യേശു ചോദിക്കുന്നു

യേശു ചോദിക്കുന്നു
.....................................
ആരാണെന്നെ വീണ്ടും വീണ്ടും
കുരിശിലേറ്റുന്നത്?
മൂല്യമുള്ളവ അസാധുവാക്കപ്പെട്ട
രാജ്യത്തു വന്ന്
യേശു ചോദിക്കുന്നു ,

ഒരു കുഞ്ഞാടിനോടും
ഞാൻ നീതികേടു കാണിച്ചിരുന്നില്ലല്ലോ
കൂട്ടം തെറ്റിയ ഒന്നിനെ തിരഞ്ഞുപിടിച്ച്
സ്നേഹിക്കാനല്ലാതെ ഞാൻ
പറഞ്ഞി രുന്നില്ലല്ലോ ?
എൻ്റെ ഉപമകളെടുത്തണിഞ്ഞ്
കരിശേറ്റവും മുൾക്കിരീടവുമില്ലാതെ
ആട്ടിൻതോലുപോലെ
എൻ്റെ ജീവിതമെടുത്തണിഞ്ഞ്
വിശുദ്ധ ചെന്നായകൾ
വേട്ടയ്ക്കിറങ്ങുന്നു
അവയ് ക്കെതിതിരെ
പാപം ചെയ്യാത്തവരുടെ കല്ലുകൾ
പട നയിക്കാത്തതെന്ത് ?
അന്ധൻ അന്ധനെ നയിക്കുന്ന പോലെ
കാഴ്ചയുണ്ടായിട്ടും എൻ്റെ കുഞ്ഞാടുകളെ നയിക്കുന്നതാരാണ് ?
ആരാണവയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച്
വെളിച്ചം കെടുത്തിക്കളയുന്നത് ?
എൻ്റെ യേശുവേ എന്നു വിളിച്ച്
വിശ്വാസിയായ
വൃദ്ധ കന്യക തിരിഞ്ഞു കിടന്നു
ഉറക്കം പ്രളയജലമൊഴിയുമ്പോലെ
അവരിൽ നിന്നൊഴുകിപ്പോയി.
പുരുഷേച്ഛയില്ലാതെ
ഭൂജാതനായവനേ
സത്യത്തിനു സാക്ഷ്യം നൽകാൻ
വന്നവനേ
ഉടനെ നീ വീണ്ടും വരിക
അവർ പറഞ്ഞു
വീണ്ടും വരിക
ഉന്നതങ്ങളിൽ നിന്ന് ഇറങ്ങി വരിക
വീണ്ടും പ്രളയമുണ്ടായി
സ്വപ്നത്തിൽ കിടന്ന്
അവർ കരഞ്ഞു പോയി
സ്വന്തം കുരിശുമായി യേശു
അൾത്താരയിലേക്ക് കയറി
ചോദിച്ചു
ഇതാ എൻ്റെ രക്തം. പാനം ചെയ്യുവാൻ
ധൈര്യമുള്ളവരാര് ?
ഇതാ എൻ്റെ മാംസം
ഭുജിക്കാൻ ധൈര്യമുള്ളവരാര് ?
കുറെ കൈകൾ നീണ്ടു വന്നു
അവ യേശുവിനെ കുരിശിൽ തറച്ചു
ഉയിർത്തെഴുന്നേൽക്കാനാവാത്ത വിധം
നിർത്താതെ ആണിയടിച്ചു കൊണ്ടിരുന്നു.
സ്വപ്നം നിലവിളിച്ച്
നില വിട്ട്
പതിനാറു വയസ്സുള്ള പെൺ കുട്ടിയായി പുറത്തേക്കോടി
യേശുവിനു മുന്നിൽ മുട്ടുകുത്തി:
അങ്ങയെ എനിക്കറിയാം
അവൾ പറഞ്ഞു,
ദൈവം സ്നേഹമാകുന്നു
ഞാൻ ദു:ഖവും .
- മുനീർ അഗ്രഗാമി

No comments:

Post a Comment