മലയാളിയാവണമെങ്കിൽ

ഹൈടെക്കാവണമെങ്കിൽ
അകത്തിരിക്കുക
മലയാളിയാവണമെങ്കിൽ
മാവിൻ്റേയും പ്ലാവിൻ്റേയും
സിലബസ് പഠിക്കുക
മനസ്സിലിരുന്നൊരു കുട്ടി
നിർത്താതെ ഓർമ്മകൾ വായിക്കണമെങ്കിൽ
കൊന്നപ്പൂവിൻ്റെ
കൂടെയിരിക്കണം
വരിനെല്ലിൻ്റെ കൂടെ നിൽക്കണം
സങ്കടച്ചൂടിൽ
സ്വയമുരുകാതിരിക്കണമെങ്കിൽ
ഒരു കുഞ്ഞു മഴയുടെ
കൈ പിടിച്ചിത്തിരി നടക്കുക
കളിർ കാറ്റിനൊപ്പം കളിക്കുക
പഠിക്കുമ്പോൾ
ഒന്നാ മദ്ധ്യായത്തിൽ നിന്നൊരു
മാമ്പഴമെടുത്തു രുചിക്കുക
രണ്ടാമദ്ധ്യായത്തിലേക്ക്
അണ്ണാനൊപ്പം ചാടണം
തേൻവരിക്കയുടെ മധുരത്തിലെത്തണം
ഇടവേളകളിൽ
പ്ലാവിലക്കുമ്പിളിൽ
ജീവിതം പകരുക
ആ ഹ്ലാദം കൊണ്ട്
സ്നേഹത്തിൻ്റെ ചിത്രം വരയ്ക്കുക
മലയാളിയാവണമെങ്കിൽ
മാവിൻ്റേയും പ്ലാവിൻ്റേയും
നിഴലിൽ
സ്വന്തം നിഴലുതിരയാതെ ലയിക്കുക
മാമ്പൂവും നിലാവും
കൈകോർത്തിരിക്കുന്ന പാതിരയിൽ
കൈകോർത്തിരുന്ന് പൂവായ് വിടരുക.
അതിൻ്റെ മധു നുകരുക
ജീവിതകാലം മുഴുവനുമിരുന്ന്
അതിൻ്റെ മധു നുകരുക !
- മുനീർ അഗ്രഗാമി

No comments:

Post a Comment