ചെറിയ കവിതകൾ

മുറിവ്
............
ഓർമ്മയുടെ മുറിവുകൾ തുന്നുവാൻ
പുഴവക്കിലിരുന്നു
ഒരു കാറ്റു വന്നതു
ഭംഗിയായ് ചെയ്തു .

ചിറക്
...........
കൊടുംവേനൽ തന്നതാണീ
ചിറകെന്നു പറയുവാൻ മാത്രം
ഒരപ്പൂപ്പൻ താടി
അരികിലൂടെ പറന്നു പോയി .
ഏകാന്തത
..................
പ്രപഞ്ചത്തോളം ഭാരമുള്ള
ഏകാന്തത വന്നെന്നെ
എടുത്തു നടന്നു
കടലിനു നടുക്ക് കൊണ്ടു വെച്ചു .
ഉദ്യാനം
....... ........
നിനക്കു പൂക്കുവാൻ
ഒരുദ്യാനമായി
മറ്റൊരു ചെടിയും അവിടെ
വളർന്നതേയില്ല
വീഴ്ച
...........
മഞ്ഞയുടുത്ത ഇലകൾ
വീഴുമ്പോഴതിനെ
താങ്ങുമോ
ഓർമ്മയിലെ ചുംബന പ്പച്ചകൾ!
ഇപ്പോഴും
................
അലസിപ്പോയ യാത്രയിൽ
ഇറ്റി വീണ രക്തത്തുള്ളി
യാണ് അവൾ
കട്ടപിടിക്കാൻ മറന്ന്
ഇപ്പോഴും മുറിവിലേക്ക്
നോക്കി നിൽക്കുന്നു
.
പ്രണയിനി
....................
അവൻ്റെ ചുണ്ടുകളിൽ നിന്ന്
നെരൂദ എന്നെ തൊടുന്നു
ഹൃദയത്തിൽ നിന്ന്
റൂമി എന്നെ വിളിക്കുന്നു
അവൻ്റെ വിരലുകൾ
ഖയ്യാമിൻ്റെ ശബ്ദത്തിൽ പാടുന്നു
നോക്കൂ
എന്നിൽ ദൈവം തുളുമ്പി നിൽക്കുന്നു
ദൈവമേ
അങ്ങയുടെ തുള്ളികളാണ്
പ്രണയമെന്ന് ഞാനറിയുന്നു.
-മുനീർ അഗ്രഗാമി

No comments:

Post a Comment