ആനന്ദത്തിൻ്റെ വേരുകൾ

ആനന്ദത്തിൻ്റെ വേരുകൾ
............................................
അമ്മയിലാണ്
ആനന്ദത്തിൻ്റെ വേരുകൾ
തൊട്ടിലിൽ
ആഹ്ലാദത്തിൻ്റെ
ഇലകളാടുമ്പോൾ
ആനന്ദത്തിൻ്റെ വേരുകൾ
ഹൃദയത്തിലെത്തി
ജലം ശേഖരിക്കുന്നു
പാലൂട്ടുമ്പോൾ
മനസ്സിലൂടെ
അവയുലാത്തുന്നു
കവിളിൽ പുഞ്ചിരിയുടെ
ഒരിതൾ വീഴുന്നു
വസന്തകാലം
അമ്മയിലെത്തി കുയിലിനെ പോലെ
കുറച്ചു നേരമിരിക്കുന്നു
താരാട്ടു പാടുന്നു
ഒരു കുഞ്ഞരിപ്പൂവ്
കമഴ്ന്നു വീഴുന്നു
ഒരു കുഞ്ഞു ശലഭം
മുട്ടിലിഴയുന്നു
ഒരു കുഞ്ഞരുവി
തുമ്പച്ചിരിയുമായ്
ഓടിപ്പോകുന്നു
ഒരു കുഞ്ഞുമഴത്തുള്ളി
വള്ളിപ്പടർപ്പിൽ
ഊഞ്ഞാലാടുന്നു
അമ്മയിലാണ്
വസന്തത്തിൻ്റെ വേരുകൾ
പൂക്കൾക്കു വേണ്ടി
അവസഞ്ചരിക്കാത്ത
ആഴങ്ങളില്ല
അവ നനയാത്ത
ആർദ്രതകളില്ല
കരിഞ്ഞുണങ്ങുമ്പോഴും
ആ വസന്തത്തിലൂടെ
കടന്നു വന്ന ഏതിലയും
അതിനു സാക്ഷി പറയും.
- മുനീർ അഗ്രഗാമി

No comments:

Post a Comment