നഗരം

നഗരം
............
നഗരത്തിൻ്റെ മതിലിൽ
ഒരു പെൺകിളി വന്നിരുന്നു
ഭംഗിയേറിയ മതിലിൽ
ഇളകുന്ന പാടുപോലെയിരുന്നു

മതിലിൻ്റെ ഉടമ വന്നു
മാറാൻ പറഞ്ഞു
ചുറ്റിപ്പറക്കാൻ ഒരു മരം തരുമോ?
ചിറകൊതുക്കാൻ ഒരു ശിഖരം തരുമോ ?
ഒരില തരുമോ ?
നഗരത്തിരക്കിൻ്റെ വേഗത്തോടു ചോദിച്ചു
ഒഴുകുന്ന വാഹനങ്ങളുടെ കണ്ണുനിറഞ്ഞില്ല
വീഴുന്ന ചപ്പുചവറുകളുടെ മുഖം വിളറിയില്ല
അലങ്കരിക്കപ്പെട്ട ഒരു പശു
ആരവങ്ങളാൽ നയിക്കപ്പെട്ട്
അതിലെ നടന്നു പോയി
കൊടി കൊണ്ടു മൂടിയ ശവമഞ്ചം
കടന്നു പോയി
മരം പോലെ ഉയർന്ന
ഫ്ലാറ്റിലെ ജനലിലൂടെ
കുറെ കൊമ്പുകൾ നീണ്ടു വന്നു
കിളിയതിലിരുന്നില്ല
അതാരുടേതാണ് ?
പെട്ടെന്ന്
കുറെ ഇലകൾ പറന്നു വന്നു
കാളിയതു തൊട്ടില്ല
അതാരയച്ചതാണ് ?
ആ കിളിയുടെ വലത്തേ ചിറകിൽ
എനിക്കു പരിചയമുള്ള
ഒരു തൂവലുണ്ട്
കുട്ടിക്കാലത്ത് ഇലഞ്ഞി മരച്ചുവട്ടിൽ നിന്ന്
ഞാനതു കണ്ടിട്ടുണ്ട്
ആറാം നിലയിലെ
എൻ്റെ ഫ്ലാറ്റിലെ ചുമരിൽ
ഒരു പടുമാവിൻ്റെ ചിത്രമുണ്ട്
അതിൻ്റെ കൊമ്പുകളിളകുന്നതായ് തോന്നി
മടിച്ചില്ല
ആ ഇളക്കമെടുത്ത്
കിളിക്ക് കൊടുത്തു
- മുനീർ അഗ്രഗാമി

No comments:

Post a Comment