നിശ്ശബ്ദനദി

നിശ്ശബ്ദനദി
.........................
നിശ്ശബ്ദത ഒരു നദിയാണ്
തെളിഞ്ഞ ജലമുള്ളത്
ശാന്തമായി ഒഴുകുന്നത്
നീയതിലേക്ക്
ഒരു മഞ്ചാടിയിടുന്നു
ഒരു കുന്നിക്കുരു ഇടുന്നു
വാക്കുകൾ കൊണ്ട്.
നേർത്ത ഓളങ്ങൾ
നിന്നെ കെട്ടിപ്പിടിക്കുന്നു
ചെറിയ ശബ്ദങ്ങൾ
നിന്നെ ചുംബിക്കുന്നു
അതിൻ്റെ ലഹരിയിൽ
നീയതിലേക്ക് ചാടുന്നു
മുങ്ങി നിവരുന്നു
അന്നോളം നനയാത്ത നനവിൽ
കുളിക്കുന്നു
ഒരിലയിൽ ഞാനൊഴുകി വരുന്നു
മാറ്റാരെ പോലെയുമല്ലാതെ
എന്നെ പോലെ ഒഴുകി വരുന്നു
പ്രിയമുള്ള കുഞ്ഞു വാക്കു കൊണ്ട്
നീയെന്നെയെടുക്കുന്നു
മാറോടു ചേർക്കുന്നു
നദി അപ്രത്യക്ഷമാകുന്നു
നദി കുടിച്ചു വളർന്ന ഒരു തോട്ടം
ബാക്കിയാവുന്നു
നീ മഞ്ചാടിമരം
ഞാനതിൽ ചുറ്റിപ്പടരുന്ന
കുന്നി വള്ളി.
ഇളങ്കാറ്റു വരുമ്പോൾ
ഇലകൾ തമ്മിൽ
ആ കഥ പറയും
നിശ്ശബ്ദത ഒരു നദിയാണ്
ശാന്തമായി ...
പ്രണയമതു കേട്ടു നിൽക്കും
അപ്പോൾ നിശ്ശബ്ദത ഒരു നദിയാകും
നീയൊരു മഞ്ചാടിമണിയെറിയും
ഞാനൊരു കുന്നിക്കുരുവും.
- മുനീർ അഗ്രഗാമി

No comments:

Post a Comment