-ഇടവഴികൾ



ഇടവഴിയിലൂടെ നടന്നവർ
ഓരോ ഇടവഴികളായിരുന്നു
പറമ്പുകൾക്കിടയിൽ അവർ
അഹങ്കാരമെന്തെന്നറിയാതെ 
താഴ്മയോടെ നിന്നിരുന്നു

അവരിലൂടെ നടന്നവർ നെല്ലും
നെന്മേനിവാകയും  കണ്ടിരുന്നു
നെടുങ്കളരിയിലെ വടക്കൻതാളവും 
നെല്ലുകുത്തുപാട്ടും കേട്ടിരുന്നു
നെയ്പായസവും നെയ്പത്തിരിയും
താളും തകരയും രുചിച്ചിരുന്നു

ഞാൻ നടത്തം പഠിക്കുമ്പോഴേക്കും
ഇടവഴികളിൽ വാശിയോടെ
റോഡുകൾ വന്നു കിടന്നിരുന്നു
എഴുന്നേൽക്കാനാവാത്ത വിധം
അവയുറങ്ങിപ്പോയിരുന്നു

നടന്നുതുടങ്ങി യപ്പോൾ
നിലം പരണ്ടയും മൂവിലയും
മുക്കുറ്റിയും മുരിങ്ങാ വേരും
തിരഞ്ഞ് മൂത്തവർക്കൊപ്പം നടന്നു
റോഡിനിരുവശത്തേക്കും നീണ്ട
കിടക്കവിരിയുടെ ചുളിവുകളിൽ
അവയുടെ ഫോസിൽ കണ്ടു

വിദേശപഠനം കഴിഞ്ഞെത്തിയ
കൂട്ടുകാരനപ്പോൾ പറഞ്ഞു
റോഡിനടിയിലെവിടെയോ
അവയുണ്ടാവും ഉണ്ടാവും






No comments:

Post a Comment