നിറരഹസ്യം

നിറരഹസ്യം
......................
രാത്രിയിൽ നിന്നും
ഒരു തുള്ളിയെടുത്തു
പകലിൽ നിന്നും
നിനക്കിഷ്ടമുള്ള
നിറത്തിൻ്റെ ഒരു തുള്ളിയുമെടുത്തു

നീ പകൽ
ഞാൻ രാത്രി
എത്രയോ കാലം
അടുത്തുണ്ടായിരിന്നിട്ടും
തമ്മിൽ കാണാത്തവർ
തൊട്ടിരുന്നിട്ടും
തമ്മിലറിയാത്തവർ
വിരലുകോർക്കുമ്പോലെ
രണ്ടു തുള്ളികളും ചേർത്തു
എൻ്റെ കറുപ്പു തുളളിയും
നിൻ്റെ വെളുപ്പു തുള്ളിയും
ഒരേ നീതി
ഒരേ നിയമം
ഒരേ കാലം എന്നു പറഞ്ഞ്
നാം ലിംഗസമത്വത്തെ കുറിച്ച്
സംസാരിച്ചു
പറഞ്ഞു കൊണ്ടിരിക്കെ
രണ്ടു തുള്ളികളും
തമ്മിൽ ചേർന്ന്
പ്രണയത്തിൻ്റെ ഓളങ്ങളുണ്ടാക്കി
നോക്കൂ
എൻ്റെ കറുപ്പിൽ
നിൻ്റെ വെളുപ്പ് ലയിച്ചിരിക്കുന്നു
ഇപ്പോൾ
കറുപ്പേ കാണുന്നുള്ളൂ
ഇത്തിരി നേർത്താണെന്നു മാത്രം
സമമായെടുത്ത
സമത്വമെങ്ങനെ
ഇത്ര കറുത്തു പോയ്
പ്രണയത്തിൽ !
ഞാൻ ആശ്ചര്യപ്പെട്ടു
നീ ചിരിച്ചു
എൻ്റെ കറുപ്പിനുള്ളിലിരുന്ന്.
- മുനീർ അഗ്രഗാമി

No comments:

Post a Comment