കടലു കാണാൻ

കടലു കാണാൻ
...........................
കടലു കാണാൻ
ബാക്കിയായ ഒരൊറ്റക്കുന്ന്
കണ്ണയക്കുമ്പോൾ
കടലു കാണാൻ
കുന്നു കയറുന്നു വേനൽ
കടലു കാണാൻ പച്ചകൊറിച്ച്
തീതുപ്പി കൈവീശി നടക്കുന്നു വെയിൽ
കടലു കാണാൻ
തലയുയർത്തിയൊരു പാറ
കടലു കാണാൻ കിളികളുടെ കൊക്കിലേറിപ്പറക്കുന്ന കാരപ്പഴങ്ങൾ
കടലു കാണാൻ നിവർന്നു നിൽക്കാനാവാതെ
കുന്നിറങ്ങുമൊരരുവി
കടലു കാണാൻ
ഞങ്ങളും പോയി
ഞാവൽപ്പഴം തിന്നു
കാട്ടുപൂക്കൾക്കൊപ്പം കടലു കണ്ട്
കത്തുന്ന നട്ടുച്ചക്കടൽ ത്തിളക്കം കുടിച്ച്
തിരകളായ് തിരിച്ചിറങ്ങി
കടലു കാണാൻ പല വഴി പലരും പോയി
പച്ചിലപ്പടർപ്പായ് കരിമ്പാറകളിൽ
തളിർത്തു
ദൂരെ നിന്ന് കടൽ,
കണ്ണിൽ നോക്കി നിൽക്കെ
കാണാതായ കുന്നുകളെ ഓർത്തു
കരഞ്ഞു
നിശ്ശബ്ദമായ്
കടലു കാണാനിനി വരുന്നവരെ
പേടിക്കണം
പേടമാനായ് പേടിക്കണം
കുന്നിൻ്റെ പള്ളയിലെ
ലക്ഷം വീട് കോളനിയോട്
കാറ്റതു പറഞ്ഞു
കടലു കാണാൻ
കുന്നുകയറി.
- മുനീർ അഗ്രഗാമി

No comments:

Post a Comment