പുതു കവിത -31 ഉദയം

പുതു കവിത -31
ഉദയം
............
മനുഷ്യൻ
നക്ഷത്രമാകും
പ്രണയം
പ്രകാശം കൊടുക്കുമ്പോൾ.
ഏതിനുമുയരെ
ഉദിക്കുവാനതുമതി.


-മുനീർ അഗ്രഗാമി

രാത്രിയെ അനുഭവിക്കുകയെന്നാൽ

രാത്രിയെ അനുഭവിക്കുകയെന്നാൽ
...........................................................
രാത്രിയെ അനുഭവിക്കുകയെന്നാൽ
ഉറക്കത്തെയും സ്വപനത്തേയും
പുറത്താക്കി വാതിലടയ്ക്കലാണ്
നാലു നക്ഷത്രങ്ങളോട്
മനുഷ്യരോടെന്ന പോലെ
മിണ്ടിപ്പറയലാണ്

ഇരുട്ടിന്റെ അകത്ത്
ഒറ്റയ്ക്ക് നിന്ന്
വെളിച്ചത്തിന്റെ തുള്ളികൾ ഇറ്റിവീഴുന്ന
ചെരിവിൽ വെച്ച്
മഞ്ഞുകണങ്ങൾ വാരിപ്പുതച്ച്
ആകാശത്തെ ചുംബിക്കലാണ്
ലോകം മാറുന്നുണ്ടോ?
രാജ്യം മാറുന്നുണ്ടോ ?
കാലം മാറുന്നുണ്ടോ ?
ഇരുളിന്റെ കണ്ണിൽ നോക്കി ചോദിച്ചു
കൃഷ്ണമണി പറഞ്ഞു,
എല്ലാ രാജ്യങ്ങളും ഈ കറുത്ത ഉടലിന്റെ
കൺപീലികളാണ്.
അത് തുടിക്കുന്നുണ്ട്.
അതിന്റെ ഓർമ്മയിലെ
ഒരിളക്കം ഞാനാണ്
ഋതുക്കളിൽ ഊഞ്ഞാലു കെട്ടിയാടുന്ന
പുൽക്കൊടിയും
പൂവും
ചിലന്തിവലയും
മരുതുമെരിക്കും
അതിന്റെ ഇളക്കം ഒളിപ്പിക്കുന്ന
കൊടുംകാടാണിക്കറുപ്പ്
രാത്രിയെ അനുഭവിക്കുകയെന്നാൽ
കൊടുങ്കാട്ടിൽ
പുളളിപ്പുലിയുടെ കാലൊച്ച കാതോർത്ത്
കരിയിലകളുടെ നെഞ്ചിൽ
ശാന്തമായി ഇരുളിന്റെ തുള്ളി പോലെ
തല വെച്ചു വിശ്രമിക്കലാണ് .
പെട്ടെന്നൊരൊച്ച
അമ്പു പോൽ പാഞ്ഞെത്തുന്നു
പുലി ?യെലി ?പേക്കാൻ?
കാട്ടുപൂച്ച ? കടുവ ?
കാട്ടു മൂങ്ങ? കടവാതിൽ ?...
ഒഴിഞ്ഞുമാറും മുമ്പേയതു
നെഞ്ചിൽ തറച്ചു
വീണ്ടും വീണ്ടുമമ്പുകൾ
പല തരത്തിൽ വലുപ്പത്തിൽ
ഹൃദയം പട്ടാളക്കാരെ പോലെ
മിടിപ്പുകളെ
കൂടുതൽ ഇറക്കി
അതു തടയാൻ ശ്രമിക്കുന്നു.
രാത്രിയെ അനുഭവിക്കുകയെന്നാൽ
പാതിരയിൽ
നിശാഗന്ധിയായ് വിടർന്ന്
മഞ്ഞു പോലെ
നടന്നുപോകലാണ് .
ഇതാ ഈ രാത്രിയിൽ
ആരും കാണാത്ത പാതിരാ നേരങ്ങൾ
ഞാനീ പുഴ വക്കിലിരുന്ന്
കൊറിക്കുകയാണ്.
- മുനീർ അഗ്രഗാമി

പുതു കവിത - 30 കണ്ടു

പുതു കവിത - 30
കണ്ടു
.........
പൂവു വീണു ,ഇല വീണു;
കവിതയുണ്ടതിൽ

അതു വായിച്ചില്ല
നിരക്ഷരൻ .
പക്ഷേ, കണ്ടു നിന്നു പോയവൻ
കണ്ണീരിറ്റുമ്പോലെ!
- മുനീർ അഗ്രഗാമി

പുതിയ ഒരു കവി ഒരു മരം കൊണ്ടുവന്നു

പുതിയ ഒരു കവി
ഒരു മരം കൊണ്ടുവന്നു
..............................................
പുതിയ ഒരു കവി
ഒരു മരം കൊണ്ടുവന്നു
ഉടലാകെ പൂക്കളുള്ളത്
ഇതെന്തിനാണ് ?
കാടു ചോദിച്ചു

ഇവിടെയിരിക്കട്ടെ
ഇടയ്ക്ക് വായിക്കൂ
ഇലകൾ വാടില്ല
പൂക്കൾ കൊഴിയില്ല
നിത്യവസന്തം
കവി പറഞ്ഞു
ഇതിൽ വാക്കുകൾ
പറന്നിരിക്കുമോ ?
അണ്ണാനെ പോലെ
മുകളിലേക്ക് കയറിപ്പോകുമോ ?
മൂങ്ങയെ പോലെ പൊത്തിലിരിക്കാൻ
വാക്കുകൾക്ക് തോന്നുമോ ?
എങ്കിലിതിൽ എനിക്ക് വായിക്കാൻ കവിതയുണ്ട്
അല്ലെങ്കിൽ
ഇത് പ്ലാസ്റ്റിക്,
ഫൈബർ,
മറ്റേതോ പേരറിയാ ചരക്ക്.
കാട് തുടർന്നു
നക്ഷത്രങ്ങൾ നോക്കി നിൽക്കുമ്പോൾ
ഇലകൊഴിയുന്ന ശബ്ദം
എനിക്കു കേൾക്കണം
വാടുന്ന പൂക്കൾ
വസന്തത്തെ അഴിച്ചു കൊണ്ടു പോകുന്നത്
എനിക്കു കാണണം
എന്റെ മരങ്ങളെ നീ എന്തു ചെയ്തു ?
പറ ,എന്തു ചെയ്തു ?
കാട് തേങ്ങി
കവി ഉത്തരം പറഞ്ഞു:
എന്റെ വാക്കുകളുടെ വീട്ടിൽ വരൂ
ജനലും വാതിലുകളും
അതിനുത്തരം പറയും
നാഗരികമായ ചരിത്രം നിർമ്മിക്കുന്നതിന്റെ
കഥ പറയും
എനിക്കെങ്ങനെ വരാനാകും?
കാടെന്നെന്നെ വിളിക്കുമ്പോൾ
ഇല്ലാത്ത മരങ്ങളതിൽ
ഉണ്ടെന്ന തോന്നലിൽ
നിൽക്കുമ്പോൾ
കാടെന്ന പേരിന്റെ അർത്ഥം
വീടെന്ന പേരിൽ കയറുന്നതെങ്ങനെ ?
നീ പോകൂ
നിന്റെ എഴുത്തിലെ മരത്തിൽ
ഞാനില്ല
എന്നിൽ നിന്റെ മരങ്ങളില്ല
നിന്റെ മരങ്ങളിൽ
എന്റെ അർത്ഥമില്ല
കാട്ടിലെത്തിയാൽ
കിളിയായി മാറുന്ന കവിയെവിടെ ?
അവനുണ്ടാക്കിയ കൂടെവിടെ ?
അതിലവന്റെ തൂവലുണ്ടായിരുന്നു
കാട് കരഞ്ഞു തളർന്ന്
കാട്ടാറിലൂടെ
എങ്ങോട്ടോ വറ്റിപ്പോയി .
- മുനീർ അഗ്രഗാമി

അസൂയ

അഴുക്കുചാലിലെ വെള്ളം
കടലിനെ കുറിച്ച്
ദുഷിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ
അത് കടലിനെ അറിഞ്ഞിട്ടാവില്ല
കടലാവാൻ കഴിയാത്തതിലുള്ള
അസൂയ മാത്രം...

- മുനീർ അഗ്രഗാമി

പുതു കവിത -29 കലമാൻ

പുതു കവിത -29
കലമാൻ
...............
ഇല കൊഴിഞ്ഞ കാട്
മെല്ലെയിളകുന്നു
നോക്കൂ, കലമാനുകൾ!
അവയുടെ ശിരസ്സിൽ
ഓരോരോ മരങ്ങൾ!

- മുനീർ അഗ്രഗാമി

പുതു കവിത - 28 പുക ........

പുതു കവിത - 28
പുക
........
ഉയരങ്ങളിലേക്ക് പോകാനേ
പുകക്കറിയൂ
താഴ്മയിലിരിക്കുന്നതിന്റെ
സുഖമതിനോടു പറഞ്ഞാൽ
മനസ്സിലാവില്ല .

- മുനീർ അഗ്രഗാമി

പുതു കവിത - 27 നദി

പുതു കവിത - 27
നദി
.......
കരഞ്ഞൊഴുകുന്നതിനാലാവും
നദികൾക്കൊക്കെയും
സ്ത്രീയുടെ പേരുകൾ.
മറ്റാർക്കാവും ഇത്രമേൽ
നിറയാനും കരകവിയാനും!

-മുനീർ അഗ്രഗാമി

ചില മരങ്ങൾ

ചില മരങ്ങൾ
.......................
ചില മരങ്ങൾ വേനലിനു വരാൻ
ഇലകൾ പൊഴിച്ചു കൊടുക്കും
ചിലത്
ഇല നിവർത്തി വെയിലിനെ
തളളിയകറ്റും

ചില മരങ്ങൾ
തിളങ്ങുന്ന
പൂക്കൾ നീട്ടി സ്വീകരിക്കും
ചിലത് വെയിലിന്റെ തോളിൽ കയ്യിട്ട്
കായകൾ കൊണ്ട്
സംസാരിക്കും
ചിലത്
പിടിച്ചു നിൽക്കാനാവാതെ ...
ഞാനൊരു മരം,
വേരുകളിലൂടെ
ജലമന്വേഷിച്ചു പോയ ദാഹം
തിരിച്ചെത്തി
ഇലയില്ല
പൂവില്ല
കായില്ല
ഞാൻ
നീ തന്ന തുള്ളിയിൽ
മാത്രം പിടിച്ചു നിൽക്കുന്നു.
- മുനീർ അഗ്രഗാമി

മൂന്നു സംബന്ധ കവിതകൾ

മൂന്നു സംബന്ധ കവിതകൾ
..............................................
ചിത്ത രോഗാസ്പത്രിയിലെ
രോഗിയും ഡോക്ടറും ഞാൻ തന്നെ.
നീയെന്റെ കാലിലെ ചങ്ങല
നീ ഇടയ്ക്കിടയ്ക്ക്
എനിക്കുണർവ്വേകും മരുന്ന്.
ചിലപ്പോൾ
എന്നെപ്പിടിച്ചുകുലുക്കുമൊരു ഷോക്ക്.

* * *
മുറ്റത്തെ ഇലഞ്ഞി പൂത്തു
മക്കളെ പോലെ പൂമണം
ചുറ്റിപ്പിടിക്കുന്നു
അതിൻ ചുവട്ടിൽ
പഠിക്കുവാൻ പോകും മുമ്പ്
മക്കൾ കളിച്ചതിൻ പാടുകൾ
മണ്ണിലുറങ്ങുന്നുണ്ടവരുടെ
വിരൽ തൊട്ട മണ്ണപ്പത്തിൻ രുചി.
* * *
ഓർമ്മകൾ കിടക്കകൾ തുന്നുന്നു
ഞാൻ മുല്ലവള്ളിപോൽ
തളർന്നു കിടക്കുന്നു
നരച്ച മുടിയിഴകൾ വിറയ്ക്കുന്നു
താങ്ങുമരമേ വരിക
മരുന്നും മന്ത്രവും നീ തന്നെ.
- മുനീർ അഗ്രഗാമി

പുതു കവിത -26 നദി

പുതു കവിത -26
നദി
.........
നദിയുടെ വെളിച്ചത്തിൽ
മുങ്ങി നിൽക്കുന്നു മരങ്ങൾ
വേനലേ അത്
ഊതി കെടുത്തല്ലേ !

- മുനീർ അഗ്രഗാമി

പുതുകവിത - 25 കാക്ക

പുതുകവിത - 25
കാക്ക
..................
വെളിച്ചത്തിന്റെ കുട്ടികൾ
കാക്കകൾ
സംശയം വേണ്ട;

പുലരിയിൽ, ഉച്ചയിൽ ,
സായന്തനത്തിലും
തെളിഞ്ഞു ചിരിക്കുന്നു
കറുപ്പായവ,
വെളിച്ചമതിനെ
താലോലിക്കുമ്പോൾ
കൂരിരുട്ടിലവയുടെ മുഖം
ഇന്നോളം തെളിഞ്ഞിട്ടില്ല
- മുനീർ അഗ്രഗമി

നെറ്റിയിൽ സംഗീതമാകാൻ ഒരുമ്മ

Midnight poetry
നെറ്റിയിൽ
സംഗീതമാകാൻ ഒരുമ്മ
..............................
ഈ തണുത്ത രാത്രിയുടെ
പകുതി നിനക്ക്
പകുതിയെനിക്ക്.

നിന്റെ നെറ്റിയിൽ
സംഗീതമാകാൻ ഒരുമ്മ
പോകുന്ന വർഷം
പുതുവർഷത്തെ ചുംബിക്കുമ്പോലെ.
നിനക്കൊപ്പം
ധനു നിലാവിലൊരു നടത്തം
സമയം ഒരു ദിവസത്തിൽ നിന്ന്
മറ്റൊരു ദിവസത്തിലേക്ക്
നടക്കുമ്പോലെ
നമുക്ക് തൊടാൻ സാധിക്കാത്ത
മരക്കൊമ്പുകളുടെ നിഴലുകൾ
നിലാവിനൊപ്പം
നമ്മെ തൊടുന്നു
നാം സ്വപ്നത്തിൽ വിശ്വസിക്കുന്നതു കൊണ്ട്
അതിരുകൾ ഭേദിച്ച്
നിലാവ് മതിലുകൾക്ക് മുകളിലൂടെ
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു
കരിമരുന്നോ
കാലൊച്ചയോ ഇല്ലാതെ
തണുപ്പിന്റെ മരവിച്ച നൂലൊച്ചകളിൽ
ഒരൂഞ്ഞാലാട്ടം
മാഞ്ചോട്ടിൽ
മരതകപ്പച്ചയുടെ കരിമിഴിയിൽ
കൃഷ്ണമണികളെ പോലെ
നാം നിൽക്കുന്നു
അനുഭവിച്ചു തീർന്ന
ഈ വർഷത്തിന്റെ കണ്ണിൽ നിന്ന്
ഒരു മഞ്ഞുതുള്ളി
പുതുവർഷത്തിന്റെ നെഞ്ചിലേക്ക്
വീഴുന്നു
അതിനു ചൂടുണ്ട്
"വീണുപോകുന്ന ഈ വർഷത്തിന്റെ
അവസാന നിമിഷമാണ് ഞാൻ "
എന്നു നീ നനയുന്നു
"അല്ല ,വന്നിരിക്കുന്ന പുതു വർഷത്തിന്റെ
ആദ്യ നിമിഷമാണ് നീ"
എന്നു ഞാനതു തുടയ്ക്കുന്നു
ഇപ്പോൾ
നാം തന്നെ രാത്രി
കറുപ്പിൽ ഉമ്മകളുടെ നിലാവ്
ഈ രാത്രിയുടെ
പകുതി നീ
മറുപകുതി ഞാൻ
അപ്പോൾ നാമറിയാതെ
വീണു കിടക്കുന്ന മാമ്പൂക്കളിൽ ചവിട്ടി
എന്റെ നെഞ്ചിലൂടെ
നിന്റെ ചുണ്ടിൽ തൊട്ട്
ഇന്നലത്തെ അതേ വേഗത്തിൽ
സമയം നഗ്നമായി
നടന്നു പോകുന്നു
- മുനീർ അഗ്രഗാമി

പുതു കവിത - 24 സ്നേഹം

പുതു കവിത - 24
സ്നേഹം
...................
മരിച്ചവരോളം സ്നേഹം
മറ്റാർക്കുമില്ല
ദേഷ്യമില്ലാത്തവർ
വേരുകളാണവർ
നാമുയർന്നു നിൽക്കുമ്പോൾ.

- മുനീർ അഗ്രഗാമി

പുതു കവിത - 23 തിരകൾ

പുതു കവിത - 23
തിരകൾ
...............
ആരെയാണിങ്ങനെ
അനന്തമായി തിരയുന്നതെന്ന്
കടലിനോടു ചോദിക്കുക
നിങ്ങൾ കൊണ്ടുപോയ കുഞ്ഞുമീനുകളെ
കാണും വരെയെന്നതു പറയും

തീരത്താരെ കണ്ടാലും
തൃപ്തിയാകില്ലതിന്
എന്റെ കുഞ്ഞുങ്ങളെ കണ്ടുവോ എന്ന്
കാലിൽ കരഞ്ഞു വീണതു ചോദിക്കും.
-മുനീർ അഗ്രഗാമി

പുതുകവിത - 22 കഥ

പുതുകവിത - 22
കഥ
.......
കുഞ്ഞു മകളെ
കുഞ്ഞുകഥയാൽ പുതച്ചു.
ഉറക്കം അതിനുള്ളിൽ വന്നു കിടന്നു
കഥയുടെ വെളിച്ചത്തിനിപ്പോൾ
നിലാവെന്നു പേര്.

- മുനീർ അഗ്രഗാമി

പുതു കവിത - 21 മുറിവുകൾ

പുതു കവിത - 21
മുറിവുകൾ
......................
വെന്ത് മുറിവേൽക്കുമ്പോൾ
ഞാനൊരോടക്കുഴൽ
എന്നെ കയ്യിലെടുക്കൂ
മുറിവിൽ ചുണ്ടു ചേർക്കൂ
ആത്മാവിലേക്ക് ഊതൂ,
എന്റെ പ്രണയമേ!

- മുനീർ അഗ്രഗാമി

പുതു കവിത - 20 തൊട്ടാവാടി

പുതു കവിത - 20
തൊട്ടാവാടി
...........
ആരും തൊടാത്ത
തൊട്ടാവാടി ലോകത്തില്ല;
ഒരിക്കെലെങ്കിലും വാടാതെ
തൊട്ടാവാടിക്ക്
അതിന്റെ ലോകവുമില്


-മുനീർ അഗ്രഗാമി

ഏകാന്തതതയുടെ വീട്ടിൽ കഴിയുന്നവളോട്

ഏകാന്തതതയുടെ വീട്ടിൽ കഴിയുന്നവളോട്
.........
ഏകാന്തതതയുടെ വീട്ടിൽ കഴിയുന്നവളോട്
അതെന്തെന്ന് ചോദിക്കല്ലേ
ഒരു നക്ഷത്രമായി
പക്ഷിക്കണ്ണിലൂടെ
സ്വന്തം വീടു നോക്കി
അതെങ്ങനെയെന്ന്
പറയണമെന്നുണ്ട്
അവൾക്ക്
അവനാണ് വാതിൽ
എത്ര തള്ളിയാലും
പുറത്തേക്ക് കാണുവാൻ മാത്രമുള്ള വിടവിലേ
അവൻ തുറക്കൂ
അതു മതി അവൾക്കിറങ്ങുവാൻ
മുറ്റമടിക്കാൻ
കുഞ്ഞിനൊപ്പം കളിവീടുണ്ടാക്കുവാൻ
കല്യാണത്തിനു പോകുവാൻ
ഏകാന്തതയെ കുറിച്ച്
നിങ്ങൾ പറയുന്നതത്രയും
കേട്ട്
അവനെ ഓർത്ത് പണികളൊക്കെ ചെയ്യുവാൻ
ഇടയ്ക്ക് ഞാൻ
അവളുടെ വീട്ടിൽ
വിരുന്നിന് പോകാറുണ്ട്
പക്ഷിയായി ഉയരെ നിന്നതു കാണുവാൻ
എനിക്കും ചിറകുകളില്ല
എന്റെ ചിറകുകൾ
ആരോ അറുത്തുമാറ്റിയതാണ്
അവളുടെ ചിറകുകൾ
അലമാരയിലുണ്ട്
പല നിറങ്ങളിൽ
പല വലുപ്പത്തിൽ
ചിലപ്പോൾ
ഒരു തൂവലെടുത്തു്
അവളണിയും
മകനെ സ്കൂളിൽ കൊണ്ടു വിടും
ഓട്ടോയിൽ ആകാശം തൊടാതെ പറക്കും
തിരിച്ചെത്തും
ഏകാന്തതയുടെ വീട്ടിൽ
ഇടയ്ക്ക് ചെല്ലണം
അവൾക്കൊപ്പമിരിക്കണം
പുട്ടുകുറ്റി പുലരിയെ കുറിച്ച്
അവളോട് പറയുന്നതു കേൾക്കണം
സുരക്ഷിതമായിരിക്കാൻ
ആ വീട് മാത്രമുള്ള പോലെ
അവൾ എപ്പോഴും പെരുമാറുന്നു.
ഞാനവളോട് എന്തെന്ന് ചോദിച്ചില്ല
ഏകാന്തതതയുടെ വീട്ടിൽ കഴിയുന്നവളോട്
അതെന്തെന്ന് ചോദിക്കല്ലേ
ഉത്തരത്തിൽ
ഒറ്റനിമിഷംകൊണ്ട്
അവളതു തകർത്തു കളഞ്ഞാലോ .
-മുനീർ അഗ്രഗാമി

പുതു കവിത - 19 പുല്ലാങ്കുഴൽ

പുതു കവിത - 19
പുല്ലാങ്കുഴൽ
........................
നിനക്കൊപ്പമാകുമ്പോൾ
എനിക്ക് വേദനകളില്ല
മുറിവുകളെന്നു തോന്നുന്നതെല്ലാം
നിന്റെ ശ്വാസം പോലും
ഗാനമാകാനുള്ള
വഴികളാണ് .

- മുനീർ അഗ്രഗാമി

പുതു കവിത - 18 ഭീതി

പുതു കവിത - 18
ഭീതി
.......
നിറഞ്ഞു തൂവുന്ന ഇരുട്ടിൽ
നീന്തുന്നു ശബ്ദമീനുകൾ!
അതിന്നാകൃതിയോർത്തു
നിശ്ശബ്ദനായ് നിന്നു പോയ്

- മുനീർ അഗ്രഗാമി

പുതുകവിത - 17 ഒറ്റ

പുതുകവിത - 17
ഒറ്റ
.......
ഒറ്റയ്ക്കായ വീട്
ഒരാൾ തന്നെ.
ഒരാളുടെ മനസ്സിലിരിക്കുമ്പോലെ
അവിടെ ഇരിക്കൂ...
കേൾക്കാം
അതിന്റെ നെഞ്ചിടിപ്പ്.

-മുനീർ അഗ്രഗാമി

പുതുകവിത - 16 ഇലകൾ

പുതുകവിത - 16
ഇലകൾ
..............
വീഴുകയെന്നാൽ പറക്കുകയല്ല
ആകാശമില്ലാത്തവന്റെ
പതനമാണത്
അതു പറഞ്ഞു മറയാനാണ്
ഇലകൾ മണ്ണു തൊടുന്നത് .

- മുനീർ അഗ്രഗാമി

ഉദിക്കാനുള്ള നക്ഷത്രങ്ങൾ

ഇനിയും ഉദിക്കാനുള്ള
കുറെ നക്ഷത്രങ്ങൾ
ഇനിയും ഉണ്ടാവേണ്ട ഒരു ലോകത്തിന്റെ തലസ്ഥാനം
പണിയുന്ന തിരക്കിലാണ്
കൃസ്തുമസിന് കത്തിത്തീർന്ന
എല്ലാ നക്ഷത്രങ്ങളും
അവയുടെ വെളിച്ചം ചേർത്തുവെച്ച്
നിർമ്മിച്ച
സ്വപ്നത്തിലിരുന്ന്
അവ ഭൂപടം നിർമ്മിക്കുന്നു
സമാധാനമെടുത്ത്
സന്തോഷത്തിൽ മുക്കി
അതിർത്തി വരയ്ക്കുകയാണ്
ഒരു വെള്ളരി പ്രാവ്
കുരിശുകളും വേടൻമാരും
രാജാക്കന്മാരും ഇല്ലാത്ത ഒരു രാജ്യം
എല്ലാ പാപങ്ങളും
തകർന്നു തരിപ്പണമായ
വെളിച്ചത്തിൽ പ്രകാശിക്കുന്ന ഒരു പ്രദേശം
ആ പ്രാവിന്റെ കണ്ണിലുണ്ട്
സത്യം മാത്രം വിളിച്ചു പറയുന്ന ഒരു ജനത
ഒരാൾക്കു മുറിഞ്ഞാൽ
എല്ലാവരും വേദനിക്കുന്ന ഒരിടം
പല നിറങ്ങളിൽ
പകലും രാവും ആഘോഷങ്ങൾക്ക്
ദൃക്സാക്ഷിയായ വെളിച്ചങ്ങൾ
പല വലിപ്പത്തിന്റെ കോണുകളിൽ നിന്നും
തെറിച്ചുവീണ രശ്മീ നൃത്തങ്ങൾ
പുതിയ രാജ്യത്തിന്റെ പണിപ്പുരയിലാണ്
ആരാണതിന് സ്ഥലം കൊടുക്കുക
ദൈവത്തിന്റെ പേരിൽ
ആരാജ്യം വരുമോ ?
ദൈവത്തിന്റെ പേരിൽ
എവിടെയാണ് ഭൂമിയുള്ളത് ?
ഇനിയും ജനിക്കാനുള്ള ആ രാജ്യത്തിലെ
ചില പ്രജകൾ
ചിലരുടെ മനോരാജ്യത്ത്
ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്
അഭയാർത്ഥിയായിട്ട്.
-മുനീർ അഗ്രഗാമി

പുതു കവിത - 15 സ്നേഹം

പുതു കവിത - 15
സ്നേഹം
.................
വഴികാട്ടുവാൻ ഒരു നക്ഷത്രം
ലോകം മുഴുവൻ പ്രകാശം
സ്നേഹമല്ലാതെ മറ്റൊന്നുമല്ലത്.

-മുനീർ അഗ്രഗാമി

ഭൂജാതൻ

ഭൂജാതൻ
..................
ജനിക്കാൻ ഇടമില്ലാത്ത ഒരാൾ
കടലിലൂടെ
കരയിലൂടെ
ഭൂജാതനാകാൻ
ഒരിടത്തിന്
ശ്രമിച്ചുകൊണ്ടിരുന്നു

കൊട്ടാരത്തിൽ ജനിച്ചവന്റെ
അനുയായികൾ അവനിടം കൊടുത്തില്ല
തോക്കുകൾ കയ്യിൽ പിടിച്ച്
അവർ അഹിംസ എന്നു പ്രസംഗിച്ചുകൊണ്ടിരുന്നു
പുൽക്കൂട്ടിൽ ജനിച്ചവന്റെ അനുയായികളും
അവനെ കണ്ടില്ല
കോൺവെൻറിന് സുരക്ഷ കൂട്ടുന്ന
തിരക്കിലായിരു അവർ
വീട്ടിൽ ജനിച്ചവരുടെ
അനുയായികൾ
അവനടുത്തേക്കു പോയില്ല
ശാന്തി
സമാധാനം
കാരുണ്യം
എന്നിങ്ങനെ
അവരുടെ പ്രാർത്ഥനകൾ
അടച്ചിട്ട വീടിനുള്ളിൽ നിന്നും ചിറകടിച്ചു
അത് ഞങ്ങളുടെ രാജ്യമല്ലല്ലോ
ഞങ്ങളുടെ വംശമല്ലല്ലോ
ഞങ്ങളുടെ ജാതിയല്ലല്ലോ എന്ന്
അവരോരുത്തരും പറഞ്ഞു കൊണ്ടിരുന്നു
എന്നിട്ടും സമയമായപ്പോൾ
അവൻ ജനിച്ചു
അഭയാർത്ഥി എന്ന വാക്ക്
അവനെ താരിട്ടിക്കൊണ്ടിരുന്നു
എല്ലാ നക്ഷത്രങ്ങളും
അവനിലേക്ക് വഴി കാണിച്ചു കൊണ്ടിരുന്നു
ജ്ഞാനികൾ അത് പിന്തുടരാത്തതെന്താണ് ?
- മുനീർ അഗ്രഗാമി

പുതു കവിത - 14 നിഴൽ

പുതു കവിത - 14
നിഴൽ
..............
എത്ര നെഞ്ചുവിരിച്ചുനിന്നിട്ടും
നിഴൽ നിലത്തു തന്നെ കിടന്നു
എത്ര പറന്നുയർന്നിട്ടും
നിഴൽ മണ്ണിൽ തന്നെ നിന്നു

മണ്ണിനെ മറക്കരുതെന്ന്
ഓരോ വെളിച്ചത്തിലും അത്
എഴുതുകകയാവും.
- മുനീർ അഗ്രഗാമി

പുതു കവിത - 13 കടം

പുതു കവിത - 13
കടം
..............
ഒരു മരവും ഇന്നോളം
ഒരില പോലും
മറ്റൊരു മരത്തിനോട്
കടം വാങ്ങിയിട്ടില്ല
അതുകൊണ്ടാവണം
അവയ്ക്കായുസ്സു കൂടുന്നത് .

-മുനീർ അഗ്രഗാമി

പുതു കവിത - 12 കാട്

പുതു കവിത - 12
കാട്
..........
കിളിയൊച്ചകൾ ഇളകുന്നു
കാടും പുലരിയുമിളകുന്നു
കാതോർക്കുക
ജീവൻ ബാക്കിയുള്ള
ഒരിടത്തിന്റെ നിശ്വാസമാണത് .

-മുനീർ അഗ്രഗാമി

ഒരു ധനുരാവ്

ഒരു ധനുരാവ്
........................
സമ്മതമില്ലാതെ
നിലാവിന്റെ ചുണ്ടുകൾ
കടിച്ചു മുറിക്കുന്നു,
ഫ്ലാറ്റിലെ തെമ്മാടി വെളിച്ചം.

നീയതോഫാക്കൂ
ഓഫാക്കൂ!
എനിക്കിതു കാണുവാൻ വയ്യ
ടിവിയിലേതോ ഭീകരസിനിമതൻ രംഗം
സമയത്തിന്റെ രക്തം പോലെ
ചുവന്ന വെളിച്ചം
വാർന്നൊഴുകുന്നു
അതും വേണ്ട,
വേണ്ട
എനിക്കതു സഹിക്കുവാൻ വയ്യ
വരൂ ,
ഒന്നിച്ചല്പനേരമിരിക്കാം
ടെറസ്സിലേകാന്തതയിലേക്ക് നടക്കാം
പൗർണ്ണമിത്തെളിയിലൊന്നു
മുഖം കഴുകാം.
അല്പനേരം ധനുമാസത്തിനൊപ്പം
മാമ്പൂക്കളെ പോൽ
മധുരവുമായ്
തൊട്ടുതൊട്ടിരിക്കാം
മൊബൈലില്ലാതെ
മോഹങ്ങളില്ലാതെ
ഭാരങ്ങളൊന്നുമില്ലാതെ
അല്പനേരം മഞ്ഞുപോലെ
എന്നിലയിൽ കിടക്കാം.
അപ്പോൾ നമ്മെയീ തണുത്ത മാരുതൻ
നിശാഗാനമായ് മീട്ടും
പാതിരാപ്പൂക്കളേതോ
വിദൂര വിസ്മൃതിയിൽ
നിന്നുമതു കേൾക്കും
അന്നേരം
തീക്കട്ട പോലൊരു കണ്ണ് *
വാനിനേകാന്തതയിലിരുന്ന്
നമ്മെ നോക്കി വിതുമ്പും.
- മുനീർ അഗ്രഗാമി
* തിരുവാതിര തീക്കട്ട പോലെ എന്നു പഴഞ്ചൊല്ല്

പുതുകവിത - 11 പാറ

പുതുകവിത - 11
പാറ
.......
പാറയുടെ ഹൃദയം കണ്ടിട്ടുണ്ടോ ?
നെഞ്ചിലിരുന്നവർ പറന്നു പോയാലും
ഓർമ്മകൾ നെഞ്ചേറ്റിയവ കാത്തിരിക്കും.

പൊട്ടിച്ചിതറുവാനുള്ളതൊന്നും
അതിനോടു പറയരുതേ!
കണ്ണീരുകൊണ്ടത് സ്വയമലിയുമ്പോൾ .
- മുനീർ അഗ്രഗാമി

പുതു കവിത - 10 പുല്ലുകൾ

പുതു കവിത - 10
പുല്ലുകൾ
..........
ചെറിയ പുല്ലുകളെ നോക്കൂ
ഇത്തിരി വെള്ളം കൊടുത്താൽ മതി
നന്ദിയോടെ തെളിഞ്ഞു ചിരിക്കും.

വൻകാറ്റിനെ അതിജീവിച്ചതിന്റെ
അഹങ്കാരമൊട്ടുമില്ലാതെ .
- മുനീർ അഗ്രഗാമി

പുതു കവിത - 9 അടുക്കള

പുതു കവിത - 9
അടുക്കള
.................
അവൾ എല്ലാമടുക്കുമ്പോൾ
തന്നെയുമടുക്കി വെച്ചു
ക്രമം മാറാതെ
താളം തെറ്റാതെ
പുറത്താവാതെ.

- മുനീർ അഗ്രഗാമി

കടലേ

കടലേ
..........................
വറ്റിയ നദികളൊക്കെ
തിരിച്ചുവരുന്നത് എപ്പോഴാണ്?
ഒരു സംശയവും വേണ്ട,
പ്രണയം പെയ്യുമ്പോൾത്തന്നെ.
പിന്നെ ഒഴുകാതിരിക്കാനാവില്ല
എന്റെ കടലേ എന്ന വിളിയോടെ .

- മുനീർ അഗ്രഗാമി

പുതു കവിത - 8 നില

പുതു കവിത - 8
നില
........
നിറയെ കായകളുണ്ടായിട്ടും
നിന്ന നില്പിൽ നിന്നും
ചലിച്ചില്ല മരം;
തലയൊട്ടു കുനിച്ചതല്ലാതെ.

- മുനീർ അഗ്രഗാമി

പുതു കവിത - 7 മരം

പുതു കവിത - 7
മരം
.......
ഒരു വിത്ത്
മുള പൊട്ടുന്നു
നോക്കൂ, രണ്ടു കുഞ്ഞു ചിറകുകൾ!
ഇനിയൊരു മരമായതു
പറന്നുയരും.

- മുനീർ അഗ്രഗാമി

പുതു കവിത - 6 വീട്

പുതു കവിത - 6
വീട്
.......
അടച്ചിട്ട വീട്
ഒരു വിങ്ങലോടെ
കാത്തിരിക്കുന്നുണ്ടാവും
തുറന്നതിന്റെ ഓർമ്മയിൽ
മരിച്ചു വീഴും വരെ.

- മുനീർ അഗ്രഗാമി

പുതു കവിത - 5 സന്ദേശം

പുതു കവിത - 5
സന്ദേശം
................
കരിയിലയിൽ നിന്ന ഒരുറുമ്പ്
മരത്തിലേക്ക് കയറുന്നു
പച്ചിലയോടെന്തോ പറയാനുണ്ടതിന് .
ഉപേക്ഷിക്കപ്പെട്ടതിന്റെ സങ്കടം
കരിയില അതിനോടു പറഞ്ഞിരിക്കണം.

-മുനീർ അഗ്രഗാമി

പുതു കവിത 4 നക്ഷത്രം

പുതു കവിത 4
നക്ഷത്രം
...............
ദൂരെ നിന്ന് ഇടയ്ക്ക്
ഒരു നോട്ടം മാത്രം
നീ കണ്ടില്ലെങ്കിലും
നിന്നെ കാണുവാൻ.
ഞാൻ വീഴാതെ നിൽക്കുന്നത്
അതുകൊണ്ടാവും .

- മുനീർ അഗ്രഗാമി

പുതു കവിത - 3 മഞ്ഞുകാലം

പുതു കവിത - 3
മഞ്ഞുകാലം
........................
മഴയായ് നനയ്ക്കില്ല
വെയിലായ് ഉണക്കില്ല
മഞ്ഞായ്
പൂച്ചക്കുഞ്ഞിനെ പോലെ
നിന്നെ തൊട്ടു നിൽക്കും
എന്റെ നക്ഷത്രമേ
നിന്റെ ചിരി കാണാൻ.

- മുനീർ അഗ്രഗാമി

പുതു കവിത 2 പച്ചപ്പ്

പുതു കവിത 2
പച്ചപ്പ്
.........
എന്റെ ശൂന്യതയിലൂടെ
നീ പ്രകാശമായി
സഞ്ചരിക്കുന്നു
പ്രണയഭൂമിയിലതെത്തിച്ചേരും
ജീവിതപ്പച്ചയെ ചുംബിക്കും

- മുനീർ അഗ്രഗാമി

പുതു കവിത - 1 നിഴൽ

പുതു കവിത - 1
നിഴൽ
...........
ചാമ്പമരത്തണലിൽ
വെയിൽ വരയ്ക്കുന്നു
നമ്മുടെ കുട്ടിക്കാലത്തിൻ ചിത്രം
നിത്യവും, അവ്യക്തമായൊരു
വേദന പോലെ.
മുറ്റം മനസ്സുപോലെ
മൂകമായിത്തേങ്ങുമ്പോൾ .

- മുനീർ അഗ്രഗാമി

സങ്കടത്തിലും

ഉണ്ടൊരു നേർത്ത മഴ,
ഉള്ളുനനച്ചേതൊരു
സങ്കടത്തിലും സദാ ,
സന്തോഷം കിളിർക്കുവാൻ .
- മുനീർ അഗ്രഗാമി

പർദ്ദ(പർദ്ദയെ കുറിച്ച് മൂന്ന് കവിതകൾ)

പർദ്ദയെ കുറിച്ച് മൂന്ന് കവിതകൾ
.........................................................
പർദ്ദ
...........................
പർദ്ദ
ഉമ്മയുടെ സ്വപ്നമായിരുന്നു
ആഗ്രഹമായിരുന്നു
ആനന്ദമായിരുന്നു
ആരും ഉമ്മയോട്
പർദ്ദയിടാൻ പറഞ്ഞിരുന്നില്ല
ഇടേണ്ട എന്ന് ദാരിദ്ര്യം
പലവട്ടം പറഞ്ഞു
എന്നിട്ടും ഉമ്മ
ഇക്കാക്കയോട് പറഞ്ഞ് പറഞ്ഞ്
മൂന്നു വർഷം കാത്തിരുന്ന്
ആദ്യത്തെ പർദ്ദ
ഗൾഫിൽ നിന്നും വരുത്തി
മനസുണ്ടായിട്ടല്ല
കാശുണ്ടായിട്ടല്ല
പെങ്ങളല്ലേ
ചോദിച്ചിട്ടല്ലേ
എന്ന് വിചാരിച്ച്
ഗൾഫിൽ പോയ കടം പോലും മറന്ന്
വല്യക്കാക്ക അത് കൊണ്ടുവന്നു
ഉമ്മ പർദ്ദ അണിഞ്ഞു
സ്വർഗ്ഗത്തിന്
ഇത്രയും കറുപ്പോ എന്ന്
ഞങ്ങൾ അത്ഭുതപ്പെട്ടു
അത്ര ആനന്ദമായിരുന്നു ഉമ്മയ്ക്ക്
പർദ്ദയുടെ രഹസ്യം കാണാനും
തൊട്ടു നോക്കാനും
ആരൊക്കെയോ വന്നു
അന്ന്
ഞങ്ങളുടെ നാട്ടിൽ
പർദ്ദക്കടകൾ
ഉണ്ടായിരുന്നില്ല
* * *
പെൺ സൂര്യൻ
....................
പർദ്ദയും ഷാളുമിട്ട്
ഉമ്മ നടന്നു
കടയിൽ പോയി
വിരുന്നു പോയി
തർക്കിച്ചു
സ്നേഹിച്ചു
പെങ്കുപ്പായവും
കാച്ചിത്തുണിയും
തട്ടവും ഇട്ട് നടന്നതിലും ഉഷാറായി
ഉമ്മ നടന്നു .
പർദ്ദ ഉമ്മയുടെ സ്വാതന്ത്ര്യമാണ്
ഇഷ്ടം പോലെ ഉമ്മ
ഓരോന്ന് എടുത്തണിയുന്നു
കറുപ്പിൽ ചാരനിറം ഉലാത്തുന്നത്
ചിറകുള്ളത്
ചുവപ്പ് ബട്ടൺ ചിരിക്കുന്നത്
കൈകളിൽ നക്ഷത്രങ്ങൾ
മിന്നുന്നത്
എന്നെ നിർബ്ബന്ധിച്ച്
വാങ്ങിപ്പിച്ചത്.
പർദ്ദയുടെ രഹസ്യം
ഉമ്മയ്ക്കറിയാം
പർദ്ദയിൽ ഉമ്മ
മതദേഹമോ
മറ്റൊന്നുമേ അല്ല
ആത്മവിശ്വാസമാണ് .
അതവരുടെ വിരലിൽ തൊട്ട്
അതറിഞ്ഞവനാണ് ഞാൻ .
പർദ്ദയുടെ കറുപ്പിൽ ഉമ്മയുടെ മുഖം
പെൺ സൂര്യൻ
ഞാൻ അതിനെ ഭ്രമണം ചെയ്യുന്ന ഭൂമി .
* * *
പുതിയ പർദ്ദകൾ
.............................
ഉമ്മ മരിച്ചു;
പണക്കാരിയായി.
സന്തോഷത്തോടെ
ഉമ്മ മരിച്ചു
പർദ്ദകൾ
അനാഥരായി.
അനിയത്തിമാർ
പർദ്ദകൾ
സ്വന്തമാക്കാൻ
മത്സരിച്ചു.
അതെടുക്കൂ
അണിയൂ എന്ന്
ആരും അവരോടു പറഞ്ഞില്ല
മരിച്ചവരുടെ വസ്ത്രങ്ങൾ
ജീവിക്കുന്നവരുടെ
വസ്ത്രമാകുന്നത്
ഞാൻ കണ്ടു
ഉമ്മയ്ക്ക്
ചുരിദാർ ഉണ്ടായിരുന്നില്ല
ഉമ്മയ്ക്ക് സാരിയുടുക്കാൻ
അറിയുമായിരുന്നില്ല
പെങ്ങൻമാർക്കുള്ളത്ര ചുരിദാർ
മറ്റാർക്കുമുണ്ടായിരുന്നില്ല
സാരി അവരുടുക്കുമ്പോലെ
മറ്റാരും ഉടുത്തിരുന്നില്ല
ഇപ്പോൾ നാടു മുഴുവൻ
പർദ്ദക്കടകളാണ്
അവർ പർദ്ദകൾ
മാറ്റി മാറ്റിയെടുക്കുന്നു
പുതിയവ
ഡിസൈൻ ചെയ്യുന്നു
മറ്റെല്ലാ കടയിലും
ഒറ്റയ്ക്ക് കയറാൻ
സ്വാതന്ത്ര്യമുള്ളതു പോലെ
അവർ പർദ്ദക്കടകളിൽ കയറുന്നു
ഉമ്മയുടെ സ്വപ്നമല്ല അവരുടേത്
അവരുടെ സ്വപ്നത്തിൽ പർദ്ദയുണ്ടോ ?
അവർക്ക് പണമുണ്ട്.
സ്വപ്നമുണ്ടോ?
എനിക്കറിയില്ല.
- മുനീർ അഗ്രഗാമി

രാത്രി വലിയൊരു മഴയാണ്

രാത്രി
വലിയൊരു മഴയാണ്
............................................

രാത്രി
വലിയൊരു മഴയാണ്
വെളിച്ചത്തിലേക്ക്
തോരുന്നത്.
വെളിച്ചത്തിൽ
തോർച്ചയുടെ
പുഞ്ചിരിയിൽ
തിളങ്ങുന്നവർക്കതറിയില്ല
ഇരുട്ടിന്റെ തുളളികൾ കൊണ്ട്
പനി പിടിച്ചവനെ
വെളിച്ചം പോലും തിരിച്ചറിയില്ല
മഴ കൊള്ളുകയെന്നാൽ
ഉറക്കമില്ലാതെ
നനയലാണ്
നിനക്കൊപ്പം
മറ്റേതോ മഴയിൽ
ഒന്നിച്ചു നടന്നതിന്റെ
ഓർമ്മയിൽ
ഒരു നനയൽ
രാത്രി
പുറത്തു മാത്രമല്ല
അകത്തും പെയ്യുന്നു
പക്ഷേ
ഒന്നും ഒലിച്ചുപോകുന്നില്ല .
- മുനീർ അഗ്രഗാമി