അപരിചിതൻ

അപരിചിതൻ
........................
നഗരത്തീയിലൂടെ
വാടാതെ നടന്നു പോകുന്ന
ഒരുവളെ എനിക്കറിയാം
അവളുടെ സ്വപ്നത്തിൻ്റെ
ഇലകളിലെ ഞരമ്പുകൾ
കുട്ടിക്കാലം നടന്ന വഴികളാണ്
നിത്യവും പല നിറജ്ജ്വാലകളിൽ
നഗരം
നിറഞ്ഞു കത്തുന്നു
നിറമില്ലാത്ത വേരുകൾ
ഏതോ ഓർമ്മകളിൽ തൊട്ട്
അവളെ
തണുപ്പിക്കുന്നു
ഒരു വേര്
ഞാറ്റുവേലകളിലൂടെ
ഞാട്ടിപ്പാട്ടിലൂടെ ,
നിറഞ്ഞ വയൽ വരമ്പിലൂടെ
ഒരു പുഴയിലെത്തുന്നു
അതൊരു കലാലയമായിരുന്നു
അതിന്നിറമ്പിൽ
ഞാനിരിക്കുന്നുണ്ട്
എനിക്ക് കാവലായി ഒരാൽമരവും
അവൾ നഗരത്തീയിലൂടെ
നടന്നുപോകുന്നു
കുഞ്ഞിനുള്ളതും
അമ്മയ്ക്കുള്ളതുമായി
തീപ്പിടിച്ച നടത്തത്തിലും
വാടാതെ.
പക്ഷേ
അവൾക്ക്
എന്നെ അറിയില്ല.
- മുനീർ അഗ്രഗാമി

No comments:

Post a Comment