പുതിയ രക്തസാക്ഷികൾ

പുതിയ രക്തസാക്ഷികൾ
..........................................
ഓർമ്മകൾ പുതിയ രക്തസാക്ഷികളാണ്
നോക്കൂ ,സൂക്ഷിച്ച് നോക്കൂ ,
ഓർമ്മകൾ കൊല്ലപ്പെടുന്നു,
രക്ത സാക്ഷിയുടെ
ദീപ്തസ്മണകൾ പോലും
വെട്ടേറ്റും വെടിയേറ്റും
രക്തസാക്ഷികളാകുന്നു

കഥകളിൽ നിന്നും
കലണ്ടറിൽ നിന്നും
അവരുടെ സമയം
ആരോ മുറിച്ചു മാറ്റുന്നു
വീണ്ടും അവരെ കൊല്ലാൻ ശ്രമിക്കുന്നു
അവരുടെ ഭാഷ ,
അവർ നമ്മോട് സംസാരിച്ച മരണമില്ലാത്ത ഭാഷ
തകർക്കാൻ ശ്രമിക്കുന്നു
നമ്മുടെ സമയത്തിൽ
നമുക്ക് സമകാലീനരായി
അവർ കാലത്തിൻ്റെ
ഞരമ്പിലൂടെ നടക്കുകയായിരുന്നു.
അവരുടെ സ്വപ്നങ്ങൾ
കാലത്തിൻ്റെ ചുവന്ന
രക്താണുക്കളാണ്
ഓർമ്മകൾ കൊണ്ട്
നാമവ തൊടുമ്പോൾ
നമ്മുടെ രക്തകോശങ്ങളിൽ
അവർ വന്നിരിക്കുന്നു.
അവിടെ താമസിക്കുന്നു
അവശേഷിച്ച രക്തസാക്ഷികളുടെ
വേട്ടേറ്റു പിടയുന്ന ഓർമ്മകളും
വെടിയേറ്റു വീഴുന്ന ഓർമ്മകളും
രക്തസാക്ഷികളാകും മുമ്പ്
അവർ ബാക്കി വെച്ച സ്വപ്നമെടുത്ത്
അവയെ പരിചരിക്കുക!
എന്തെന്നാൽ
ബാക്കിയായ ഓർമ്മകളെ രക്ഷിക്കണം
നമ്മുടെ സ്വപ്നത്തിൻ്റെ തായ് വേര്
അവയിലാണ് ഉണർന്നിരിക്കുന്നത് .
- മുനീർ അഗ്രഗാമി

No comments:

Post a Comment