Happy new year

 

Happy new year
ഉടലിലൊന്നാകെ
ചവിട്ടിക്കടന്നു പോയ
സമയത്തിന്റെ പിന്നാലെ
പായുന്ന കുട്ടി
സമയത്തെ തൊടാതിരിക്കില്ല
അവന്റെ കണ്ണാണ്
എന്റെ വാഹനം
അവന്റെ വിരൽത്തുമ്പിലും
കാൽപാദങ്ങളിലും
കയറി അനേകം പേർ
സഞ്ചരിക്കുന്നുണ്ട്
അതാരുടെ കുട്ടിയാണെന്ന്
എനിക്കറിയില്ല
ഇന്നോളം
അവൻ മുതിർന്നിട്ടില്ല
അവൻ നമ്പർ വെട്ടിക്കളിക്കുന്നു
അതിലെ ഒരക്കമാണ്
ഒരു വർഷം
നനഞ്ഞു പോയ
ഒരു കടലാസിൽ
പ്രളയത്തെ ഓർമ്മിച്ച്
2018 വെട്ടേറ്റു കിടക്കുന്നു
അവൻ അടുത്ത അക്കം
നോട്ടമിട്ടു കഴിഞ്ഞു
അവന്റെ കണ്ണിലിരിക്കുമ്പോൾ
ഞാനതറിയുന്നു
അവൻ സമയത്തെ തൊട്ടു.
ഞാൻ അവനെ ചുംബിച്ചു
ഇനി അത്ര വേഗം
അവനീ അക്കം വെട്ടിക്കളയുവാനാവില്ല
ഇനി
സമയത്തിന്
അവനെ ചവിട്ടിക്കടന്നു പോകാനുമാവില്ല
സമയത്തിൽ അവനും
ചുംബിച്ചതിനാൽ.
- മുനീർ അഗ്രഗാമി

പൊട്ടിത്തെറിച്ച പടക്കമേ

 

പൊട്ടിത്തെറിച്ച പടക്കമേ
.................................................
 രണ്ടു വർഷങ്ങൾക്കിടയ്ക്ക്
പെട്ടുപോയ നിമിഷത്തിൽ
പൊട്ടിത്തെറിച്ച പടക്കമേ
കഴിഞ്ഞു പോയ ശബ്ദമേ
കണ്ടു തീർന്ന വെളിച്ചമേ
അഴിഞ്ഞു പോയ അടക്കമേ
ഈ നിമിഷത്തിൽ നിന്നും
മറ്റൊരു നിമിഷത്തിലേക്ക്
സമയം എന്നെ എടുത്തു വെക്കുന്നത്
കാണുന്നില്ലേ
പോയ വർഷത്തിന്റെ പൊടി തട്ടി
എന്നെ അടുക്കി വെക്കുന്നത്
കാണുന്നില്ലേ?
നിങ്ങളുടെ ശബദത്തിൽ
നിങ്ങളുടെ വെളിച്ചത്തിൽ
അപ്രസക്തമായി,
എന്നാൽ
ഉച്ചരിച്ച ശബ്ദങ്ങളെക്കാളും
ആടിയ ആട്ടങ്ങളെക്കാളും
പ്രസക്തമായി.
- മുനീർ അഗ്രഗാമി

ഒട്ടും പുള്ളികൾ

 

ഒട്ടും പുള്ളികൾ
.........................
രാത്രിയുടെ
ബോർഡിൽ
മഞ്ഞെഴുതുന്നു
വെളുത്ത കവിത.
ടീച്ചറിന്നോളം
എഴുതിത്തരാത്തത്
തടാകക്കരയിൽ
കുളമ്പടിക്കും
വെള്ളച്ചിറകുള്ള ഒരു കുതിര
കൂടു തേടിപ്പാറും
അരിപ്രാവ്
മലയിറങ്ങും
വെളുമ്പിപ്പൂച്ച
ഇരുളിൽ ഇര തേടും
വെള്ളിമൂങ്ങ
എഴുത്തങ്ങനെ നീളുന്നു
പാൽപ്പായസം കുടിച്ച
ചുണ്ടു പോൽ
മരങ്ങൾ
ഷാൾ പുതച്ചു നിൽക്കുന്നു
ആകാശം വിതറിയ മുല്ലകൾ
പുള്ളികളായതിലൊട്ടുന്നു
പുല്ലുകൾ
കവിത പുതച്ചു നിൽക്കുന്നു
ടീച്ചറേ
രാത്രിയുടെ ബോർഡിലെ
എഴുത്ത്
മായ്ക്കല്ലേ
ഹോംവർക്ക് കൊണ്ട്
ഞാനൊന്ന് എഴുതിയെടുക്കട്ടെ!
- മുനീർ അഗ്രഗാമി

 

സ്വപ്നത്തിൻ്റെ ചില്ലകളിലേക്ക് േനാക്കൂ
അതിൽ ഇലകൾ കാണാതെ
കരഞ്ഞ്,
ഡിസംബർ
കണ്ണീർത്തുള്ളികളെ
തലകീഴായി തൂക്കിയിട്ടിരിക്കുന്നു.
കരിമ്പച്ചയായ് തുടിച്ചിളകിയ
പച്ചയോളങ്ങൾക്ക് പകരമാവില്ല അത്
കൊഴിയും മുമ്പ്
മഞ്ഞയിതളുകളായ് തന്ന പൂക്കളെന്ന തോന്നലിനും പകരമാവില്ല
എങ്കിലും ജീവനെ നനയ്ക്കുന്ന
ഒരു തുള്ളി അതിലുണ്ട്
ആത്മാവിനുള്ളിലെവിടെയോ
തണുത്തു വിറച്ചിരിക്കുന്ന ഒരു മഞ്ഞുകാലവും.
- മുനീർ അഗ്രഗാമി

വരൂ ഇനി നമുക്ക് പുലിയെ കുറിച്ച് സംസാരിക്കാം

 

വരൂ
ഇനി നമുക്ക്
പുലിയെ കുറിച്ച് സംസാരിക്കാം
.........
വരൂ
ഇനി നമുക്ക്
പുലിയെ കുറിച്ച് സംസാരിക്കാം
സംസാരിക്കാൻ നിങ്ങൾക്ക്
സമയമില്ലെങ്കിൽ
പുലിയെ സ്വപ്നം കാണാം
ഒരു പൂവിൽ
അത് വന്നിരിക്കുന്നത്
പ്ലാവിൽ ചക്കപോലെ
പറ്റിപ്പിടിച്ച്
പ്ലാവിൻ പാൽ കുടിക്കുന്നത്
അഞ്ചാം ക്ലാസ്സിൽ വന്നിരുന്ന്
ബോക്സ് തുറന്ന്
കോമ്പസ് എടുക്കുന്നത്
സ്കൂളിനു ചുറ്റും അത്
വൃത്തം വരയ്ക്കുന്നത്
ഒട്ടും പേടിയില്ലാതെ
കുഞ്ഞിപ്പാപ്പന്റെ മടിയിൽ
കയറിയിരിക്കുന്നത്
എന്നെ പുറത്തു കയറ്റി
കൊണ്ടു പോകുന്നത്
മരക്കുതിരകൾ
ഞങ്ങളെ ഓർമ്മയുണ്ടോ എന്ന്
അതിനോട് ചോദിക്കുന്നത്
വെല്യപ്പാപ്പൻ പെട്ടിയിൽ
മടക്കി വെച്ച മാൻതോൽ
ഒന്നു നടുങ്ങുന്നത്
കുറ്റിക്കാട്ടിൽ പുലി
മറ്റൊരു വസന്തമായ്
പുഷ്പിക്കുന്നത്...
കണ്ടു കണ്ടിരിക്കെ
സ്വപ്നത്തിൽ നിന്നും ഒന്നുണരണം
കാട്ടിലേക്ക്
നാടൊന്നായ് പോകുന്നത്
കാണണം
വരൂ
നാട്ടിലേക്ക് വരൂ എന്ന്
അവരോടു പറയാം
വരൂ,
നമുക്കവരോട്
പുലിയെ കുറിച്ചു സംസാരിക്കാം.
- മുനീർ അഗ്രഗാമി

അമ്മേ, ഈ വെളിച്ചത്തിനെന്തിരുട്ടാണ് !

 

അമ്മേ,
വെളിച്ചത്തിനെന്തിരുട്ടാണ് !
......................................................

അമ്മേ,
വെളിച്ചത്തിനെന്തിരുട്ടാണ് !
വീണുപോകുമേ
ഞാനും
കുഞ്ഞനിയത്തിയും
കൂട്ടുകാരും
അമ്മേ
വെളിച്ചമുള്ള വെളിച്ചം തരൂ
കുടിക്കാനും
പിടിച്ചു നടക്കാനും.
- മുനീർ അഗ്രഗാമി

കറുത്ത രാത്രി വെളുത്ത പകൽ

 

കറുത്ത രാത്രി
വെളുത്ത പകൽ
പുതിയതൊന്നുമില്ല
മറ്റെല്ലാ നിറങ്ങളും
അവയിൽ കളിക്കുന്ന
കുട്ടികൾ
രാത്രിക്കും പകലിനുമിടയിൽ
സന്ധ്യയുടെ ജാം
കുട്ടികൾ ജാം നുണയുന്നു
നുണകൾ പാറുന്നു
കടൽത്തിരകളിൽ
ഒരു സാരി പിടയുന്നു
കരയിലനേകം
ജ്യോതി തെളിയുന്നു
വെളിച്ചത്തിൽ നിന്നും
ഇരുട്ടു പടരുന്നു
കുട്ടികൾക്കു മുകളിൽ
അവ കനക്കുന്നു
കനക്കുന്നു
കറുത്ത രാത്രി
വെളുത്ത പകൽ
പുതിയ ഒരിരുട്ട്!
പഴയവെളിച്ചം.
നിറങ്ങളിനി ഏതിൽ കളിക്കും ?
കുട്ടികൾ നോക്കി നിൽക്കുന്നു .
കളി ആരുടേതാണ് ?
എങ്ങനെയാണ് ?
കുട്ടികൾ നോക്കി നിൽക്കുന്നു.
-മുനീർ അഗ്രഗാമി

ക്രിസ്മസ് ദിനത്തിൽ ജനാധിപത്യ രാജ്യം കാണാൻ വന്ന ഒരു വിദേശി വനിതകളോടു സംസാരിക്കുന്നു; പുരുഷൻമാർ അവരോടെന്ന പോലെ കേൾക്കുന്നു

 

ക്രിസ്മസ് ദിനത്തിൽ
ജനാധിപത്യ രാജ്യം കാണാൻ വന്ന
ഒരു വിദേശി
വനിതകളോടു സംസാരിക്കുന്നു;
പുരുഷൻമാർ അവരോടെന്ന പോലെ
കേൾക്കുന്നു
......................................................
നിങ്ങൾ ഇപ്പോഴും
കുരിശിൽ കിടന്നു പിടയുകയും
ആണികൾ ദേഹത്ത്
തുളഞ്ഞുകയറുകയും
ചെയ്യുന്നുണ്ട്
വാർന്നു പോകുന്ന രക്തത്തിൽ
എനിക്കു പങ്കില്ല പങ്കില്ല എന്ന്
കാഴ്ചക്കാർ ആർത്തുവിളിക്കുന്നുണ്ട്.
നെഞ്ചിൽ ഈ പാപത്തെ കുത്തി നിർത്തിയ,
നിങ്ങൾക്കു വേണ്ടി നിങ്ങളാൽ
തിരഞ്ഞെടുക്കപ്പെട്ട
ഭരണം ആരുടേതെന്ന്
ഈ മല അന്വേഷിക്കുന്നുണ്ട്
മരണത്തിനും ജീവിതത്തിനുമിടയ്ക്ക്
നിങ്ങൾ നിസ്സഹായരാവുമ്പോൾ
മല കരയുന്നുണ്ട്
എന്റെ കാലു നനയുന്ന
ഈ അരുവി അതിനു തെളിവാണ്
തെളിവുള്ളതിനാൽ
സാക്ഷിയായതിനാൽ
ആ മലയെ നിങ്ങൾ
തകർത്തു കളയും
ആ കുരിശ് അന്നേരം
നിങ്ങളുടെ നെഞ്ചിൽ കുത്തനെ നിൽക്കും
നിങ്ങൾ അതിൽ കിടന്നുപിടയുകയും ചെയ്യും
മൂന്നാണി നിങ്ങൾ തന്നെ
നിങ്ങളുടെ ഭരണത്താൽ
അടിച്ചു കയറ്റിയതാണ്
നാലാമത്തെ ആണി സമയമാണടിക്കുക
നിങ്ങൾ കുരിശിൽ കിടന്ന്
ഇതാണ് സ്വാതന്ത്ര്യമെന്ന്
വിനീതരാകുമ്പോൾ
ഓരോ പിടച്ചിലും
നൃത്തമായി തെറ്റിദ്ധരിക്കുമ്പോൾ.
-മുനീർ അഗ്രഗാമി

എന്റെ മഴക്കാലം

 എന്റെ മഴക്കാലം

.............................................

നിന്റെ നെറുകയിൽ
ഇറ്റി വിഴുന്ന ശ്വാസമാണ്
എന്റെ മഴക്കാലം
നിന്റെ
ഉർവ്വര സ്വപ്നങ്ങളിൽ
അവ
വയലിലെന്ന പോലെ
വിനയാന്വിതരാകുന്നു
നിന്നിൽ
പ്രവേശിക്കുന്നു.
- മുനീർ അഗ്രഗാമി

ഇരിക്കുന്നവർ

 

ഇരിക്കുന്നവർ
........................
രാത്രിയുടെ ചെരിവിൽ
ഏതോ സ്വപ്നത്തിന്റെ
ഞരമ്പുകളിൽ
നാമിരുന്നു
ജീവന്റെ തുള്ളികളായ്
ഇരുന്നു
ധനുമാസ നിലാവിൽ
ഒരു ഗസലിന്റെ വരികളായ്
ഒഴുകിയേതോ രാഗത്തിന്റെ
ലയമായ് വെറുതെയിരുന്നു
കൽപ്പടവുകളിൽ,
മരച്ചുവട്ടിൽ,
മൈതാനത്തിന്റെ വിരിഞ്ഞ നെഞ്ചിൽ
മറ്റേതോ ലോകത്തിന്റെ
ആത്മരഹസ്യം നുണഞ്ഞ്
നാമിരുന്നു
പാതിരാക്കാറ്റിന്റെ
പ്രണയമൊഴികളിൽ
ആമുഗ്ധരായ് ഒന്നിനുമല്ലാതെ
വെറുതെ
വെറും വെറുതെ
എന്നാൽ
ഒരു നിമിഷം പോലും
വെറുതെയാവാതെ
നിലാത്തെളിപോലെ
നാമിരുന്നു.
പാതിരാവു കഴിഞ്ഞേറെ
ത്തണുത്ത ഭൂതലം
നമ്മെച്ചേർത്തു പിടിച്ചു
നെറുകയിൽ ച്ചുംബിച്ചു
നമുക്കിനിയുമിരിക്കണമിതു പോലെ
ഉള്ളുപൊള്ളുന്ന പകലുകളിൽ
ചിറകുവിടർത്തി
എല്ലാ തിരക്കുകൾക്കും മീതെ
പറന്നു പോകും കിളികളായ്
ധനുമാസത്തിന്റെ
മഞ്ഞു മലർച്ചില്ലകളിൽ
ഒരു ചിത്രം പോലെ
അത്രയും സ്വാഭാവികമായ്
അത്രയും ലളിതമായ്
നമ്മളായിത്തീരുവാൻ.
- മുനീർ അഗ്രഗാമി

നിങ്ങൾ ചെയ്യേണ്ടത്

 

നിങ്ങൾ ചെയ്യേണ്ടത്
...................................
എനിക്കറിയില്ല
വസന്തത്തിന്റേയും
വേനലിന്റേയും ഭാഷ
അവർ സംസാരിക്കുന്നത്
ഞാൻ പല തവണ കേട്ടിട്ടുണ്ട്
കേട്ടിരിക്കെ പൂവിടുകയും
ഇലപൊഴികയും ചെയ്തിട്ടുണ്ട്
അത്ര മാത്രം
കവിതയുടെ ഈണം പോലെ
എനിക്ക് രസമായിട്ടുണ്ട്
ഭാഷയറിഞ്ഞ്
കവിത വായിച്ച ഒരാൾ
എന്നെ കണ്ടുമുട്ടുമെന്ന്
വിചാരിച്ച് മറ്റൊരു ഋതുവിലേക്ക്
നടക്കുന്നു
മറ്റൊന്നുമെന്നോട് ചോദിക്കരുതേ
ഉടനെ
അയാൾ വരുമെന്ന്
പറഞ്ഞ് പ്രതിക്ഷ തരികയല്ലാതെ .
- മുനീർ അഗ്രഗാമി