ഒന്നിൽ മറ്റൊന്ന്

ഒന്നിൽ മറ്റൊന്ന്
............................
ഒരു രാത്രിയുടെ അകലത്തിൽ
രണ്ടു വൻകരകളിൽ
രണ്ടുസങ്കടങ്ങൾ
കുടുങ്ങിക്കിടക്കുന്നു

നിലാവ് അവയിൽ
മുങ്ങി നിവരാം,
ഒന്നിൽ
മറ്റൊന്നിനെ തിരഞ്ഞ്.
ദേശാടനക്കിളി
അവയിലൂടെ പറന്നു പോകാം
ഒന്നിൽ
മറ്റൊന്ന്
പൂത്തിരിക്കുന്ന വഴിയേ .
വീടിൻ്റെ നിറം
കുഞ്ഞിൻ്റെ ചിരി
ഇണയുടെ മണം
ഇളവെയിലിൻ്റെ ചൂട്
എന്നിവ
ഇരുട്ടിൽ കലർന്ന്
പെയ്യുവാൻ തിടുക്കം കൂട്ടുന്നു
അറിയാതെ
തീരെയറിയാതെ
നിമിഷങ്ങൾ നനഞ്ഞൊലിക്കുന്നു
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
മണ്ണൊലിച്ചു പോകുന്നു
ഇരുട്ടിൽ വേരുകൾ
അനാഥമാകുന്നു
രാത്രി കനക്കുന്നു
അകലം കണ്ണു പൊത്തുന്നു
കുടുക്ക് മുറുകുന്നു
രണ്ടുദേശങ്ങളിൽ
രണ്ടു സങ്കടങ്ങൾ
മോചനം കാത്ത്
ഇരുട്ടു കുടിച്ച് രാത്രി മഴയായ്
പെയ്യുന്നു.
- മുനീർ അഗ്രഗാമി

No comments:

Post a Comment