വേരിന് എത്ര അറ്റങ്ങളുണ്ട് ?

വേരിന് എത്ര അറ്റങ്ങളുണ്ട് ?
...........................................
വേരിന്
എത്ര അറ്റങ്ങളുണ്ട് ?
വേരിന്
അഞ്ചറ്റങ്ങളുണ്ട്
ഒന്ന് മണ്ണിൽ
ഒന്ന് മനസ്സിൽ
ഒന്ന് മരത്തിൽ
ഒന്ന് ഓർമ്മയുടെ തെളിനീരിൽ
ഒന്ന് ഭാവിയുടെ വെളിച്ചത്തിൽ.

ശരിയല്ലേ എന്ന്
വേരിനോടു ചോദിച്ചു
അഞ്ചല്ല അസംഖ്യമെന്ന്
മണ്ണടരിൽ അത് ചുംബിച്ചു
വേരിൻ്റെ ശിഷ്യനായി
വേരിനൊപ്പം നടന്നു
മണ്ണിന്നിരുട്ടിൽ
അറ്റങ്ങളുടെ വെളിച്ചം
അഞ്ചെന്ന അജ്ഞതയിൽ
നേരിൻ വേരുകൾ പാഠമെഴുതി
വേരിന്
അഞ്ചല്ല
അയ്യായിരമല്ല അറ്റങ്ങൾ
ഒരറ്റം പിടിച്ച്
മണ്ണിന്നിരുട്ടിലാണ്ട
ഒരു മഴത്തുള്ളി നടക്കുന്നു
പൂവിലെത്തി ചിരിച്ചു നിൽക്കുന്നു
വെളിയിൽ വീണ ഒരു തുള്ളി
ഒരറ്റം പിടിച്ച്
ഇലയിലെത്തി ശയിക്കുന്നു
മറ്റൊരറ്റം പിടിച്ചു വന്ന ഒന്ന്
പഴത്തിൽ നിന്ന്
എന്നിലേക്ക് കാലെടുത്തു വെക്കുന്നു
വേരിന്
ഇനിയുമുണ്ട് അറ്റങ്ങൾ
ഒന്നു പിടിച്ച് വല്യമ്മ വരമ്പുകടക്കുന്നു
മറ്റൊരറ്റത്ത് ഗ്രാമം
പേൻ നോക്കിയിരിക്കുന്നു
ഒരറ്റത്ത്
ഇരുട്ടിലാണ്ട നദിയുടെ
കുട്ടിക്കാലം
മറ്റൊന്നിൽ ഒരു പനന്തത്തയുടെ
ചിതാഭസ്മം ...
വേരിന്
വേദനയിലുമുണ്ട് ഒരറ്റം
വറ്റിപ്പോയ പച്ചപ്പിലൂടെ
നീരുതേടി അതലയുന്നു
വേരിനൊപ്പം നടന്നു
മണ്ണിനെയറിഞ്ഞു തീർന്നില്ല
വേരിനോളം വലിയ
ജ്ഞാനിയില്ലെന്നറിഞ്ഞു
വിനയാന്വിതനായ്
തരിച്ചുനിന്നു
അറിഞ്ഞതത്രയും പൂവിട്ടു
വസന്തം വന്നു
ആനന്ദം വന്നു.
കണ്ണു നിറഞ്ഞു
കണ്ണീർത്തുള്ളിക്കൊപ്പം
വേരിൻ്റെ ഒരറ്റത്തു നിന്ന്
നൃത്തം ചെയ്തു
- മുനീർ അഗ്രഗാമി

No comments:

Post a Comment