വെളിച്ചം

വെളിച്ചം
................
രണ്ടു വിദൂര നക്ഷത്രങ്ങൾ
ഒരുമിച്ചു ചേരുമ്പോലെ
രണ്ടു വെളിച്ചങ്ങൾ
ഒന്നിച്ചിരിക്കുമ്പോലെ
നമ്മൾ സംസാരിക്കുന്നു

നീ ഒരു പുവിൻ്റെ പേരുപറയുന്നു,
അത് വിടരുന്നു
ഞാനൊരു കിളിയുടെ പേരു പറയുന്നു,
അത് പാറുന്നു.

എൻ്റെ വാക്കിൻ്റെ വിരലുകളിലൂടെ
ഒരു മഴക്കാലം നടക്കുന്നു
നിൻ്റെ വിരലുപിടിച്ച്
കുറച്ച് മഞ്ഞു തുള്ളികൾ.
ഋതുക്കളുടെ മർമ്മരങ്ങൾ
ഓണത്തുമ്പികളായ് നമുക്കു ചുറ്റും പറക്കുന്നു.

പക്ഷേ
നിശ്ശബ്ദത
നമ്മുടെ വിലാസം.

നീ
ഭയം എന്ന രാജ്യത്തിലെ പ്രജ
ഞാൻ
 ഭീതിയെന്ന രാജ്യത്തിലെ പ്രജ
പേടിയെന്ന ജാതിയിൽ
പേടയെന്ന
ഉപജാതി നീ
ഉൾഭയമെന്ന ജാതി ഞാൻ

എന്നിട്ടും നീയും ഞാനും സംസാരിക്കുന്നു
ദേശസ്നേഹം കൊണ്ട് കെട്ടിയുയർത്തിയ
മതിലുകൾക്കകത്ത്
ഒതുങ്ങാതെ അത് ജ്വലിക്കുന്നു
മറ്റൊരു സൂര്യനായി

പുതിയ ഭൂമികൾ നമ്മെ
വലയം ചെയ്യുന്നു
അവയ്ക്ക്
ഭൂപടങ്ങളില്ല

- മുനീർ അഗ്രഗാമി

No comments:

Post a Comment