കണ്ണീർ ബുദ്ധൻ

കണ്ണീർ ബുദ്ധൻ
................................
ഞാൻ അഭയാർത്ഥി
നീയെന്നെ തിരിച്ചറിയില്ല
ഏറ്റ പീഡയാൽ
രൂപം മാറിയിരിക്കുന്നു

ബുദ്ധനെന്ന്
പേര് പറഞ്ഞാലറിയും
പക്ഷേ ആ പേര്
അപഹരിക്കപ്പെട്ടിരിക്കുന്നു
ബൂട്ടിട്ട കാലുകൊണ്ട്
ചവിട്ടിക്കുഴച്ച മണ്ണു കൊണ്ട്
ഉണ്ടാക്കിയ പ്രതിമയ്ക്ക്
ആ പേരിട്ടിരിക്കുന്നു
ഉളി കൊണ്ടു മുറിവേൽപ്പിച്ച ശിലയ്ക്ക്
ആ പേരിട്ടിരിക്കുന്നു
എൻ്റെ രൂപവും ഭാവവും
കവർച്ച ചെയ്യപ്പെട്ടിരിക്കുന്നു
നോക്കൂ
കയ്യിൽ തോക്കുള്ളവന് എൻ്റെ മുഖം
കരളിൽ പകയുള്ളവന്
എൻ്റെ ഭാവം
കൊട്ടാരമുപേക്ഷിക്കാത്തവരുടെ
ചുണ്ടിലും കോമ്പല്ലുകളിലും
മുറിവേറ്റു പിടയുന്ന
എൻ്റെ മൊഴി .
ഭിക്ഷ യാചിച്ചു നടന്നു തളർന്നു
ആരുമൊന്നും തന്നില്ല
കല്ലേറു കൊണ്ടു
കാറ്റിലും മഴയിലും കടലു കടന്നു
ബോധി വൃക്ഷങ്ങൾ വെട്ടിമാറ്റിയ
ഈ കര ആരുടേതാണ് ?
നമ്മുടേതല്ല,
ആട്ടിൻകുട്ടി പറഞ്ഞു
തുടച്ചു മാറ്റിയ കണ്ണീരെല്ലാം
തിരിച്ചു വന്നു വിതുമ്പുന്നു
നീയെങ്കിലും എന്നെ
തിരിച്ചറിഞ്ഞല്ലോ ! ഭാഗ്യം.
ബുദ്ധൻ ആട്ടിൻകുട്ടിയെ
കെട്ടിപ്പിടിച്ച് കരഞ്ഞു.
- മുനീർ അഗ്രഗാമി

No comments:

Post a Comment