വരൾച്ചയാണ്

വരൾച്ചയാണ്.
അതിനാൽ
തൊണ്ണൂറ് പൂവുകളുമായാണ്
വസന്തം വന്നത്.
വറ്റിപ്പോയ പൂന്തോട്ടത്തിൽ
ഇതിൽ കൂടുതൽ
ആരു പ്രതീക്ഷിക്കാനാണ് !

പക്ഷേ
പാഴ്ച്ചെടികൾ നിറയെ പൂത്തിരിക്കുന്നു
തോട്ടക്കാരെല്ലാം ഉറക്കത്തിലായിരുന്നു
വെയിലായാലും മഴയായാലും
വംശവർദ്ധനയ്ക്കുള്ള ഊർജ്ജം
പട്ടിണിയറിയാത്ത കളകൾ
വിശന്നവയുടെ അപ്പത്തിൽ
വേരുകളാഴ്ത്തി നേടിയതാണ്
ഇടിമുഴക്കങ്ങളും
കുയിൽ നാദങ്ങളുമില്ലാതെ
മുല്ലപ്പൂക്കളെ പോലെ
വിരിയേണ്ട സ്വപ്നത്തെ
വെയിലിൻ്റെ ചൂണ്ടുവിരലുകൾ
കൊന്നുകളഞ്ഞു
വരൾച്ചയാണ്
കൊടും വരൾച്ച!
ഇത്രകാലവും അന്നമില്ലാതെ
ചെടി പിടിച്ചു നിന്നു
തോക്കുകൾ കൊണ്ടും
നഖങ്ങൾ കൊണ്ടും
അതിൻ്റെ ഇലകൾ കൊഴിച്ചവരുടെ കോമ്പല്ലുകൾ
പൂക്കളിലേക്ക് നീളുന്നു
അതിജീവിക്കുമോ
വേനലേ അത് ?
- മുനീർ അഗ്രഗാമി

No comments:

Post a Comment