ദി ലിറ്ററേച്ചർ ഫെസ്റ്റിവൽ

ദി ലിറ്ററേച്ചർ ഫെസ്റ്റിവൽ
............................................
മാവേലി നഗരത്തിൽ വന്നു
നോട്ടീസു കണ്ടു,
സാഹിത്യ മേളയെന്നോർത്തു
കയറിച്ചെന്നു
ആശ്രമമെന്നു കണ്ടു
തിരിച്ചു പോന്നു
'സദ് ഗുരു 'സന്യാസി തൻ
അനുഗ്രഹ പ്രഭാഷണം കേട്ടു
ആശ്രമമൃഗങ്ങളിൽ ഹിംസയില്ല
മാനും പുലിയുമൊരേ വേദിയിൽ
അതിൻ്റെ പല്ലും നഖവുമെവിടെപ്പോയ് ?

മാനുഷരെല്ലാരുമൊന്നുപോലെന്ന തോന്നലിൽ ചെന്നു
കള്ളവും ചതിയുമില്ലെന്നറിഞ്ഞു ചെന്നു
പുസ്തകച്ചന്തയും കണ്ടു
എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കു മുകളിൽ
കള്ളൻ്റെ ആത്മകഥയിരിക്കുന്നു
മൂലധനത്തിനു മുകളിൽ
മൂലാധാരം
ഗീതയ്ക്ക് മുകളിൽ ആൾദൈവം
നളിനിക്കു മുകളിൽ നളിനി ജമീല
അട്ടിയട്ടിയായിരിക്കുന്നു...
*************
വാമനർ പലരുണ്ട്
പല വഴി വരുന്നു
പുസ്തകത്തിലൂടെ
പ്രഭാഷണത്തിലൂടെ
ഭക്ഷണത്തിലൂടെയും
മൂന്നടി ചോദിക്കാതെ തന്നെ
എടുക്കുന്നു
ഒന്നാ മടിയ്ക്ക് മനസ്സു മുഴുവൻ
രണ്ടാമടിയ്ക്കു ഉടലുമുയിരും
മൂന്നാമടിയ്ക്ക്
പാതാളവും
രക്ഷയില്ല
ആൾക്കൂട്ടത്തിൽ അജ്ഞാതനായി നിന്നു
കടൽക്കാറ്റിൻ്റെ പ്രഭാഷണം കേട്ടു
അപ്പോൾ സമരം നിർത്താതെ
കടൽത്തിര പറഞ്ഞു
മൂന്നടി ,
അടിയായ്
ചോദിച്ചപ്പോഴേ
കൊടുക്കേണ്ടതായിരുന്നു!
- മുനീർ അഗ്രഗാമി

No comments:

Post a Comment