ഞാനീ നാട്ടുകാരനല്ല


ഞാനീ നാട്ടുകാരനല്ല


ഇന്നലെ ഒരമ്മ
എണ്‍പതുകാരനോടു ചോദിക്കുന്നതു  കേട്ടു ,

വേട്ടക്കാരൻ മാനിന്റെ  വയറുകീറി
കുഞ്ഞിനെയെടുത്തതു പോലെ
നിങ്ങളെന്റെ  ഹൃദയം കീറിയെന്റെ 
കുഞ്ഞിനെയെടുത്തതെന്തിനാണ് ?

പെണ്ണെന്നു വിളിക്കാനാവുന്നതിനു മുമ്പേ
അതിനോട് ആണത്തം  പ്രയോഗിക്കാൻ മാത്രം
നിങ്ങൾക്കേതു തിമിരമാണ് ധൈര്യം നൽകിയത് ?

നാളെ,
യുവജനോത്സവത്തിൽ 
അവളാടുന്ന ആട്ടം
എന്റെ  സ്വപ്നത്തിൽ നിന്നിന്നേ കരിച്ചതെന്തിന് ?

അവരെന്നോടും ചൂടായി
നിങ്ങൾക്കിതൊരു പീഡനത്തിലൊതുക്കാം
എനിക്കിതെങ്ങനെ മനസ്സിലൊതുങ്ങും ?

ഉടൻ
എനിക്കാ പഴയ മറുപടി കിട്ടി ,
 ഞാനതു പറഞ്ഞു :
ഞാനീ നാട്ടുകാരനല്ല

No comments:

Post a Comment