ഇരയും വേട്ടക്കാരനും

ഇരയും വേട്ടക്കാരനും
ഒരേ സ്വപ്നം കണ്ടു:
ഒരു തൂവൽ വീഴുന്നു
ഉണർവ്വിൽ ,
ഓരേ കുട്ടി
രണ്ടു പേരുടേയും സ്വപ്നം വ്യാഖ്യാനിച്ചു:

ഇരയുടെ ആത്മാവിൻ്റെ
ഒരു കഷണം
മുറിഞ്ഞു വീഴുന്നു .
വേട്ടക്കാരന്
കിരീടത്തിൽ തുന്നിച്ചേർക്കാൻ
ഒരു തൂവൽ .
കുട്ടി അന്നുരാത്രി
വീണുകിട്ടിയ തൂവലുകൾ ചേർത്തു വെച്ച്
കിരീടമുണ്ടാക്കണോ
ആത്മാവുള്ള
കിളിയെ ഉണ്ടാക്കണോ എന്നു ചിന്തിച്ചു കിടന്ന് ഉറങ്ങിപ്പോയി
സ്വപ്നത്തിലവൻ
സ്കൂളിലൂടെ പറന്നു
സ്നേഹം
ദയ
കരുണ
പ്രണയം
വാത്സല്യം ...
എന്നിങ്ങനെ
തൂവലുകൾ ഓരോന്നായി
കൊഴിഞ്ഞു വീണു കൊണ്ടിരുന്നു
സ്വന്തം സ്വപ്നം
വ്യാഖ്യാനിക്കാനാവാതെ,
ഉണർന്ന കുട്ടി പേടിച്ചു;
തൻ്റെ ഇതേ സ്വപ്നം കണ്ട
വേട്ടക്കാരൻ ആരായിരിക്കും ?
ഈ സ്പ്നം വ്യാഖ്യാനിക്കാൻ
ഏതു മാഷ്ക്കാണ്
ധൈര്യമുണ്ടാകുക ?
- മുനീർ അഗ്രഗാമി

No comments:

Post a Comment