നീ മനുഷ്യമരത്തെ കണ്ടിട്ടുണ്ടോ?

നീ മനുഷ്യമരത്തെ കണ്ടിട്ടുണ്ടോ?
ഇല പോലും പൊഴിക്കാനാവാതെ
ഒരുകാറ്റിലും സ്വതന്ത്രമായ്
ഇളകാനാകാതെ
ആകാശത്തേക്ക് ശരിക്ക്
തലയുയർത്താനാവാതെ
നിന്നു പോയ ചില ചലനങ്ങളെ?

നിലാവ് വീഴാതെ
മഞ്ഞു സ്പർശിക്കാതെ
വേരു പോലും
ശരിക്ക് കാണാനാകാതെ
നിന്നു നിശ്ശബ്ദമായ്
ശ്വാസമെടുക്കുന്നവയെ?
ചോദിച്ചതാരാണ് ?
അവനോ അവളോ ?
മുറ്റത്ത് നിന്ന മുരിങ്ങാമരമതു കേട്ടു
തരിച്ചു പോയ്
ചോദിച്ചതാരെന്നു കേട്ടില്ല
അവരുടെ സങ്കടങ്ങൾ
ഒഴുകിപ്പരന്ന മുറ്റത്ത്
അത് പൂവു പൊഴിച്ചു
അല്ലാതെ അതെങ്ങനെയാണ്
അവരുടെ സങ്കടങ്ങളെ
തൊടുക ?
എന്നാലും
ആരായിരിക്കും
ആ ചോദ്യം ചോദിച്ചത് ?
പൂവുകൾ അന്വേഷിച്ചു കൊണ്ടിരുന്നു .
- മുനീർ അഗ്രഗാമി

No comments:

Post a Comment