൻ
സംഗീതം മീട്ടിയ പാറൽ
എല്ലാം കൊണ്ടു പോയേതോ
ചവറ്റുകുട്ടയിൽ ഇട്ടു
പൊള്ളിപ്പോയ
ഓർമ്മകളിൽ നിന്ന്
ഞാനിപ്പോൾ വെയിലു കൊള്ളുകയാണ്

വീഴ്ച


വീഴ്ച
............
അഹിംസയെ
ഹിംസ പിടിച്ചപ്പോൾ
ബുദ്ധനെയും
ഗാന്ധിജിയെയും
കാണാതായി
ഹിറ്റ്ലറും
മുസ്സോളിനിയും
പ്രത്യക്ഷപ്പെട്ടു
ഹിംസ പുലിയും
അഹിംസ
മാനുമെന്ന ഉപമ
കുട്ടികൾക്ക്
മനസ്സിലായതേയില്ല
മാനുകളെല്ലാം
അവരുടെ കുട്ടിക്കാലത്തിനും മുമ്പേ
വെടിയേറ്റു വീണിരുന്നല്ലോ!

കുന്നും കുഞ്ഞും .


കുന്നും കുഞ്ഞും
...........................
മാഷ് കുന്നെന്നെഴുതി
കുന്നു കാണാത്ത കുഞ്ഞുങ്ങൾക്ക്
അർത്ഥം കിട്ടിയില്ല
മാഷ് അനുഭവം പറഞ്ഞു
അനുഭവത്തിലുള്ള തൊന്നും
കുഞ്ഞുങ്ങൾക്ക്
അനുഭവമായില്ല
അർത്ഥം നഷ്ടപ്പെട്ട വാക്ക്
മയയ്ക്കുന്നതിനു മുമ്പ്
മാഷ്ക്ക് വെളിപാടുണ്ടായി
മാഷ് പറഞ്ഞു,
കുന്ന് ഒരു രക്തസാക്ഷിയാണ്
കൊല്ലും കൊലയും കണ്ട കുഞ്ഞുങ്ങൾക്ക് വേഗം
കാര്യം പിടികിട്ടി
മാഷ് തുടർന്നു
ആ രക്തസാക്ഷിയെ
അടക്കം ചെയ്താണ്
വയലു തീർന്നു പോയത്

തുമ്പത്ത്
..............
സങ്കടത്തിൻ്റെ തുമ്പത്ത്
ഒരു തുമ്പി.
പച്ചപ്പ് തിന്നത്
കാട്ടുതീയോ
നാട്ടുതീയോ
എന്നതിനറിയില്ല
വെന്തു കൊണ്ടിരിക്കുന്ന
ഹൃദയത്തിനു മുകളിൽ
അതു വട്ടമിട്ടു പറന്നേക്കും
ചിറകുകൾ
ബാക്കിയുണ്ടെങ്കിൽ!

കൂടുമ്പോൾ


കൂടുമ്പോൾ
.....................
കൂടുമ്പോൾ നാമറിയാതെ
ഒരു കൂടുണ്ടാകുന്നു
നമ്മുടെ ആഗ്രഹങ്ങൾ കൊണ്ട്.
കൂടുമ്പോൾ
നമ്മെ അറിയുന്ന
ഒരു കൂട്ടുണ്ടാകുന്നു
നമ്മുടെ ആനന്ദങ്ങൾ കൊണ്ട്.
കൂടുമ്പോൾ
മുമ്പകപ്പെട്ട കൂടുകളുടെ വാതിൽ
തകരുന്നു
നമ്മുടെ ഒരുമ (ഒരുമ്മ ) കൊണ്ട്.
കൂടുമ്പോൾ
എന്നോ കുടഞ്ഞെറിഞ്ഞ കുടുക്കുകൾ
തിരിച്ചെത്തുമെന്ന പേടി
തരിപ്പണമാകുന്നു
നമ്മുടെ ശക്തി കൊണ്ട്.
കൂടുമ്പോൾ
കൂടുന്ന സ്നേഹത്തിൽ
വാക്കുകൾ കൊറിച്ച്
നാം കാറ്റുകൊള്ളുന്നു
നമ്മുടെ സംഗീതം കൊണ്ട്.

സ്വപ്നത്തിൻ്റെ തിരയിൽ



സ്വപ്നത്തിൻ്റെ തിരയിൽ
ഇതാ എൻ്റെ തോണി കുതിക്കുന്നു
സൂര്യൻ ഉദിക്കുന്നതും കാത്ത്.
നിശ്വാസങ്ങൾ തുഴഞ്ഞു പോകുന്ന
തോണി
സങ്കടച്ചുഴി കടന്ന്
ഉറക്കം വിട്ട്
ഉണർവിലേക്ക് വേഗം വേഗം.
..
ഇരുൾ തുളച്ച്
വെളിച്ചത്തിലേക്ക്
നീന്തുന്നു
ഉറക്കത്തിലല്ല
ഉണർവ്വിലേ
അത് തിരയടികളിൽ ജീവിക്കൂ

ഉല്ലാസക്കാറ്റിൽ ഉറച്ച മനസ്സുമായേ
മുന്നോട്ടു പോകൂ
സ്വപ്നത്തിൻ്റെ തിരയിൽ
ഇതാ എൻ്റെ തോണി
വെളിച്ചത്തെ ചുംബിക്കുന്നു
കാത്തിരുന്ന സൂര്യനെ അറിയുന്നു

നിനക്കു വേണ്ടി ഞാൻ പുഷ്പിക്കും


ഞാൻ പൂത്തുനിൽക്കുമ്പോൾ
നീ അടുത്തു വരരുത്
എൻ്റെ വസന്തത്തിൽ
നീ മുങ്ങിപ്പോവും

അതെനിക്കു കാണേണ്ട
എൻ്റെ ഇലകളും പൂക്കളും
കൊഴിഞ്ഞിരിക്കുമ്പോൾ
നീയെൻ്റെ ചില്ലയിൽ വന്നിരിക്കുക

നിനക്കു വേണ്ടി ഞാൻ പുഷ്പിക്കും
അന്നേരം
ഒരിക്കലും കൊഴിയാത്ത
ഒരു വസന്തം
നമ്മെ എടുത്തു നടക്കും

ഉള്ളതും ഇല്ലാത്തതും


ഉള്ളതും ഇല്ലാത്തതും 
*****************************
മനസ്സിൽ
കുന്നുള്ളവരിലേയുള്ളൂ
കുന്നോളം കൊടുക്കുവാൻ.
കുന്നു കുഴിയാക്കിയവരിൽ
ഉണ്ടാവില്ലൊരു
കുന്നിക്കുരു പോലും.

അദ്ധ്യാപകൻ


അദ്ധ്യാപകൻ
.......................
അദ്ധ്യാപകൻ മരിച്ചു,
സങ്കടത്തോടെ
അവൻ വിതച്ച അക്ഷരങ്ങൾ
അടുത്തുവന്നു
വാക്കുകളായി.
വാക്ക് വാക്കിനോട്
അവനെ കുറിച്ച് പറഞ്ഞു
പറഞ്ഞതൊക്കെയും
സ്നേഹമായി.
സ്നേഹം അവനെ
വിളിച്ചുണർത്തി
മരണം നുണപറയുകയാണ്.
അദ്ധ്യാപകൻ മരിക്കുന്നില്ല

മലർ


മലർ
...........
എത്ര വെന്തിട്ടാണ്,
വെന്തു പൊരിഞ്ഞിട്ടാണ്
ഉള്ളു കാണിച്ചൊന്നു
വെളുക്കെ
ചിരിച്ചതെന്നറിയുക

എത്ര ചൂടു സഹിച്ചിട്ടാണ്
നിൻ്റെ തണുത്ത കൈയിൽ
പ്രസാദിച്ചതെന്നറിയുക
മലരേ എന്നു
നിൻ്റെയൊരു
 വിളികേൾക്കുവാൻ

തുന്നൽക്കാരൻ (പ്രണയകവിത)



............................
നിനക്കുള്ള പൂക്കൾ
എൻ്റെ സ്വപ്ന നൂലുകൾ കൊണ്ട്
തുന്നി വെച്ചിട്ടുണ്ട്
നോട്ടങ്ങളുടെ ഷാൾ
എൻ്റെ കണ്ണിൽ നിന്ന്
നിൻ്റെ കണ്ണിലേക്ക്
പറക്കുമ്പോളതു കാണാം
പ്രണയത്തിൻ്റെ
കാറ്റുണ്ടെങ്കിൽ.

അന്നം


അന്നം
...........
സ്നേഹത്തിൻ്റെ ഇലയിൽ
നീ വിളമ്പിയ വെൺമകൾ
ഓരോ പിടിവാരുമ്പോഴും
അറിഞ്ഞിരുന്നില്ല
ഹൃദയം നിറയുന്നത് .
സ്വാദു കൂടുമ്പോൾ
ഏതന്നമാണ് മതിയാവുക !

ഗുരുവിനോട്



ഗുരോ
ജീവിതം മടുത്തപ്പോൾ
അങ്ങയുടെ വാക്കുകളുടെ
ആഴത്തിലേക്ക്
ഒരൊറ്റ ചാട്ടം.
പുതു ജീവിതത്തിലേക്ക്
ഒരു നീന്തൽ .
ആഴത്തിൻ്റെ ഉയരത്തിൽ നിന്ന്
നക്ഷത്രങ്ങൾ പറിക്കുന്നു
കരകയറാതെ
ആഴത്തിൻ്റെ ആഴത്തിൽ നിന്ന്
മുത്തുകൾ പെറുക്കുന്നു
മുങ്ങാതെ
ഗുരോ
അങ്ങയുടെ ശാന്തമായ കടൽ
എനിക്കു വീട്
പക്ഷേ
അങ്ങയുടെ
ജാതിയും മതവും കൊണ്ട്
ആരൊക്കെയോ വലനെയ്തു കൊണ്ടിരിക്കുന്നു
അവരെന്നെ പിടികൂടുമോ ?
അങ്ങയുടെ വാക്കിൽ
തുടിക്കുന്ന ജീവനെയൊക്കെയും
അവർ പിടികൂടുമോ ?

ഫ്ലാറ്റ്


ഫ്ലാറ്റ്
...
വയലുകളുടെ
ഖബറിടത്തിലെ
മീസാൻ കല്ലുകളാണ്
ഫ്ലാറ്റുകൾ

ഒരു ലളിത കവിത:



ഹൈക്കു .
................
തളിരിലയിൽ
ഇളം വെയിൽ
പ്രണയ സ്മിതം

ഒരു കടുംകവിത.


.
സ്നേഹമഞ്ഞ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നിനക്കൊപ്പം നടക്കുമ്പോൾ
മരുഭൂമി ഒരു മഞ്ഞപ്പൂവ്
നിൻ്റെ കൈ പിടിക്കുമ്പോൾ
മഞ്ഞയിതളുകളിൽ
സൂര്യൻ്റെ തുള്ളികൾ

നീ എന്നിൽ വീഴുമ്പോൾ
മണൽക്കാറ്റൊരു
മഞ്ഞപ്പൂമ്പാറ്റ
എത്ര പെെട്ടന്നാണ് നാം പൂമ്പൊടികളായത്
ഒരു തുള്ളി ജലം പോലുമില്ലാതെ
എത്ര വേഗത്തിലാണ്
ഒരു പൂക്കാലം
നമ്മെ എടുത്തു നടന്നത്!
............... ................. ....

ഹൈക്കു കവിത


...............................
ഇടവഴിയിലൂടൊരു മഴ
മലയിറങ്ങുന്നു
പുഴയിലേയ്ക്കൊരു വഴിയായ്

കാവൽ.


കാവൽ...
കൊയ്യാൻ നെല്ലില്ലാണ്ടായാൽ
അരിവാളെന്തുചെയ്യും;
നക്ഷത്രങ്ങളെ 
അരിഞ്ഞിടുകയല്ലാതെ !
പാറകളെല്ലാം
പൊട്ടിച്ചു തീർന്നാൽ
ചുറ്റിക എന്തു ചെയ്യും;
നക്ഷത്രങ്ങളെ തകർക്കുകയല്ലാതെ !
അമ്പലത്തിൽ ആൾത്തിരക്കേറിയാൽ
ദേവിയുടെ കൈയിലെ
തൃശൂലമെടുത്ത്
ഇടം വലുതാക്കുകയല്ലാതെ
എന്തു ചെയ്യും!
പക്ഷേ
യഥാർത്ഥ സഖാവ്
വംശനാശം വരാതെ
അവസാനത്തെ നെൽവിത്തിനു
കാവൽ നിൽക്കുന്നുണ്ട്
യാഥാർത്ഥ വിശ്വാസി
പൂജിക്കാൻ
 വയലുകൾ ബാക്കി വെക്കാൻ ശ്രമിക്കുന്നുണ്ട്
നീയും ഞാനും
നിറം മങ്ങിയ കൊടിയുടെ
തണലിലാണിപ്പോഴും
കൊടിയുടെ നിറം
ഏതെന്നു മനസ്സിലാകുന്നില്ല
തെറിച്ചു വീഴുന്ന ചോരയുടെ
നിറം മാത്രം മനസ്സിലാവുന്നു
മനസ്സിൽ നിന്നു പോയ
നെല്ലിൻ്റേയും പുല്ലിൻ്റെയും നിറം
നമുക്ക് തിരിച്ചു കൊണ്ടുവരണം
കയ്യിലെ വടിവാൾ വലിച്ചെറിഞ്ഞ്
ഞാറുകളേന്തണം
നാം തിരിഞ്ഞു നോക്കാത്ത
ആ രണ്ടുപേർ
നമ്മെ കാത്ത്
വയലിൽ തന്നെയുണ്ട്
വംശനാശം വരാതിരിക്കാൻ!

തോൽവി

തോൽവി
..................
വന്യതയേറിയേറിയെൻ നാട്
കാടായതിൽ പിന്നെ
സദാ ഉണർന്നിരിക്കുന്ന കാട്ടിൽ
ഉറങ്ങിപ്പോയതാണെൻറെ സങ്കടം


എല്ലാ ദിക്കിൽ നിന്നും
ഭരണകൂടത്തിൻറെ
ഉറക്കുപാട്ട് മാത്രമാണ് കേട്ടത്
താളവും വൃത്തവും നിറഞ്ഞ
ജീവിതംവിരിച്ചാണ് കിടന്നത്
കാട്ടാറും മു ളങ്കൂട്ടങ്ങളുമാണ്
താരാട്ടിയത്


ഉറങ്ങരുതെന്ന് മനസ്സു പറഞ്ഞിട്ടും
ഉറങ്ങിപ്പോയി
ഉണർന്നപ്പോൾ
മുയലായി മാറിയിരുന്നു
ആരാണെന്നെ മനുഷ്യനല്ല താക്കിയത് ?


ഉറങ്ങുമ്പോൾ
എത്ര ആമകൾ
എന്നെ മറികടന്നിട്ടുണ്ടാകും ?


ഇനി പാട്ടുകളുടെ ഓർമ്മയിൽ
തോൽവിയാ ഘോഷിക്കാൻ
ഒരു രൂപയുടെ അരി വാങ്ങാൻ
റേഷൻ കയിൽ ക്യൂ നിൽക്കട്ടെ !

രക്ഷാബന്ധൻ


രക്ഷാബന്ധൻ
...........................
ഒടുവിൽ
എൻറെകൈയ്യിൽ
നീയുമിന്നൊരു ചരടു കെട്ടി
നിന്നെ രക്ഷിക്കണമെന്നു പറഞ്ഞ്.

നോക്കൂ നീ കാണാത്ത
എത്രയെത്ര ചരടും ചങ്ങലകളുമാണ്
എൻറെ കയ്യിലും കാലിലും.
രക്ഷപ്പെടാനായിരുന്നു ,
അതഴിച്ചു കളയാനായിരുന്നു
എനിക്കു നിന്നെ വേണ്ടിയിരുന്നത്

പക്ഷേ
ആരോ പറഞ്ഞതു കേട്ട്
നീയും കെട്ടുന്നു
കെട്ടുപാടുകളുടെ
പാടിൽ ഒരു ചരട്.

വേണ്ട കുട്ടീ
കെട്ടുകൾ കുരുക്കുകളുടെ
വംശത്തിൽ പിറന്നവരാണ്.
കുരുക്കുകളഴിക്കുന്നവളേ
കുരുക്കിൽ നിന്നും
രക്ഷപ്പെടൂ

തിരുവോണത്താരകം
....................................
പൂവിലന്നു നാം
മറന്നുവെച്ചൊരാമോദം
തിരിച്ചേകുവാനല്ലോ സഖീ
പൂക്കൾ
തിരുവോണത്താരകമായുദിക്കുന്നു
നീയും ഞാനുമതിൻ പ്രഭയിൽ
ഓർമ്മ തന്നൂഞ്ഞാലിൽ
ഇത്തിരി നേരമിരിക്കുന്നു
പച്ചപ്പാലോണക്കോടി ചുറ്റി
പച്ചിലപ്പടർപ്പുകൾ
നമ്മെ നോക്കി ചിരിക്കുന്നു
ചിങ്ങവെയിലിൽ
കുട്ടിയെ പോൽ ചിണുങ്ങും
മഴത്തുള്ളികൾ
ജീവിതോത്സവ മാഘോഷിക്കുന്നു
വേലിപ്പടർപ്പിൽ ചിറകടിച്ചിരിക്കുംപൂവുകൾ
നമുക്കുമാഗ്രഹച്ചിറകുകൾ
തരുന്നൂ
പൊന്നോണത്തുമ്പികളായ്
ഒരുമാത്ര നാം മാറിയേതോ
രസരഹസ്യം നുണയുന്നു
പുതു സൂര്യോദയമായ് മുക്കുറ്റികൾ
പേരറിയാ ഹർഷരശ്മികൾ
ചിതറിയെത്തുന്നു
അരളികൾ നഷ്ട ബാല്യത്തിൽ
കവിളിലെ ചെഞ്ചോപ്പുമായുണരുന്നു
മഞ്ചാടി മണികളിൽ
നമ്മുടെ കുസൃതികളുടെ
ജീവരക്തം പൊടിയുന്നു
പോകും മുമ്പണിമലരിൻ
നിലാവെളിച്ചത്തിൽ
കൈ പിടിച്ചിത്തിരി നേരം നടക്കാം
നമുക്കീ തുമ്പകൾ
വിളിക്കും വഴിക്കു സഖീ...
കരഞ്ഞു കുതിർന്നു
കർക്കിടകമായ് നാം
തളർന്നിരിക്കെ
നമുക്കുയിരേകാൻ
ഓർമ്മ തൻ തൂമധു
തൂവിയതാണീചിങ്ങമാസം
ഊണു കഴിഞ്ഞിനി
ഓണം മടങ്ങും വഴി
തെല്ലു വേദന യാൽ
തല്ലും മനസ്സുമായ്
രണ്ടു മലരുകളായ്
വിടർന്നു നിൽക്കുന്നുവോ
സഖീ ഞാനും നീയും ?

മഹാബലി


മഹാബലി
....................
പൂക്കളെ പോലെ
സ്നേഹമുള്ള കൂട്ടുകാരൻ പറഞ്ഞു ,
പൂക്കളുടെ മഹാബലിയാണ് ഓണം
അന്നേരം 
ബലി യർപ്പിക്കപ്പെട്ട   പൂക്കളെ ഓർത്ത്
എൻറെയുളളിലെ
ഐതിഹ്യമെല്ലാം വാടിപ്പോയി

തുമ്പ


തുമ്പ
,,,,,,,,,,,,,,,,
തിരഞ്ഞൊടുവിൽ
കാണാതായ തുമ്പയെ കണ്ടെത്തി
നിഷ്കാസിതൻ്റെ
സങ്കടങ്ങൾ കൂട്ടിയിട്ട
പുറമ്പോക്കിൽ നിന്ന് .
ഞാനും
എൻ്റെ ഓർമ്മകളും
എത്ര വിളിച്ചിട്ടും കൂടെ വന്നില്ല
തിരിഞ്ഞു നോക്കാഞ്ഞപ്പോൾ
പറമ്പിൽ നിന്ന്
പറയാതെ ഇറങ്ങിപ്പോയതാണ്
വീട്ടുകാരിയും വിളിച്ചു;
വന്നില്ല.
അവളുടെ ജീവിതത്തിൽ നിന്നും
ഇറക്കിവിട്ടതിൻ്റെ
പരിഭവത്തിലാണ്
കുഞ്ഞുങ്ങൾ വളിച്ചാലേ
തുമ്പ വരൂ.
കുഞ്ഞുങ്ങളുടെ ഭാഷയിൽ
വിളിക്കാനറിയുന്ന
കുട്ടിയെ കണ്ടെത്തണം
പുറമ്പോക്കിലാണെങ്കിലും
പൂത്തുനിൽക്കുന്ന തുമ്പയ്ക്ക്
കുഞ്ഞുങ്ങളുടെ കൂടെയേ
വരാനറിയൂ
മനസ്സിൽ
പൂമ്പാറ്റകളുള്ളവരുടെ കൂടെ മാത്രമേ
പൂക്കൾ വരൂ

എൻറെ തിരുവോണമേ


എൻറെ തിരുവോണമേ
.........................................
എൻറെ തിരുവോണമേ
നിറങ്ങളിൽ നിറഞ്ഞ്
തീരെ ഒച്ചയില്ലാതെ
കുറെ പൂക്കൾ
ഓർമ്മകളിൽ കൈവെച്ച്
ഒരാഘോഷം പ്രഖ്യാപിക്കുന്നു,

പൂത്തറ
അവരുടെ നിലപാടുതറയാവുന്നു
ഓണം
അവരുടെ മാമാങ്കവും

പൂക്കുടകളിൽ
ചാറി വീഴുന്ന ചിങ്ങമഴ
പ്രാചീനമായൊരു ഗാനാർച്ചനയാൽ
അതാ ഘോഷിക്കുമ്പോൾ
തുമ്പയുടെ ചുണ്ടുകളതേറ്റു ചൊല്ലുമ്പോൾ
എൻ
റെ തിരുവോണമേ
നിൻറെ വെളിച്ചത്തിൽ
ഞാനെന്നെയറിയുന്നു

ഓണം


പ്രായത്തിൻറെ കഠിന വഴികളിൽ
ഓർമ്മയുടെ കൈ പിടിച്ച് നടക്കുന്ന
പാവം കുട്ടിയാണ് ഓണം

ചിറകുള്ള കൂട്ടുകാരൻ


ചിറകുള്ള കൂട്ടുകാരൻ
.....................................
ചിറകുള്ള കൂട്ടുകാരനാണ് ഓണം
ഒരിക്കൽ കണ്ടുമുട്ടിയാൽ
ജീവിതാവസാനം വരെ
അവൻ നമുക്കൊപ്പം പറക്കും

ചിറകുകളിൽ
പൂക്കാലം വരച്ച ചിത്രങ്ങൾ കാണുമ്പോൾ
അവനൊരു പൂമ്പാറ്റ.

ആഘോഷത്തിൽ
ആനന്ദം പാടുമ്പോൾ
അവനൊരു കുയിൽ
അരിപ്പൂ പൊന്തയിൽ
നിശ്ശബ്ദത പതുങ്ങുമ്പോൾ
അവനൊരു ചെമ്പോത്ത്.

പൂക്കളങ്ങളിൽ മനസ്സ്
ദു:ഖങ്ങൾ കടഞ്ഞെറിഞ്ഞ്
വിശ്രമിക്കുമ്പോൾ
അവനൊരു തേൻകുരുവി
.
യന്ത്രപ്പകലിൽ പൽച്ചക്രങ്ങളിൽ പിടഞ്ഞു മുറിവു പറ്റവേ
അവനൊരു വെള്ളയരിപ്പിറാവ് .
അവൻ നമുക്കൊപ്പം പറക്കെ
നാമവനൊപ്പം തിരിച്ചു പറക്കും
നിഷ്ങ്കനിലാവെളിച്ചം വിശ്രമിക്കുന്ന
കുട്ടിക്കാലത്തിൻ്റെ
പൂവട്ടിയിലേക്ക്

അതിൽ കയറുവാൻ
കാത്തിരിക്കുമൊരു
തുമ്പക്കുഞ്ഞിലേയ്ക്ക്.