പുതുവത്സര ചിന്തകൾ

പുതുവത്സര ചിന്തകൾ
I.
വില കയറിപ്പോകുന്ന വഴി
പുതുവർഷം നടന്നു
ഒപ്പമെത്താനാവാതെ
ലാച്ചിയമ്മൂമ്മ
അവസാനത്തെ അടി വെയ്ക്കുന്നു .
II
രാത്രി ഒരു വർഷത്തിൽ നിന്നും
മറ്റൊരു വർഷത്തിലേക്ക്
കാലെടുത്തു വെച്ചു
ഇരുൾ കുതിച്ചു പാഞ്ഞു
എത്ര പടക്കം പൊട്ടിച്ചിട്ടും
വന്ന വെളിച്ചം നിന്നില്ല
III
മകനെ തിരഞ്ഞ് വന്ന അമ്മ
പുതുവൽസരാശംസയിൽ കിടന്ന് കരഞ്ഞു
എൻ്റെ മോനെ കണ്ടോ എന്ന ചോദ്യം
പടക്കങ്ങൾ വിഴുങ്ങിക്കളഞ്ഞു
പൊട്ടിച്ചിതറാതിരുന്നാൽ
അവർ നാളെയും അതു തന്നെ ചോദിക്കും
ഉത്തരം തരാനാകാതെ പുതുവർഷം
അപ്പോഴും വരണ്ടു കിടക്കും .
IV
ദിവസങ്ങളുടെ നീണ്ട ക്യുവിൽ നിന്ന്
അസാധുവായി പ്പോയ നിമിഷങ്ങളെ
തിരിച്ചുപിടിക്കാൻ
ഒരു വിപ്ലവം പിറക്കുമെന്ന് മോഹിച്ച്
ഡിസംബറിലെ അവസാനത്തെ നിമിഷത്തിൽ നിന്ന്
ഒരു മഞ്ഞുതുള്ളി
ജനുവരിയിലെ ആദ്യത്തെ നിമിഷത്തിലേക്ക്
ഉതിർന്നു വീണു,
കണ്ണിൽ നിന്നെന്ന പോൽ.
- മുനീർ അഗ്രഗാമി

No comments:

Post a Comment