പനിയെ കുറിച്ച് അഞ്ച് കുറിപ്പുകൾ

പനിയെ കുറിച്ച് അഞ്ച് കുറിപ്പുകൾ
.......................................'..................
I
പേടിച്ച് പനിപിടിച്ച
ഇരയുടെ നെറ്റിയിൽ
കണ്ണീരിൽ കുതിർന്ന കാലം
തൂവാലയായി കിടക്കുന്നു

II
വരാനുള്ള മഹാവരൾച്ചയുടെ
പനിച്ചൂടിൽ കിടന്ന്
തൊണ്ട വറ്റിയ കിണറുകൾ
കണ്ണീരില്ലാതെ കരയുന്നു
III
നിൻ്റെ ഓർമ്മയിലെന്നും
എഴുന്നേൽക്കാനാവാതെ
പനിച്ചു കിടക്കുന്ന
രോഗിയാ കുന്നുഞാൻ
IV
പനി ഒരു കവിതയാണ്
കിടക്കയിൽ കിടന്ന്
ചൂടോടെ മാത്രമേ
അതു വായിക്കാൻ പറ്റൂ.
V
പനിയുടെ വാക്കുകളിൽ
ഒളിച്ചിരിക്കുന്ന അർത്ഥങ്ങൾ
പനിക്കിടക്കയിൽ എനിക്ക്
സ്വപ്നത്തിൻ്റെ ചിറകുകൾ തരുന്നു
-മുനീർ അഗ്രഗാമി

No comments:

Post a Comment