ഹോളി ഹോളി എന്ന് പേരിടാത്ത കവിത

ഹോളി ഹോളി എന്ന് പേരിടാത്ത കവിത
............................................................
അന്നേരം ഞങ്ങൾ
നിറങ്ങൾ കൊണ്ട് കളിക്കുകയായിരുന്നു
നീല,
ചുവപ്പ്,
കങ്കുമം ,
മഞ്ഞ ...
എന്നിങ്ങനെ
നിറങ്ങളുടെ ജനാധിപത്യത്തിൽ
കുളിക്കുകയായിരുന്നു

അന്നേരം
തോറ്റവരുടെ മുകളിൽ വിജയിച്ചവരുടെനിറം മൂടുകയായിരുന്നു
മുഖങ്ങളും വസ്ത്രങ്ങളും
ആരേയും തിരിച്ചറിയാനാവാത്ത വിധം
മാറിപ്പോയിരുന്നു
ആരാണ് തളർന്നു വീണത് ?
ആരാണ് കൊല്ലപ്പെട്ടത്?
ആരാണ് പീഡിപ്പിക്കപ്പെട്ടത് ?
ആരാണ് സ്വന്തം ജീവിതത്തിൽ നിന്ന്
നാടുകടത്തപ്പെട്ടത് ?
എന്നൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല
ഞങ്ങൾ
സ്വന്തം മുഖം തിരിച്ചറിയാനാവാതെ
നിറങ്ങൾ ക്കൊപ്പം നടക്കുകയായിരുന്നു .
നിറങ്ങൾ ഏതു വഴിയാണ്
വന്നതെന്നോ
ആരാണ് കൊണ്ടുവന്നതെന്നോ
ഞങ്ങൾ തിരക്കിയില്ല
സിലബസ്സ് ആരാണുണ്ടാക്കുന്നതെന്ന്
തിരക്കാത്തതുപോലെ
ആരാണ് പാചകം ചെയ്യുന്നതെന്ന്
അന്വേഷിക്കാത്തതു പോലെ.
കളി കാര്യമായപ്പോൾ
പാതി വഴിയിൽ വീണ്
നക്ഷത്രങ്ങളായവരുടെ വെളിച്ചത്തിൽ
ഇപ്പോൾ ഞങ്ങളാ വഴിയറിയുന്നു
ഞങ്ങൾക്ക് ഞങ്ങളെ നഷ്ടപ്പെട്ട വഴിയറിയുന്നു
നിറങ്ങളുടെ തനിനിറമറിയുന്നു
നിറങ്ങൾ വെറും നിറങ്ങളല്ല
കൊടികളിലവ കടലിൻ്റേതോ
കാടിൻ്റേതോ മണ്ണിൻ്റേതോ
മനുഷ്യൻ്റേതോ അല്ല
കൊടി പിടിച്ച വരിലും
പൊടി വിതറിയ വരിലുമത്
പൂവിൻ്റേതോ പൂമ്പാറ്റയുടേതോ അല്ല
അതുകൊണ്ട്
ഇന്നേരം
ഞങ്ങൾക്ക് എല്ലാം മാറ്റിക്കളിക്കണം
ഇലപ്പച്ചയിലിരുന്ന്.
ആകാശനീലിമ കണ്ട്
തെച്ചിച്ചോപ്പിറുത്ത്
മയിലാട്ടത്തിൻ നിറത്താളത്തിൽ
മണ്ണിനെയറിഞ്ഞ്,
തോൽക്കാതിരിക്കുവാൻ
കാര്യമായ
ഒരു കളി.
- മുനീർ അഗ്രഗാമി

No comments:

Post a Comment