ഇന്നലത്തെ മഴ
...........................
അഗ്നിയും നീ തന്നെ
ജലവും നീ തന്നെ
ആളലും നീ തന്നെ
ശമനവും നീ തന്നെ

ഞാനാളുമ്പോൾ
നിൻ്റെ ജ്വാലകൾ
ഞാനാഴുമ്പോൾ
നിൻ്റെ ചുഴികൾ
ഇന്നലെ പെയ്ത മഴ
രാത്രിയെ നന്നായി കഴുകി
നിനക്കു തന്നു
കത്തിച്ചു വെച്ച മെഴുകു തിരിനാളം
എനിക്കൊപ്പം ആ മഴ കാണുമ്പോൾ
ഹൃദയം കഴുകുമ്പോലെയുള്ള
ആ കഴുകൽ കണാൻ
ഞാനും നീയും അടുത്തിരുന്നു
മഴയുടെ ശബ്ദത്തിൽ
മെഴുകുതിരിയുടെ
മഞ്ഞ വെളിച്ചം
കറുത്ത തടാകത്തിൽ
വിരിഞ്ഞ ആമ്പലായി
കാറ്റിലിളകുമ്പോൾ
അതിൻ്റെ ശോഭ
ഞാനും നീയമിറുത്തു വെച്ചു
അതൊരിക്കലും വാടില്ല
കൊടുംവേനലിൽ
നീയാളുമ്പോൾ
ഞാനുരുകുമ്പോൾ
ഒരോർമ്മയ്ക്കൊപ്പം
നമുക്കതെടുത്തു നോക്കണം
ആ മങ്ങിയ വെളിച്ചത്തിൻ്റെ
കണ്ണിലേക്കു നോക്കണം
ആരുടെ കണ്ണിൽ നിന്നാണന്നേരം
ആദ്യം മഴ പെയ്യുക?
ഇന്നലത്തെ മഴ പോലെ .
-മുനീർ അഗ്രഗാമി

No comments:

Post a Comment