എഴുത്തമ്മ

എഴുത്തമ്മ
....................
എഴത്തച്ഛനെഴുതിയതിൽ
ഏനില്ല ,എൻമൊഴിയില്ല ,
ഓളില്ല ,ഓനില്ല ,ഓലമടലില്ല
കൈത്തഴമ്പുമായിട്ടിടവേളയിൽ
കൈതോല പ്പായയിലിരുന്ന്
ഓർമ്മകൾ തുന്നുമമ്മമ്മയില്ല
ഇടവഴി കടന്നാൽ ഇരുപുറം നോക്കാതെ,
ഇടമുറിയാതെ യൊഴുകും പുഴയിലെ
പരലില്ല പളളത്തിയില്ല
എടുത്തച്ഛനെഴുതിയതിൽ
ഉഴുതിട്ട വയൽ മുഴുവൻ
എഴുത്തോലയാക്കി,
ജീവിതകഥയെഴുതി
'നെൽച്ചെടികളേ വായിച്ചു വളരെ, ന്നോതിയ വല്യമ്മയില്ല
കന്നുപൂട്ടി കാലു കടഞ്ഞന്തിയിൽ
കള്ളുമോന്തി കപ്പയും മീനുമായ്
വീടണയുമപ്പൂപ്പനില്ല
കാട്ടുപൂഞ്ചോല പോലെ ചിരിച്ച്
കാട്ടു പാതകളിലൊന്നിൽ
നാട്ടുമൃഗത്തിൻ്റെ കുത്തേറ്റു വീണു,
മറവിച്ചതുപ്പിലാഴ്ന്ന പെങ്ങളെ കണ്ടില്ല
കൂരിരുട്ടിൽ വിള കാക്കുവാൻ പോയി
ജീവൻ്റെ വിളക്കണഞ്ഞു
തിരിച്ചെത്താതെ പോയ,
കുഞ്ഞു മിന്നാമിനുങ്ങൻ്റെ കൂട്ടുകാരൻ
കുഞ്ഞേട്ടനെ കണ്ടില്ല
കൊട്ടടയ്ക്കപ്പൊട്ടുകൾക്കൊപ്പം
കട്ടിലില്ലാ കുടിയിൽ
കുടിനീർ മാത്രമിറക്കി
എഴുത്താണിയില്ലാതെ
എഴുത്തച്ഛനെഴുതാത്തതെല്ലാം
എഴുത്തമ്മയെഴുതിയതറിയുന്നു
മനസ്സിന്നെഴുത്തോലയിൽ
നാട്ടു വെളിച്ചത്തിൽ വെൺമ പോലെ
നാട്ടു മൊഴിത്താളമോടെ
എഴുത്തമ്മ എഴുതിയതറിയുന്നു.
എഴുത്തച്ഛനെഴുതിയതിൽ
എഴുത്തത്തമ്മയില്ല
എഴുത്തമ്മയെഴുതിയതിൽ
എഴുത്തച്ഛനുമമ്മയുമല്ല
എഴുത്തൊരു സ്വപ്നവുമല്ല
എഴുത്ത്, എഴുത്തമ്മയുടെ ദേശമല്ല
എഴുത്താണി വരച്ച
അതിർവരമ്പുകളല്ല
ഇരുളടഞ്ഞ മറ്റൊരു ഭൂഖണ്ഡം /
എഴുത്തമ്മ എഴുതിയതുമായ്
ഞങ്ങൾ കുടിയേറിയ ഭൂഖണ്ഡം
എഴുത്തമ്മയിന്നില്ല;
എഴുത്തച്ഛനവിടെയിരുന്നിപ്പോഴുമെഴുതുന്നു
എഴുത്താണി മാറ്റി പേനയാലെഴുതുന്നു
അതിലേനില്ല ഓളില്ല ഓനില്ല .
- മുനീർ അഗ്രഗാമി

No comments:

Post a Comment