സ്നേഹം പ്രണയത്തോട്

സ്നേഹം പ്രണയത്തോട്
.............................................................
അവളുടെ മുടിയിഴയിൽ
അവൻ തൂങ്ങിച്ചത്തു
അനന്തരം
അവൻ്റെ ശരീരത്തോടൊപ്പം
അവൾ നടന്നു പോയി
അവൻ്റെ ആത്മാവ്
അവൾക്കുള്ളിലെ വിടെയോ ഉണ്ട്
അതു പുറത്തുചാടുമോ ?
അവൻ പുനർജ്ജനിക്കുമോ ?
സ്നേഹം പ്രണയത്തോട്
ചോദിച്ചു കൊണ്ടിരുന്നു.
- മുനീർ അഗ്രഗാമി

തുഗ്ലക്ക് വീട്ടിൽ വന്നു കയറി

തുഗ്ലക്ക് വീട്ടിൽ വന്നു കയറി
...............................................
ഇന്നലെ അർദ്ധരാത്രി
തുഗ്ലക്ക് വീട്ടിൽ വന്നു കയറി
മുത്തച്ഛൻ്റെ പെട്ടിയിലെ അഞ്ഞൂറിൻ്റെ
നോട്ടുകളെടുത്ത് ചുട്ടു തിന്നു
എൻ്റെ കീശയിൽ നിന്ന്
ആയിരത്തിൻ്റെ നോട്ടുകളെടുത്ത്
വിമാനമുണ്ടാക്കി
പുലരിയിലേക്കെറിഞ്ഞു.
പതിലാം നൂറ്റാണ്ടിൽ നിന്ന്
തൻ്റെ പഴയ തലസ്ഥാനത്തിലേക്ക്
പുകമഞ്ഞിലൂടെ വരികയായിരുന്നു,
എന്നെ തിരഞ്ഞ്.
ഇന്നും നാളെയും ഞങ്ങൾ
എടിഎമ്മിൻ്റെ ശീതീകരിച്ച മുറിയിലിരുന്ന്
രാജ്യത്തിൻ്റെ ഭാവി കാര്യങ്ങൾ
ചർച്ച ചെയ്യും
മറ്റന്നാൾ റേഷൻകടയിലെന്ന പോലെ
എനിക്കൊപ്പം ബേങ്കിൽ ക്യൂ നിൽക്കും
അമ്മയ്ക്ക് മരുന്നു വാങ്ങുവാൻ
കയ്യിൽ പണമില്ലാത്തതിനാൽ
പിച്ചക്കാരനോട് ഇരക്കാൻ തുടങ്ങും
ചുട്ടുതിന്ന നോട്ടുകൾ
തിരിച്ചു തരാൻ ഞാനദ്ദേഹത്തിൻ്റെ
കഴുത്തിനു പിടിക്കും.
പഴയ രാജാവായതിനാൽ
രാജ്യദ്രോഹിയാകാതിരിക്കാൻ
വീണ്ടും സൗഹൃദത്തിലാകും
അദ്ദേഹം പ്രഭാത ഭക്ഷണത്തിന്
കള്ളപ്പണമില്ലേ എന്ന് ചോദിക്കുന്നു
കള്ളവുമില്ല ചതിയുമില്ലെന്ന് പറഞ്ഞ്
വലിയ നോട്ടുകളെ ബലി കൊടുത്ത്
ഞാൻ മഹാബലിയാകുന്നു
തുഗ്ലക്ക് വാമനനാകുന്നു
എൻ്റെ കയ്യിൽ ഇനി നൽകാനൊന്നുമില്ല
ഞാൻ തല കുനിക്കുന്നു
സാധാരണക്കാരനായ
എന്നെ അദ്ദേഹം ഉടൻ ചവിട്ടിത്താഴ്ത്തി.
- മുനീർ അഗ്രഗാമി

അഞ്ചു കവിതകൾ

അഞ്ചു കവിതകൾ
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ചരിത്രം
.............
ഞങ്ങളുടെ നേതാവ്
വെടിയേറ്റു മരിച്ചു.
അദൃശ്യയുദ്ധം ജയിച്ച്
എന്നത്തേയും പോലെ
തോക്ക് നേതാവായി.
വെടിയൊച്ചകൾ
ഭരണം തുടങ്ങി
വെടിപ്പുക മാത്രം
ചരിത്രമായി.
* * *
പൊള്ളൽ
.................
മഴ മറന്നു വെച്ച
ആഗ്രഹത്തോടെ
അത്രമേൽ പ്രതീക്ഷയോടെ
കാത്തി രുന്നിട്ടും
ആകാശത്തിൻ്റെ വെള്ളിവേരുകൾ മണ്ണിലിറങ്ങിയില്ല
ഇടിമുഴക്കങ്ങൾ
ഒരു മുന്നറിയിപ്പും തന്നില്ല
പൊറുതിമുട്ടി,
എഴുന്നേറ്റു നടക്കുമ്പോൾ
വെയിലേറ്റു പൊള്ളിയ
തുലാമാസത്തിൻ്റെ നെഞ്ചിൽ
മരുന്നു പുരട്ടുന്നു,
കോടമഞ്ഞ്.
* * *
വഴി
........
ഇടവഴി തീരുന്നിടത്ത്
ഭാസ്കരേട്ടൻ്റെ ചായ ക്കട
ചായക്കടതീരുന്നിടത്ത്
പെരുവഴി;
വയലിലേക്കുള്ള വഴി,
വാഹനത്തിലേക്കുള്ള വഴി,
ഗൾഫിലേക്കുള്ള വഴി.
ഇപ്പോഴുമത്
മഴവെള്ളം കുടിച്ച്
ജീവിക്കുന്നു;
ഉപേക്ഷിക്കപ്പെട്ട വീടിൻ്റെ
തറ പോലെ
അതിജീവിക്കുന്നു .
* * *
അകം
..........
കണ്ണേ
കൺമണിയേ ,
ഇത്ര വേഗം
നിറഞ്ഞു തൂവാൻ
അകത്താരാണ്
പെയ്യുന്നത് ?
* * *
കത്ത്
..........
അമ്മ മകന്
കത്തെഴുതുന്നു:
മോനേ കുറ്റവാളിയല്ലെങ്കിലും
നീ ജയിൽ ചാടരുത്.
അഴികളുടെ സുരക്ഷപോലും
ഇവിടെയില്ല .
പെയ്ത കുറ്റത്തിനു് മഴയും
വീശിയ കുറ്റത്തിന് കാറ്റും
വിചാരണ നേരിടുകയാണ് .
- മുനീർ അഗ്രഗാമി

അക്വേറിയത്തിലെ കല്ലുകൾ

അക്വേറിയത്തിലെ കല്ലുകൾ 
.................................................................
അക്വേറിയത്തിലെ കല്ലുകൾ തമ്മിൽ
പറയുന്നതു കേട്ടു ഞാൻ
പുഴയിലവർ മീനായിരുന്നതിൻ കഥ
ജലമായിരുന്നു അവരുടെ ചിറകുകൾ.

ഓരോ കുത്തൊഴുക്കിലുമൊരു നീന്തൽ!
പുഴയാഴത്തിലൊരു മീട്ടൽ
ഹൃദയം ചേർത്ത്
പ്രണയമൊഴിയായ് പ്രകമ്പനങ്ങൾ.

മലവെള്ളമായിരുന്നു ഉത്സവം
കാടും പടലും തോരണങ്ങൾ!

മീനുകളോടവ പറയുന്നുണ്ടാവുവോ
യാത്രയില്ലാതെ ശവപ്പെട്ടിയിലെന്നപോൽ
കിടന്നു ജീവിക്കുന്നതിൻ സങ്കടം ?

-മുനീർ അഗ്രഗാമി

വേവലാതി

വേവലാതി
....................
ഓഫീസിലേക്കിറങ്ങുവാൻ മാത്രം
അവളുടെ നേരം വെളുക്കുന്നു.
നല്ല വാർത്തകളൊന്നുമില്ല
തലസ്ഥാനത്തു നിന്നോ
ഹൃദയസ്ഥാനത്തു നിന്നോ
ആശ്വാസകരമായതൊന്നുമില്ല
കുഞ്ഞിനു മുലപ്പാലില്ല
ഭർത്താവിനു നല്ല കൂട്ടുകാരില്ല
കുട്ടിക്ക് നല്ല അദ്ധ്യാപകരില്ല
നേരം കറുക്കുന്നു;
രാത്രിയാകുന്നു.
പുഴ ഒഴുക്കു നിർത്തുന്നു;
പാലത്തിലൂടെ
പണമൊഴുകുന്നു
പകലുകൾ
നിന്ദിതരുടേയും പീഡിതരുടേയും
ഞരമ്പിലൂടെ കയറിയിറങ്ങി
വിള്ളലുകൾ ബാക്കിവെച്ച്
മറഞ്ഞു പോകുന്നു
പ്രഭാതം
വാർത്തകളുടെ കൊത്തേറ്റ്
തളരുന്നു ;
എന്നും പത്രം
വരാന്തയിൽ
അണലിയെ പോലെ
ചുരുണ്ട് കിടക്കുന്നു
ഒന്നും ശരിയാവുന്നില്ലല്ലോ
എന്ന വേവലാതി
വെന്ത് ചുവക്കുന്നു
കൊടിപോലെ പാറുന്നു
നിഴലില്ലാതെ
തണലില്ലാതെ.
അതിൻ ചുവട്ടിലൂടെ
ഏതോ അപസർപ്പക കഥയിലെ കഥാപാത്രമായ്
നഗ്നതമറച്ച ഉടുപ്പുകൾ
ഭയം കൊണ്ട് മറച്ച്
അവൾ നടന്നു പോകുന്നു,
ഓഫീസിലേക്ക് .
- മുനീർ അഗ്രഗാമി

ഹൈക്കു കവിത

ഹൈക്കു കവിത
\

വെളളക്കുരുവികൾ പറന്നിറങ്ങുന്നു
ധവള വസന്തം മരങ്ങളിൽ പൂക്കുന്നു
മഞ്ഞുകാലം തേൻ നുകരുന്നു .

- മുനീർ അഗ്രഗാമി 

വാരിക്കൊണ്ടു പോയല്ലോ !

വാരിക്കൊണ്ടു പോയല്ലോ!


സഹ്യൻ്റെ മകനേ
നിൻ്റെ അച്ഛനെ
വാരിക്കൊണ്ടു പോയല്ലോ
ജെ സി ബി യുടെ
തുമ്പിക്കൈ !

.

.

.

.
-മുനീർ അഗ്രഗാമി

വൈബ്രേഷനിൽ

വൈബ്രേഷനിൽ
...........................................

വാക്കുകളിലെ തീ കെടുന്നു
മൊബൈൽ കനലു പോലെ
കണ്ണടയ് ക്കുന്നു
ഒരാൾ
ദൂരത്തിൻ്റെ ചിതയെരിഞ്ഞു തീർന്ന
ഭൂതലത്തിൻ്റെ ഒരറ്റം പിടിക്കുന്നു
മറ്റൊൾ മറ്റൊരറ്റം.
നക്ഷത്രങ്ങൾ പുള്ളി കുത്തിയ
കറുത്ത വിരിപ്പിൽ
ഉറക്കം ചുരുണ്ട് കിടക്കുന്നു
അവർ
ഞാണിനു മുകളിലെ
സർക്കസ്സുകാരനെ പോലെ
വിഭ്രാന്തിയിലൂടെ
നടന്നുപോകുന്നു,
ഒരു വൈബ്രേഷനിൽ
പിടയ്ക്കാനായി
രണ്ടറ്റത്തും രണ്ടു ഹൃദയങ്ങൾ
സൈലൻ്റ് മോഡിലിട്ട്.

- മുനീർ അഗ്രഗാമി