നമ്മുടെ കിളി

എങ്ങോട്ടാണ്
നമ്മുടെ കിളി
പറന്നു പോയത് ?
ഞാനും കുഞ്ഞുമോളും
കുഞ്ഞു കാറ്റും കടലും
കാറ്റാടിയും
മിണ്ടി മിണ്ടിയിരിക്കുമ്പോൾ
ഒരു ചോദ്യം ചിറകടിക്കുന്നു

ദൂരെയൊരു നെന്മണി മുത്ത്
മൂത്തു വിളഞ്ഞതിനെ
കാത്തിരിക്കുന്നുണ്ടാവണം
അകലെയൊരുകുഞ്ഞു കിളിച്ചുണ്ട്
അതിനെയോർത്ത്
വിടരുന്നുണ്ടാവണം
ദൂരെയേതോ മരക്കൊമ്പിൻ ഹൃദയം
അതിനെ കാത്തു കാത്ത്
മിടിക്കുന്നുണ്ടാവണം
ഞാനും കുഞ്ഞുമോളും
തിരകളുമിളം വെയിലും
നോക്കി നോക്കി സ്വന്തമാക്കിയ
നമ്മുടെ കിളിയെങ്ങു പോയ്?
ചോദ്യമുണ്ടു കുഞ്ഞു കണ്ണുകളിൽ
തിരകളിൽ
സായന്തനച്ചോപ്പിൽ
ചക്രവാളത്തിൻ കവിളിൽ.
അടുത്തെവിടെയോ നിന്നൊരു
നിന്നൊരു കളിത്തോക്കിലെ
ഉണ്ടയതു കണ്ടിട്ടുണ്ടാവണം
മണൽത്തരികളിൽ മറഞ്ഞിരിക്കുന്ന
കൂരമ്പുകളതിനെ നോക്കിയിട്ടുണ്ടാവണം
അല്ലെങ്കിലാരുടേയോ
നോട്ടത്തിൽ നിന്നൊരു തീപ്പൊരിയതിൽ
കുഞ്ഞു ചിറകിൽ വീണിരിക്കാം
എവിടെയാണ്
നമ്മുടെ കിളി പറന്നൊളിച്ചത് ?
സ്വസ്ഥമായ് എവിടെയെങ്കിലുമതു
പോയിരിക്കട്ടെ
നമ്മെ കാണുവാൻ
വീണ്ടും വീണ്ടും പറന്നെത്തുവാൻ !
- മുനീർ അഗ്രഗാമി

No comments:

Post a Comment