ഉറവ

ഉറവ
.........
ഇടവഴിയിലൂടെ
തിരക്കിട്ട് പാടത്തേക്ക്
ഓടിപ്പോയ ഉറവു വെള്ളം
ഞാനാണ്

അമ്മജലാശയത്തിൽ
മീനുകളുടെ നീന്തൽ മത്സരം
ചാറ്റൽ മഴക്കൊപ്പം
ഞാനും കൂട്ടുകാരുമതു കണ്ടു നിന്നു
മുട്ടോളം വെള്ളത്തിൽ നിന്ന്
നെൽച്ചെടികൾ പച്ചക്കൈകൾ വീശി
കളിക്കുവാൻ വിളിക്കുന്നു
പോയില്ല
അറ്റമില്ലാത്ത പാടത്ത്
മഴത്തുള്ളിയായലഞ്ഞു
കുളക്കോഴി വന്നു
അതിൻ്റെ പിന്നാലെ നടന്നു
കൈതക്കാട്ടിലെത്തി
കാഴ്ച കണ്ട് പൂവിട്ടു നിന്നു പോയ്
സന്ധ്യയുമന്തിച്ചോപ്പും തിരഞ്ഞു വന്നു
കള്ളക്കാറ്റിനൊപ്പം
വിറച്ചു നിൽക്കും
കുഞ്ഞാസ്വാദകനെ
കണ്ടു പിടിച്ചു,
കാട്ടുപൊന്തകൾ ചിരിച്ചു
പാട വക്കിലെ പുല്ലാഞ്ഞിപ്പൂവുകൾ
നാളെ കാണാമെന്നു പറഞ്ഞു.
അമ്മയെ പോലെ
കണ്ണു നിറഞ്ഞ്
വലിയൊരു പേമാരി വന്നു
ചെവി പിടിച്ചു
പുറത്തും കാലിലുമടിച്ചു;
വീട്ടിലേക്കോടി
ഇരുളു പോലെയച്ഛൻ
ആടിയാടി പിന്നാലെ
വരമ്പു ചവിട്ടി കടന്നു വന്നു,
രാത്രിയായി
കുത്തൊഴുക്കിൽ
ഉറവു വെള്ളം കലങ്ങി
പേമാരിയിൽലയിച്ചു
ആ ഉറവു വെള്ളം ഞാനാണ്
മിന്നാമിനുങ്ങേ നോക്കൂ
എൻ്റെ കണ്ണിലതിൻ
കലങ്ങൽ കാണാം.
- മുനീർ അഗ്രഗാമി

No comments:

Post a Comment