ഇതളുകളുള്ള രാജ്യമാണ്

ഇതളുകളുള്ള
രാജ്യമാണ്
വസന്തം.
വസന്തത്തിൻ്റെ ഒരിതളിൽ
നാമിരിക്കുമ്പോൾ
അതിൻ്റെ അതിരുകൾ
അപ്രത്യക്ഷമാകുന്നു.

കിളികൾ പറന്നു വരുന്നു
തൂവലുപോലെ പാട്ടുകൾ
കാറ്റിലിളകുന്നു
ചെടികളിൽ നിറങ്ങൾ
നമ്മുടെ സന്തോഷങ്ങൾ
കൊണ്ടു വെയ്ക്കുന്നു
വെടിയൊച്ചകളുടെ ഓർമ്മകളും
വേദനകളും
ഇല പോലെ പൊഴിച്ച്
മറക്കുവാൻ ശ്രമിക്കുന്നു
ഒരു ബെഞ്ചിൽ നാം
ചാറ്റൽ മഴ പോലെ
പെയ്തു തോരുന്നു
പക്ഷേ
പ്രായപൂർത്തിയാവാത്ത
നിലവിളികൾ
തോരാതെ കൊടുങ്കാറ്റാവുന്നു
അതിൽ രാജ്യത്തിൻ്റെ
ഇതളുകൾ കൊഴിഞ്ഞേക്കും
അതു പ്രതിരോധിക്കുവാൻ
നമുക്കാവുമോ
നേർത്ത സ്പർശങ്ങളുടെ
ഈ ചാരു ബെഞ്ചിലിരുന്ന്?
- മുനീർ അഗ്രഗാമി

No comments:

Post a Comment