അതീതം

അതീതം
..............
കനാൽ തുറന്നു
അണകെട്ടിയവൻ്റെ നിയമങ്ങൾ
ഊരിക്കളഞ്ഞ്
സ്നേഹമൊഴുകിപ്പടർന്നു

തത്ത്വചിന്തകളും
ആദർശങ്ങളുമഴിച്ചു വെച്ച്
ഞങ്ങൾ
തീർത്തും ഭാരരഹിതരായി
തീർത്തും ലളിതമായി
സ്നേഹത്തിൽ
പുളിയിലകളായിഒഴുകി
തർക്കങ്ങളും സംഭാഷണങ്ങളും
മറന്ന്
മീനിനൊപ്പം ജലമെന്ന പോലെ
പലതുള്ളികളായ് മത്സരിച്ചു
പലരും കുടിച്ചു
ചിലർ വാനിലുയർന്നുയർന്നു പോയി
ചിലർ മണ്ണിലാഴ്ന്നാഴ്ന്നു പോയി
ചിലർ വേരുകളിലൂടെ
യാത്ര പോയി
നിയമങ്ങളറിയാതെ
നിരന്നും നിറഞ്ഞു മൊഴുകി
യാത്ര തുടർന്നു
വറ്റിപ്പോയ ഒരു ദേശംപിടിച്ചു വെച്ചു
അതിൻ്റെ നിയമങ്ങൾ
വലിയ തടാകത്തിൻ്റേണ്
നിറയെ പ്ലാസ്റ്റിക് നിറഞ്ഞത്.
ഒഴുക്കിൻ്റേതല്ല
ഞങ്ങളിൽ ഒന്നിനെ മറ്റൊന്ന്
പ്രവാസിയെന്നു വിളിച്ചു
മറ്റാരുമതു സമ്മതിച്ചില്ല
സംഭാഷണമുണ്ടായി
സംവാദമുണ്ടായി
ഊരിക്കളഞ്ഞതും
അഴിച്ചു വെച്ചതും തിരിച്ചു വന്നു
സൂര്യനെത്ര ശ്രമിച്ചിട്ടും
അഴുക്കു നിറഞ്ഞ തടാകം
വറ്റിയതേയില്ല
- മുനീർ അഗ്രഗാമി

No comments:

Post a Comment