വീടടച്ചിടുമ്പോൾ

വീടടച്ചിടുമ്പോൾ
................................
മെഡഗാസ്കറിൽ വല്ല്യച്ഛൻ
കാലിഫോർണിയയിൽ കുഞ്ഞേച്ചി
ടെഹറാനിൽ അമ്മച്ചി
മോസ്കോയിൽ അച്ഛൻ

കുറ്റിപ്പുറത്ത് വല്ല്യമ്മ
ചെറിയച്ഛൻ്റെ ഫ്ലാറ്റിൽ
കുഞ്ഞിനെ നോക്കുന്നു
എൻ്റെ വീട് അടച്ചിട്ടിരിക്കുന്നു
അടച്ചിട്ട വീടിന്നു കാവലായൊരു മാവ്
മാവിനു കൂട്ടായൊരു കണിക്കൊന്ന
കണിക്കൊന്നയിലിപ്പോൾ
മഞ്ഞ ശലഭങ്ങൾ
വിഷുപ്പാട്ട് കേട്ടിരിക്കയാവും
മുറ്റത്ത് നാലഞ്ചു കുഞ്ഞു മാങ്ങകൾ
കിടന്നു കളിക്കുന്നുണ്ടാവും
ആരെയും കാണാതെ വീട്
കരഞ്ഞ്
ഉറുമ്പുകളോട് പരാതി പറയുന്നുണ്ടാകും
ഞാൻ നടന്നതിൻ പാടുകൾ
രണ്ടു കീരികൾ വന്നു നോക്കുന്നുണ്ടാകും
കുറെ ചിതലകൾ അവയെ കളിയാക്കി
പറന്നു വന്നിട്ടുണ്ടാകും
ഹോസ്റ്റലടച്ചതിനാൽ
വല്ല്യമ്മയുടെ വിരലിൽ തൂങ്ങി
കുഞ്ഞു കഥയായ് നടക്കുന്നു
വീട്ടിൽ നിന്നെന്നോ
ഇറങ്ങിപ്പോയതാണതിലെ കഥാപാത്രങ്ങൾ
ഇടയ്ക്ക് മൊബൈലിലവർ
വന്നു പോകും
ജീവനുണ്ടെങ്കിലും
ജീവിതമില്ലാതെ.
വീടടച്ചിടുമ്പോൾ
മനസ്സടയുന്നു
മനുഷ്യനടയുന്നു
തുറക്കുവാനുള്ള
സന്തോഷത്തിൻ്റെ താക്കോൽ
വീണുപോയിരിക്കുന്നു
ഞാനുതിരഞ്ഞ്
അമ്മമ്മയുടെ വിരൽ പിടിച്ച്
നടക്കുന്നു :
വീണു കിട്ടിയവരാരോ
കൊന്നപ്പൂവിലതെടുത്തു വെച്ചിട്ടുണ്ടാവും
ഉണ്ടാവും
- മുനീർ അഗ്രഗാമി

No comments:

Post a Comment