ഈ രാത്രിയോളം വലിയ മഹാനദി മറ്റേതുണ്ട്?

നാം മുങ്ങി നിവർന്ന
ഈ രാത്രിയോളം വലിയ
മഹാനദി മറ്റേതുണ്ട്?
നമ്മെ ചേർത്തുനിർത്തിയ
ഈ നിമിഷത്തിനോളം വലിയ
കുളിരേതുണ്ട്?

ജലരാശിയിൽ മിന്നി മറയുന്ന
മീൻ കണ്ണുകൾ നക്ഷത്രങ്ങൾ!
നമ്മെ ചുറ്റിനിന്ന
മഹാപ്രവാഹം സ്നേഹം
നീ അടുത്തു നിൽക്കൂ
നിമിഷങ്ങൾ സെൽഫിയെടുക്കുന്നു
ചേർന്നു നിൽക്കൂ
ഒരു പുഴയിൽ മാത്രമല്ല
ഒരു രാത്രിയിലും
ഒറ്റത്തവണ മാത്രമേ
ഇറങ്ങാൻ പറ്റൂ
നിലാവിൻ്റെ ഫ്ലാഷ് ലൈറ്റിൽ
നാം പകലറിയാത്ത
രണ്ടു നീർപ്പക്ഷികളായ്
മുങ്ങി നിവരുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment