തിരഞ്ഞെടുത്ത തുള്ളികൾ

തിരഞ്ഞെടുത്ത തുള്ളികൾ
..................... ...................:....................
അച്ചനള അയ്യങ്കോട്
പേപ്പാറ നിവാസികളേ
നിങ്ങൾക്ക് കുടിവെള്ളമില്ല
കിണറുകൾ അതിൻ്റെ ആഴത്തിൽ
വിണ്ടുകീറിയിരിക്കുന്നു,
പെൺമക്കളുള്ള അമ്മയെ പോലെ.
നെഞ്ചു വിരിച്ച് ഉയർന്നു നിന്ന പൈപ്പുകൾ
ഉരുകിപ്പോയിരിക്കുന്നു,
ആൺമക്കളുള്ള
അച്ഛനെ പോലെ .
വിരൽത്തുമ്പിലൂടെ നദി ഒഴുകിയിറങ്ങുന്നത്
നിങ്ങൾക്ക്‌ സ്വപ്നം കാണാം
മുറ്റത്ത് മഴത്തുള്ളികൾ
ചിക്കിപ്പെറുക്കുമെന്ന്
വെറുതെ വിചാരിക്കാം
വിചാരങ്ങളുടെ തണലിലിരുന്ന്
നിങ്ങൾ ദാഹിച്ചു വലയുന്നു
ഓരോരുത്തരും ചെയ്ത
ഓരോ വോട്ടും ജലത്തുള്ളികളാവേണ്ട
അസുലഭ സന്ദർഭമാണിത്
ഉച്ചത്തിൽ മുഴങ്ങി
ആകാശത്തിൽ ലയിച്ച
മുദ്രാവാക്യങ്ങൾ
കുളിരോടെ തിരിച്ചെത്തേണ്ട
സമയമാണിത്.
പക്ഷേ
വരൾച്ച നിങ്ങൾക്കു മുകളിലൂടെ
കൊടി വെച്ച കാറിൽ
പൊടിപറത്തി
കടന്നു പോകുന്നു
മോഹം കൊണ്ടും
ഹേമം കൊണ്ടും
ഹോമം കൊണ്ടും
ദാഹം മാറില്ല
അച്ചനള അയ്യങ്കോട്
പേപ്പാറ നിവാസികളേ
നിങ്ങൾക്ക് കുടിവെള്ളമില്ല
നിങ്ങൾ തിരഞ്ഞെടുത്ത
ജലത്തുള്ളികളില്ല
നിങ്ങൾക്കു വേണ്ടി
ഭാരരഹിതരായ്
നീരാവിയായ്
മേഘമായ് പെയ്യുവാൻ
സേവന സന്നദ്ധരായ്
ആരാണുള്ളത്?
ആരാണുള്ളത് ?
- മുനീർ അഗ്രഗാമി

No comments:

Post a Comment