ദി ഗ്രെയിറ്റ് ഇന്ത്യൻബിനാലെ

ദി ഗ്രെയിറ്റ് ഇന്ത്യൻബിനാലെ
....................... ..........................
ഏറ്റവും വലിയ ഇൻസ്റ്റലേഷനാണ്
രാത്രിത്തീവണ്ടി
രാജ്യത്തെ സംസ്കാരത്തിൻ്റെ
ഉടുപ്പു ക ള ത്രയും
അതിനകത്ത് പല പോസുകളിൽ
വിതാനിച്ചിരിക്കുന്നു
ചലിക്കുന്ന ശില്പങ്ങൾ പോലെ
സ്ഥലത്തെ മാത്രമല്ല
കാലത്തേയും ദൂരത്തേയും
അതുൾക്കൊള്ളുന്നു

പല കാലാവസ്ഥകളിൽ
പല ബോഗികളിൽ
ഉറക്കും ഉണർവ്വും
ചിത്രീകരിച്ചിരിക്കുന്നു
പുറത്ത് അഴുക്കും മാലിന്യവുമുപയോഗിച്ച്
രാജ്യത്തിൻ്റെ വർത്തമാനം
കാറ്റും നിശാചാരികളും
വരച്ചു വെച്ചിരിക്കുന്നു
നഗരത്തിൻ്റെ ഉടയാടയുടെ കരയിൽ
പൊടിപടലങ്ങൾ പോലെ
കുടിലുകൾ പറ്റിക്കിടക്കുന്നു
നഗരമൊന്നു കുടഞ്ഞാൽ
അവ തെറിച്ചു പോകുമെന്ന തോന്നലിൽ ആസ്വാദകൻ പ റക്കവേ
രാജ്യമൊരു ബിനാലെ
കടങ്ങൾ കൊണ്ട്
ജീവിതത്തിൻ്റെ ഇൻസ്റ്റലേഷൻ;
വിടവാളുകൾ കൊണ്ട്
മരണത്തിൻ്റേയും
ജീവനുള്ളവ കൊണ്ട്
ക്യൂവിൻ്റേത്
ജനാധിപത്യം കൊണ്ട്
അതല്ലാത്തതെന്തൊക്കെയോ
നിർമ്മിച്ചു വച്ചിട്ടുണ്ട്;
പാഠശാലകൾ കൊണ്ട്
അതല്ലാത്തതും
പ്രദർശനം സൗജന്യം
തലസ്ഥാനത്തേക്ക് കുതിക്കുന്ന
വഴികളിലൂടെ ചെന്ന് കാണുക
ദി ഗ്രെയ്റ്റ് ഇന്ത്യൻ ബിനാലെ.
- മുനീർ അഗ്രഗാമി

No comments:

Post a Comment