ഭൂതം

ഭൂതം
..........
പ്രച്ഛന്നവേഷം കെട്ടിയാടുന്ന
ഭൂതമാണ് ചരിത്രം
ശിലാലിഖിതമങ്ങനെ
പറഞ്ഞു തീരും മുമ്പേ
പെരുമ്പറക്കൊട്ടിനൊപ്പം
അത് കളിക്കുന്നു

അച്ചാച്ചനൊപ്പം നടന്ന കുളക്കോഴി
തവളക്കുഞ്ഞ്
ഉടുമ്പ്
പൂത്താങ്കീരി ഒന്നുമതിലില്ല
തുടികൊട്ടിപ്പാടിയ നേരങ്ങളിൽ
അകത്തു നടന്ന യുദ്ധം അതിലില്ല
അമ്മാമ്മ കോമാങ്ങ പുഴുങ്ങിത്തിന്ന
നേരങ്ങളില്ല
തെയ്യം
തിറ
കനലാട്ടം
കളിയാട്ടമെന്നിങ്ങനെ
ചെണ്ടക്കോലു പെരുക്കിയെഴുതിയ
രേഖകൾ
അച്ചാച്ചനെടുത്തു വെച്ചിട്ടുണ്ട്
വേഷങ്ങളെല്ലാം അഴിച്ചെടുക്കുമ്പോൾ
ഭൂതത്തിൽ അതു തെളിയും
ഒറ്റമുണ്ടുടുത്ത്
വയലിൽ തൂമ്പ കൊണ്ട്
അച്ചാച്ചൻ അതെഴുതും
നേല്ലോലകളതു വായിച്ച് വളരും
കരിങ്കണ്ണാ നിനക്കു വായിക്കാൻ
നോക്കുകുത്തി പോലെ
എല്ലാത്തിനും മുന്നിൽ
അരാണ് ചരിത്രം
കുത്തി നിർത്തിയത് ?
ഇപ്പോഴും അതങ്ങനെ നിൽക്കുന്നു
അച്ചാച്ചൻ ഇന്നില്ല
കുഴിച്ചെടുത്ത് വായിക്കുവാൻ
എല്ലു പോലും ബാക്കിയില്ല
- മുനീർ അഗ്രഗാമി

No comments:

Post a Comment