റിപ്പബ്ലിക് ദിന കവിത

.......................................
നിക്ഷേപിച്ച പണം
പിൻവലിക്കാൻ പോലും
അധികാരമില്ലാത്ത ഒരാൾ
പരമാധികാരത്തെ കുറിച്ച്
സംസാരിക്കുന്നു
വെറുതെ സംസാരിക്കുന്നു.

അയാളുടെ മകൻ
അസംബ്ലിയിൽ
അറ്റൻഷനായ് നിന്ന്
ഹെഡ്മാസ്റ്റർ പറയുന്നത് കേൾക്കുന്നു
കാറ്റ് വന്നിട്ടും ഇളകാൻ കഴിയാത്ത
ഒരില പോലെ അവൻ
മഴ തൊട്ടിട്ടും ഉണരാൻ കഴിയാത്ത
വിത്തു പോലെ അവൻ,
അവൻ ഒന്നും സംസാരിക്കുന്നില്ല
അവൻ അവൻ്റെ ഭാഷയിൽ
ഒന്നും മിണ്ടുന്നില്ല

വലുതാകുമ്പോൾ
അച്ഛനെ പോലെ
വെറുതെ സംസാരിക്കാൻ അവനാകുമോ ?
അച്ചടക്കം പഠിച്ചതിനാൽ
അച്ചിനു പുറത്തുള്ളത്
അവനറിയാനാകുമോ ?

സ്കൂൾ മുറ്റത്ത്
ഒരു മൈന വന്നു
സിലബസ്സിലില്ലാത്തതിനാൽ
അവൻ അങ്ങോട്ടു നോക്കിയതേയില്ല
സ്കൂൾ ബസ്സിൽ പോകുമ്പോൾ
അച്ഛൻ ക്യൂ നിൽക്കുന്നതു കണ്ടു
കണ്ടു ,അത്ര മാത്രം .

ഈ ബസ്സ്
അവൻ്റെ രാജ്യമാണ്
സീറ്റിൽ അനങ്ങാതെയും മിണ്ടാതെയുമിരിക്കുന്നവനാണ്
നല്ല കുട്ടി.
അതിന് അവാർഡുണ്ട് .

- മുനീർ അഗ്രഗാമി

No comments:

Post a Comment