ആഗസ്ത്‌ ആറ്

ആഗസ്ത്‌ ആറ്
...............................
ബോംബു വീണു തകർന്നു തരിപ്പണമായ
ഒരു ദിവസത്തിൻ്റെ
ഓർമ്മ ദിവസമായിരുന്നു ഇന്ന്
ഞാനും കുറേ പേടികളും
വേദനയും
കൂടങ്കുളത്തു നിന്നും വന്ന
കടൽക്കാറ്റും
ആ ദിവസത്തിൻ്റെ കല്ലറ കാണാൻ പോയി
ലോകത്തിൻ്റെ മനസ്സോളം
വലുതായിരുന്നു ആ കല്ലറ
എന്നാൽ ഒരു വെള്ളരിപ്രാവിനേക്കാൾ
പൊക്കമില്ലാത്തത്
അതിനുള്ളിൽ ആഗ്രഹങ്ങൾ തീരാത്ത
ഒരു തലമുറയുടെ സ്വപ്നങ്ങൾ
അടക്കം ചെയ്തിരിക്കുന്നു
ചെന്നു നോക്കുമ്പോൾ
മറ്റൊരു ദിനം കൗശലക്കാരനായ മനുഷ്യനെ പോലെ
ആ കല്ലറ പൊളിച്ചുനീക്കുകയാണ്
സമാധനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ
ഞങ്ങൾക്കു മുന്നേ വന്ന ബുദ്ധൻ
അരുതേ എന്നു പറഞ്ഞിട്ടും
ആ ദിവസം പൊളിച്ചു കൊണ്ടിരുന്നു
വേരുകളില്ലാത്ത ഒരു തലമുറയെ
വളർത്തണമെങ്കിൽ
ആദ്യം ശ്മശാനങ്ങൾ തകർത്തു കളയണമെന്ന്
അതിനറിയാം
ഓർമ്മകളുടെ എല്ലാ മൂർത്തികളേയും
പൊടിച്ചു കളയണമെന്നതിനറിയാം
ഞങ്ങൾ അടുത്തെത്തിയപ്പോൾ
അത് അദ്ഭുതപ്പെട്ടു
അതു പറഞ്ഞു:
വൗ ! എന്തു നല്ല കൂട്ടുകാർ
സങ്കടങ്ങളിലും ഒരുമിച്ച് വന്നിരിക്കുന്നു
മിടുക്കൻമാർ
ഇനി നിങ്ങൾ നിങ്ങളുടെ
സൗഹൃദമാഘോഷിക്കുക
ആനന്ദിക്കുക
ഞാനിതൊന്നു പൊളിച്ചു തീരട്ടെ!
വെളുത്ത മുഖമായിരുന്നു അതിനു്.
ഒരു ദിനം മറ്റൊരു ദിനത്തെ
ഇത്ര ഭീകരമായി തകർത്തു കളയുമോ ?
ഞാൻ ചോദിച്ചു
ഉത്തരമുണ്ടായില്ല
ഉണ്ടായില്ല
കറുത്ത ചോദ്യത്തിന്
അല്ല മഞ്ഞ ചോദ്യത്തിന്
വെളുത്ത ഉത്തരമുണ്ടാവാറില്ല
- മുനീർ അഗ്രഗാമി

No comments:

Post a Comment