മണ്ണിലേക്ക്

I
കുരുവിക്കുഞ്ഞുങ്ങളെ പോലെ
പാതിരാവിൽ മഞ്ഞയിലകൾ
മണ്ണിലേക്ക് പറന്നിറങ്ങുന്നു
പാട്ടു പോലെ അതു നോക്കി
ഒരു രാപ്പാടി എന്നുള്ളിലിരിക്കുന്നു.
നിലാവിലേക്ക്
കൊക്കു നീട്ടിയിരിക്കുന്നു.
ചിറകടിച്ചുപറക്കുന്ന രാത്രി യൊച്ചകൾ
കൊത്തിത്തിന്ന്
വിശപ്പടക്കുന്നു.
തൂവൽ പോലെ ഒരു നിലവിളി പൊഴിച്ച്
ഉറക്കിലേക്ക് പറക്കുന്നു.
II
മഴയ്ക്കും വേനലിനുമിടയ്ക്ക്
പറന്നു തളർന്ന ഒരു കിളി
അല്പം വിശ്രമിക്കുന്നു
അതൊരു ദു:സ്വപ്നം കാണുന്നു,
വേടൻ എവിടെയിരുന്നാണ്
വില്ല് കുലയ്ക്കുന്നത്!
കാറിൽ ?
സിംഹാസനത്തിൽ?
പാർലമെൻറിൽ?
നിയമസഭയിൽ?
അയ്യോ!
ഇനിയിഴഞ്ഞു വരും
ഉറുമ്പുകളേ
യുവാക്കളേ
വോട്ടുകളേ
വേടൻ്റെ കാലിൽ കടിക്കുക.
ഉന്നം തെറ്റട്ടെ!
കിളി സമാധാനത്തോടെ
ചിറകടിക്കട്ടെ!
രാപ്പാട്ടിനൊപ്പം കളിക്കട്ടെ !
- മുനീർ അഗ്രഗാമി

No comments:

Post a Comment