എനിക്കും തുമ്പിക്കും മനസ്സിലാകാത്ത ഭാഷയിൽ

തുമ്പികൾ വരാൻ തുടങ്ങിയിരുന്നു
അവയെ നോക്കി നിന്നു

മുറ്റത്തു നിന്ന്
ഉണക്കയില കാറ്റിലെന്ന പോലെ
ഇളകുകയായിരുന്നു

പെയ്തതിന്റെ നനവ്‌
വിട്ടു മാറിയിട്ടില്ല.

തുമ്പികൾ !

അവ സന്തോഷം കൊണ്ടുണ്ടാക്കിയ
ജീവികളാണ്.

അകത്തേക്കു നോക്കിയില്ല

അവിടെ പച്ചിലകൾ ചിരിക്കുമ്പോലെ
എനിക്കും തുമ്പിക്കും
 മനസ്സിലാകാത്ത ഭാഷയിൽ
മക്കൾ എന്തൊക്കെയോ പറയുന്നു .

@@@@.....നിനക്കുവേണ്ടി എഴുതിയ കവിത.....@@@@



നിനക്കു വേണ്ടി
ഞാനെഴുതാനിരുന്ന കവിത
മുല്ലപ്പൂവിന്റെ കവിളിൽ
നിനക്കിഷ്ടമുള്ള വെളുപ്പിൽ
 ആർദ്രമായൊരു പുലരി
എഴുതി വെച്ചിരിക്കുന്നു.

അതിലും മനോഹരമായി
എഴുതുവാനെന്നിരുളിൽ
 അധികം വെളുപ്പില്ല .

വിടർത്തുവാൻ
 ‐എന്റെ പൂമൊട്ടിൽ
അധികം ഇതളുകളില്ല...

അതിനാൽ
എനിക്കു ജലമൊഴിക്കുവാൻ
 നമുക്കൊരു മുല്ലവള്ളി നടണം
 നിന്റെ കയ്യാൽ
 എനിക്കും നിനക്കുമിടയ്ക്ക്...

അതിൽ ഓരോ ദിനത്തിലും
വിരിയുമിലകൾ നമുക്കു ചുംബനപ്പച്ചകൾ.

അതിന്നോരോ
പടരലും നമുക്കോരോ
പകരൽ.

അതിൽ പൂവു വന്നു നമ്മെ നോക്കുമ്പോൾ
നാം പ്രണയത്തിന്റെ രണ്ടുകണ്ണുകൾ.

ഒരു വേള നാം രണ്ടു തേനീച്ചകൾ
ഒരുവേള നാം രണ്ടു കുരുവികൾ

ഒരുവേള നാം രണ്ടു സൂര്യരശ്മികൾ
ഒരുവേള നാം രണ്ടു മഞ്ഞുതുള്ളികൾ

ഒരുവേള നാമൊരിളംകാറ്റ്
 ഒരുവേള നാമൊരു ചാറ്റൽമഴ ...

ഞാനെഴുതിയില്ലെങ്കിലും
അങ്ങനെയോരോ വായനയിലും
നമുക്കതോരോ പുതു പ്രണയകവിതകൾ.