തുളസി

തുളസി
..............
മഴ വീടു വിട്ടു പോയി
അമ്മയും അച്ഛനും
അവളെ തിരഞ്ഞിറങ്ങി

കൂട്ടുകാരോടു ചോദിച്ചു,
പുഴ അവളെ കാണാതെ
മെലിഞ്ഞിരുന്നു
വയൽ അവളെയോർത്ത്
വിണ്ടുകീറിയിരുന്നു

 അവൾ നടന്ന ചെമ്മൺപാത
വേദനിച്ച് പൊടിഞ്ഞു പോയിരുന്നു
അവൾ കുളിച്ച തടാകം
കണ്ണീർത്തുള്ളികൾ മാത്രം
ബാക്കിവെച്ച് വിതുമ്പുകയായിന്നു

പൊടിയും കരിയിലകളും
അവളെ തിരഞ്ഞു പോയി
അവൾ വാതിലിൽ മുട്ടുന്നതും കാത്ത്
 എൻ്റെ വിത്തിനുള്ളിൽ
എത്ര സന്തോഷങ്ങളാണ്
കിടന്നുറങ്ങുന്നത്!

മുറ്റത്ത്,
തുളസിത്തറയിൽ
അവൾ വരുമെന്നോർത്ത് ഞാൻ
കാത്തിരിക്കുന്നു

 വിരലുകൾ പിടിച്ച്
 അവൾ നടക്കുമ്പോഴേ ഞാൻ
തളിർക്കൂ.

 -മുനീർ അഗ്രഗാമി

No comments:

Post a Comment