കായിദ്

 കായിദ്

.............
ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലിരുന്ന്
കായിദ് പിറുപിറുക്കുന്നു
സീറ്റ് പിടിച്ചു വലിക്കുന്നു
ദേഷ്യത്തിൽ പല്ലിറുമ്മുന്നു
ഒന്നും തകർന്നില്ലല്ലോ
സൂര്യൻ വീണ്ടും ഉദിച്ചല്ലോ
നിന്റെ കണ്ണുകളിൽ
ആ തീയുണ്ടല്ലോ
കായിദ്
അവന്റെ ചിറകുകൾ കാണിച്ചു തന്നു
ശരിയാണല്ലോ
തൂവലുകളിൽ ചെറിയ കണ്ണികൾ
കുടുങ്ങിയിരിക്കുന്നല്ലോ
ഞാനിവ മെല്ലെ അഴിച്ചെടുത്തു തരട്ടെ!
കായിദ്
നിറയെ ഈരാകുടുക്കുകൾ നിറഞ്ഞ
അവന്റെ ചിറകുകൾ തന്നു
ഞാനതഴിച്ചു തീർന്നില്ല
യാത്ര തീർന്നു.
- മുനീർ അഗ്രഗാമി

ചാഞ്ഞു നിൽക്കുന്നു

 നാം പുതിയ പ്രകാശം കൊണ്ട്

മുറിച്ചു കളഞ്ഞ കൊമ്പുകളൊക്കെ
വീണ്ടും വലുതായിരിക്കുന്നു
അപകടകരമായ രീതിയിൽ
അവ ചാഞ്ഞു നിൽക്കുന്നു
- മുനീർ അഗ്രഗാമി

കൈ ഒരു മുദ്രപ്പത്രമാണ്

കൈ ഒരു മുദ്രപ്പത്രമാണ്

........................
അക്ഷരങ്ങൾ എന്നോട്
ആദ്യമായി സംസാരിച്ചത്
എന്റെ ടീച്ചർ പറഞ്ഞിട്ടായിരുന്നു
അതുവരെ എനിക്ക് അവ
ചിത്രങ്ങളായിരുന്നു
ടീച്ചർ എഴുതുമ്പോൾ
അക്ഷരങ്ങൾക്ക് ജീവൻ വെച്ചിരുന്നു
അവ എഴുന്നേറ്റു വന്ന്
എനിക്കൊപ്പമിരുന്നു
പാട്ടുപാടിയും കളിച്ചും
കഥ പറഞ്ഞും ചിരിപ്പിച്ചു,
കരയിച്ചു ,കലഹിച്ചു.
കഴിഞ്ഞ ആണ്ടിൽ
ടീച്ചർ മരിച്ചു പോയി
അക്ഷരങ്ങൾ ഇപ്പോഴും
ടീച്ചറെ കുറിച്ച് പറയും
ഓർമ്മകളുടെ ചിത്രം പോലെ,
കാണുമ്പോഴൊക്കെ
അ എന്ന ആദ്യാക്ഷരം
കടലാസിൽ നിവർന്നു നിന്ന്
ആദ്യത്തെ പാഠപുസ്തകം തുറക്കും
ഞാൻ അത് കൈ കൊണ്ട് മറിച്ചു തുടങ്ങുമ്പോൾ
ഒരു സ്ലെയിറ്റിൽ എന്റെ കൈ പിടിച്ച്
ടീച്ചർ അ എന്നെഴുതിക്കും
എന്റെ കൈ ഒരു മുദ്രപ്പത്രമാണ്
അതിലുണ്ട്
ടീച്ചറുടെ വിരലടയാളം.
- മുനീർ അഗ്രഗാമി

മൗനത്തിന്റെ വരമ്പിലൂടെ നടക്കുമ്പോൾ

 എത്ര പറഞ്ഞാലും

വാക്കുകൾ തീരാത്ത പോലെ,
വാക്കുകൾ തോർന്ന തോർച്ചയിൽ
മൗനത്തിന്റെ വരമ്പിലൂടെ
നടക്കുമ്പോൾ
കേൾക്കുന്നു വാക്കുകൾ
പെയ്തു തളം കെട്ടിയതത്രയും .
- മുനീർ അഗ്രഗാമി

 മഴയ്ക്കുള്ളിൽ

നിന്നുമൊരു കടൽ

ഇറങ്ങിയോടുന്നു
-മുനീർ അഗ്രഗാമി

ഒരാൾ മറ്റൊരാളല്ലതിനാൽ

 ഒരാൾ മറ്റൊരാളല്ലതിനാൽ

മറ്റൊരാളെ മനസ്സിൽ വെച്ചു കൊണ്ടയാളെ
നോക്കല്ലേ ,
നോക്കിയാലയാളെ
കാണില്ല കണ്ണുകൾ
- മുനീർ അഗ്രഗാമി