സ്വപ്നങ്ങളുടെ ഇൻസ്റ്റലേഷനാണ് രാത്രി

സ്വപ്നങ്ങളുടെ
ഇൻസ്റ്റലേഷനാണ് രാത്രി
ഉറങ്ങുന്നവരുടേയും
ഉണർന്നിരിക്കുന്നവരുടേയും
സ്വപ്നങ്ങൾ
ഇരുട്ടിലും വെളിച്ചത്തിലും കോർത്ത്
തൂക്കിയിട്ടിരിക്കുന്നു
കയറില്ലാതെ.

സ്വപ്നങ്ങൾ കൊണ്ട്
വെളുപ്പിച്ച
പഴയ കറുപ്പു തന്നെയാണ്
ഇപ്പോഴും രാത്രി
എത്ര വെളുപ്പിച്ചാലും
വെളുപ്പെല്ലാം തിന്നുന്ന കറുപ്പ് .
കൊഴിഞ്ഞു വീഴുന്ന
സ്വപ്നങ്ങളുടെ വേനലിൽ
രാത്രി നനഞ്ഞു കുതിരുന്നു
രാത്രി
ഇപ്പോൾ പെൺമുഖമുള്ള
ഒരു കുതിരയാണ്
നിശാഗന്ധി പോലെ
വിടരുന്ന സ്വപ്നങ്ങൾ
എടുത്തു വച്ച തോട്ടത്തിലേക്ക് നോക്കൂ ,
പ്രണയ ലേഖനങ്ങളാണ്
ഓരോ ഇലകളിലും
പച്ച കാണാത്ത രീതിയിൽ
കറുപ്പു കൊണ്ട്‌ അതെഴുതിയിരിക്കുന്നു
ഒരു വെളിച്ചത്തിനും
അതു വായിക്കുവാനാവില്ല
വെളിച്ചം കാണാത്ത സ്വപനങ്ങളുടെ
ആത്മാവാണ് അതിലെ
വാക്കുകളുടെ ജീവൻ
അർദ്ധരാത്രിയിൽ
പെയ്യുന്ന മഴയിൽ
ഒഴുക്കിവിട്ട സ്വപ്നങ്ങൾ നോക്കൂ
അവ ചിറകറ്റു പോയ
നിലവിളികളാണ്
അതിൻ്റെ ഉടലിൽ ചില വിരലടയാളങ്ങളുണ്ട്
കറുപ്പതു മൂടി വെച്ചിരിക്കുന്നു
മിന്നലിൽ നഗ്നമാമുമ്പോൾ
അതു തെളിയും
ഒരാൾക്ക് ഒറ്റ നോട്ടത്തിൽ കാണുവാൻ മാത്രം
ഓരോരുത്തരും ഓരോ കലാകാരനാണ്
സ്വപ്നങ്ങൾ അടുക്കിയും അഴിച്ചും
രാത്രിയുടെ കറുപ്പിൽ
നിരത്തുമ്പോൾ
അവരുടെ ഭാവന
മാറ്റിപ്പണിയുന്ന ഇരുട്ട് അവരെ വിഴുങ്ങുന്നു
വെളിച്ചം സത്യമല്ല
ഇരുട്ടിലതു കെട്ടുപോകാം
അതുകൊണ്ടാണ്
സ്വപ്നങ്ങൾ കൊണ്ട് ഒരാൾ
രാത്രിയുണ്ടാക്കുന്നത്.
രാജ്യവും അതിരുകളും
രാത്രി മറികടക്കുന്നു
രാത്രി ഇപ്പോൾ
സ്വപ്നങ്ങളുടെ കുളമ്പുള്ള
മറ്റൊരു പെൺകുതിര.
- മുനീർ അഗ്രഗാമി

No comments:

Post a Comment