അശാന്തമായ കടലുകൾ

അശാന്തമായ കടലുകൾ
......................................
കുട്ടികൾ
പുതിയ സ്വപ്നം കാണുന്നു
അവർ പുതിയ ലോകത്താണ്
സഞ്ചരിക്കുന്നത്
നിങ്ങളവരെ പഴയ ലോകങ്ങളിലേക്ക്
നാടുകടത്തരുത്

സർവ്വകലാശാലകളും
പാഠശാലകളും അവർക്കു കടന്നു പോകാനുള്ള ആദ്യത്തെ വാതിൽ മാത്രമാണ്
നിങ്ങളുടെ ചിന്തകൾ കൊണ്ട്
അതു നിങ്ങൾ അടയ്ക്കരുത്
വെടിപ്പു കയുടേയും
ആർത്തനാദങ്ങളുടേയും അതിരുകളിൽ
അവരുടെ ലോകം അവസാനിക്കുന്നില്ല
നിങ്ങളുടെ സ്വസ്ഥത കൊണ്ട്
അവിടെ വൻമതിൽ കെട്ടരുത്
സംസാരിക്കുമ്പോൾ കുട്ടികൾ കടലുകളാണ്
നിങ്ങളുടെ ശാന്തി കൊണ്ട്
അവരെ കുളമാക്കി ചുരുക്കരുത്
നോട്ടം കൊണ്ട്
ചെറുതാക്കി , വറ്റിച്ചു കളയരുത്
കുട്ടികളെന്നാൽ
വെറും കുട്ടികളല്ല
മുതിർന്നവരുടെ ലോകം പൊളിച്ചുപണിയേണ്ട
കൈകളാണ്
നിങ്ങളുടെ ഭീരുത്വം കൊണ്ട്
നിങ്ങളത് വെട്ടിക്കളയരുത്.
കുട്ടികൾ സ്വതന്ത്രമായ അവരുടെ രാജ്യം
കൊണ്ടു നടക്കുന്നവരാണ്
സ്മൃതി കൊണ്ടും മൃതികൊണ്ടും
നിങ്ങളവരെ തടവിലിടരുത്
- മുനീർ അഗ്രഗാമി

No comments:

Post a Comment